തൊടുപുഴ: ബി.ജെ.പി. സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് താഴെത്തട്ടില്‍ തുടക്കംകുറിച്ചിരിക്കേ പുതിയ സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കുന്നതിന് അനൗപചാരിക ചര്‍ച്ചകളും സമവായസാധ്യതതേടലും തുടങ്ങി. ബൂത്തുതലത്തിലുള്ള തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. അതിനുശേഷം മണ്ഡലം, ജില്ല പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി സംസ്ഥാന അധ്യക്ഷന്റെ തിരഞ്ഞെടുപ്പിലേക്ക് എത്താന്‍ ജനുവരി അവസാനമാകും.
ഫെബ്രുവരിയോടെ മാത്രമേ പുതിയ സംസ്ഥാന അധ്യക്ഷന്‍ ചുമതലയേല്‍ക്കൂ.തിരഞ്ഞെടുപ്പെന്ന് പറയുന്നുണ്ടെങ്കിലും എല്ലാ തലത്തിലും സമവായത്തിന്റെ അടിസ്ഥാനത്തില്‍ നേതൃത്വം പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ചേക്കും. സംസ്ഥാനത്ത് നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ എം.ടി.രമേശിന് അനുകൂലമായി സമവായം ഉണ്ടാകാനുള്ള സാധ്യതയാണുള്ളത്. അതേസമയം പാര്‍ട്ടി ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്റെ പേരും പരിഗണനയില്‍ വരുമെന്നാണ് സൂചനകള്‍.രമേശിന് അനുകൂലമായി അന്തിമഘട്ടത്തില്‍ അഭിപ്രായ ഐക്യം ഉണ്ടായില്ലെങ്കില്‍ ശോഭാ സുരേന്ദ്രന്റെ പേര് ഉയര്‍ന്നുവരാം. ദീര്‍ഘകാലത്തെ പ്രവര്‍ത്തന പാരമ്പര്യവും സംഘടനാപാടവവും എം.ടി.രമേശിന് അനുകൂലമായ ഘടകങ്ങളാണ്. മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും പാര്‍ട്ടിയുടെ വോട്ട് വിഹിതം ഉയര്‍ത്തിയത് ശോഭാ സുരേന്ദ്രന് തുണയായേക്കാം.
മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന് ഇപ്പോള്‍ത്തന്നെ ദേശീയ നേതൃത്വത്തിന്റെ ഭാഗമാണ്. അദ്ദേഹത്തിന് ദേശീയതലത്തില്‍ പ്രധാന സംഘടനാപദവികള്‍ ലഭിച്ചേക്കും. സംസ്ഥാന അധ്യക്ഷപദവി ലക്ഷ്യമാക്കി പാര്‍ട്ടിയില്‍ ചരടുവലികള്‍ ഉണ്ട്. പല ഗ്രൂപ്പുകളിലായി നിലയുറപ്പിച്ചിരിക്കുന്ന ചില നേതാക്കള്‍ അധ്യക്ഷപദവിക്കായി രംഗത്തുണ്ട്.
സാധ്യതയുള്ള പലര്‍ക്കുമെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നതിന്റെയും പഴയ ആരോപണങ്ങള്‍ പൊടിതട്ടിയെടുക്കുന്നതിന്റെയും പിന്നില്‍ വ്യക്തിതാത്പര്യങ്ങളും ഗ്രൂപ്പ് താത്പര്യങ്ങളുമാണെന്ന് നിഷ്പക്ഷമതികളായ നേതാക്കള്‍ പറയുന്നു. സംസ്ഥാന അധ്യക്ഷന്‍ ആരാകണം എന്നതില്‍ ദേശീയ നേതൃത്വമാണ് തീരുമാനം എടുക്കുക.സംസ്ഥാന നേതാക്കളുമായി നടത്തുന്ന സമവായ ചര്‍ച്ചകളുടേയും ദേശീയ നേതൃത്വം സ്വീകരിക്കുന്ന മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തിലാകും ഇത്. ആര് അധ്യക്ഷനാകുന്നതാകും അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ ഗുണകരമാകുക എന്നത് സംബന്ധിച്ച് ദേശീയ നേതൃത്വം അവരുടേതായ വിവരശേഖരണവും വിലയിരുത്തലും നടത്തുന്നുണ്ട്. കേരളത്തിലെ ആര്.എസ്.എസ്. നേതൃത്വവുമായും ഇക്കാര്യത്തില്‍ ആശയവിനിമയം ഉണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.