മൂന്നാർ ;വട്ടവടയിലെ മോഡൽ വില്ലേജിന്റെ നിർമാണത്തിലെ വീഴ്ചകൾ പരിശോധിക്കാൻ നിയമസഭ ലോക്കൽ ഫണ്ട് അക്കൗണ്ട്സ് സമിതി വട്ടവടയിൽ പരിശോധനയും സർവകക്ഷി യോഗവും നടത്തി.
ടി.പി.രാമകൃഷ്ണന്റെ നേതൃത്വത്തിൽ എൽദോസ് കുന്നപ്പള്ളി, എ.സി.മൊയ്തീൻ, കെ.പി.കുഞ്ഞഹമ്മദ് കുട്ടി, ടി.ഐ.മധുസൂദനൻ എന്നീ എംഎൽഎമാരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. ഇന്നലെ രാവിലെ വട്ടവട പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ എ.രാജാ എംഎൽഎ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. അഞ്ചു വർഷം മുൻപ് സംസ്ഥാനത്തെ പൈലറ്റ് പദ്ധതിയായി ആരംഭിച്ച മോഡൽ വില്ലേജിന്റെ നിർമാണ പ്രവർത്തനങ്ങൾ 70 ലക്ഷം രൂപ ചെലവിട്ട് തുടങ്ങിയെങ്കിലും തുടർനടപടികളുണ്ടാകാതെ ഉപേക്ഷിക്കുകയായിരുന്നു.സംസ്ഥാന ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തുകയും തുടർ നടപടികൾക്കായി റിപ്പോർട്ട് നിയമസഭ സമിതിക്ക് കൈമാറുകയും ചെയ്തിരുന്നു. തുടർന്നാണ് സമിതി വട്ടവടയിലെത്തിയത്.വില്ലേജ് നിർമിക്കാൻ തീരുമാനിച്ചിരുന്ന പഴത്തോട്ടത്തെ സ്ഥലവും സന്ദർശിച്ച ശേഷമാണ് സമിതിയംഗങ്ങൾ മടങ്ങിയത്. മോഡൽ വില്ലേജ് പ്രശ്നം, വട്ടവടയിലെ റോഡ് വികസനം ഉൾപ്പെടെയുള്ള പൊതു പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് സമിതി ചെയർമാൻ ടി.പി.രാമകൃഷ്ണൻ പറഞ്ഞു.
പാളിയ മോഡൽ വില്ലേജ് 6 വർഷം മുൻപ് വട്ടവടയിൽ സംസ്ഥാനത്തെ ആദ്യ മോഡൽ വില്ലേജിന്റെ നിർമാണമാരംഭിച്ചു. 2018 ജൂലൈ 8ന് പട്ടികവർഗ വകുപ്പ് മന്ത്രിയായിരുന്ന എ.കെ.ബാലൻ ശിലാസ്ഥാപനം നടത്തി. ഒരു വർഷത്തിനകം നിർമാണം പൂർത്തീകരിക്കുമെന്ന് പ്രഖ്യാപനം. എന്നാൽ 70 ലക്ഷം രൂപ മുടക്കി മലഞ്ചെരുവിലുള്ള തട്ടുകളായുള്ള ഭൂമിയിൽ കോൺക്രീറ്റ് സംരക്ഷണ ഭിത്തികളുടെ നിർമാണം നടത്തിയ ശേഷം പദ്ധതി ഉപേക്ഷിച്ചു. വട്ടവട - പഴത്തോട്ടം റോഡിലാണ് 12 കോടി രൂപ ചെലവിൽ വട്ടവടയിലെ പിന്നാക്ക വിഭാഗത്തിൽപെട്ടവരുടെ ജീവിത നിലവാരമുയർത്തുക എന്ന ലക്ഷ്യത്തോടെ ഒരു ഗ്രാമം പുതുതായി നിർമിച്ചെടുക്കുകയാണ് മോഡൽ വില്ലേജിലൂടെ ലക്ഷ്യമിട്ടത്.
പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ടേക്കർ സ്ഥലത്തായിരുന്നു പദ്ധതി. 27 ഹൗസിങ് കോംപ്ലക്സുകളിലായി 108 കുടുംബങ്ങൾക്കുളള വാസസ്ഥലം, വായനശാല, മുതിർന്ന പൗരന്മാർക്കുള്ള ഡേ ഷെൽറ്റർ ഹോം, അങ്കണവാടി, ഷോപ്പിങ് മാൾ, കുട്ടികൾക്കുള്ള കളിസ്ഥലം, പൂന്തോട്ടം, കമ്യൂണിറ്റി ഹാൾ, ലൈബ്രറി, 8 പൊതു ശുചിമുറികൾ എന്നിവയായിരുന്നു മോഡൽ വില്ലേജിലുണ്ടായിരുന്നത്. 108 വീടുകൾക്കായി പട്ടികജാതി വികസന വകുപ്പ് അനുവദിച്ച 3.24 കോടി രൂപ തിരിച്ചടയ്ക്കാൻ പഞ്ചായത്ത് സെക്രട്ടറിയോട് വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.പരിസ്ഥിതി ദുർബല പ്രദേശത്ത് മോഡൽ വില്ലേജ് സ്ഥാപിക്കുന്നതിനെതിരെ ആദ്യം മുതൽ തന്നെ പഞ്ചായത്ത് പ്രതിപക്ഷ കക്ഷികൾ ഉൾപ്പെടെയുള്ളവരും പരിസ്ഥിതി പ്രവർത്തകരും എതിർപ്പുകളുമായി രംഗത്തെത്തിയിരുന്നു. കുത്തനെയുള്ള പ്രദേശത്ത് വീടുകൾ നിർമിച്ചാൽ ഭാവിയിൽ അപകടസാധ്യത കൂടുതലാണെന്ന കാരണത്താലാണ് പദ്ധതിക്കെതിരെ ഒരു വിഭാഗം രംഗത്തെത്തിയത്.
പഞ്ചായത്തിൽ പദ്ധതി സ്ഥാപിക്കാനായി മെച്ചപ്പെട്ട സ്ഥലങ്ങൾ നിരവധി ഉണ്ടെന്നിരിക്കെ ചില രാഷ്ട്രീയ നേതാക്കളുടെ പിടിവാശി മൂലമാണ് അപകട സാധ്യതയുള്ള മലഞ്ചെരുവിൽ മോഡൽ വില്ലേജ് സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചതെന്നായിരുന്നു നാട്ടുകാരുടെ ആരോപണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.