തിരുവനന്തപുരം: പ്രതിസന്ധിയില്‍ നിന്ന് പ്രതിസന്ധിയിലേക്ക് വീണുകൊണ്ടിരിക്കുന്ന കെ.എസ്.ആർ.ടി.സി അതീജിവനത്തിനായി ഹോട്ടല്‍ നിർമ്മാണത്തിലേക്ക്.
പഞ്ചനക്ഷത്ര ഹോട്ടല്‍ മാത്രമല്ല കോർപ്പറേഷൻെറ ഒഴിഞ്ഞു കിടക്കുന്ന ഭൂമിയില്‍ റിസോർട്ടും നിർമ്മിക്കാനാണ് കെ.എസ്.ആർ.ടി.സിയുടെ പദ്ധതി.വിനോദ സഞ്ചാരമേഖലയായ മൂന്നാറിലും കായല്‍ ടൂറിസം മേഖലയായ കൊല്ലത്തും കടലും കായലും ചേരുന്ന തിരുവനന്തപുരത്തെ പൂവാറിലും ഉള്‍പ്പെടെ 5 കേന്ദ്രങ്ങളിലാണ് ഹോട്ടലും റിസോർട്ടും പണിയുന്നത്. കെ.എസ്.ആർ.ടി.സിയെ എങ്ങനെയും ലാഭത്തിലാക്കിയേ അടങ്ങുവെന്ന ദൃഢനിശ്ചയത്തിലുളള മന്ത്രി കെ.ബി.ഗണേഷ് കുമാറിൻെറ ഭാവനയില്‍ വിരിഞ്ഞതാണ് ഹോട്ടല്‍ റിസോർട്ട് പദ്ധതികള്‍.
ആനവണ്ടി ഓടിച്ച് നഷ്ടത്തിലാക്കി പരിചയ സമ്പത്ത് മാത്രമുളള കെ.എസ്.ആർ.ടി.സി നേരിട്ടല്ല ഹോട്ടലും റിസോർട്ടും നടത്താൻ പോകുന്നത് എന്നതാണ് ആശ്വാസകരമായ കാര്യം. ബില്‍റ്റ്, ഓപ്പറേറ്റ്, ട്രാൻസ്ഫർ അഥവാ ബി.ഒ.ടി അടിസ്ഥാനത്തിലായിരിക്കും ഹോട്ടലും റിസോർട്ടും നിർമ്മിക്കാൻ പോകുന്നത്.
നിർമ്മിച്ച് 29 കൊല്ലം പ്രവർത്തിപ്പിച്ച ശേഷം സംരഭകർ ഉടമസ്ഥാവകാശം കെ.എസ്.ആർ.ടി.സിക്ക് കൈമാറണമെന്ന് കരാറില്‍ വ്യവസ്ഥ വെയ്ക്കും. മൂന്നാറിലും കൊല്ലത്തും പൂവാറിലും ഹോട്ടലുകളും റിസോർട്ടും നിർമ്മിക്കാൻ സംരംഭകരെ തേടി കോർപ്പറേഷൻ ടെണ്ടർ ക്ഷണിച്ചു കഴിഞ്ഞു.
വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ടെണ്ടറില്‍ പങ്കെടുക്കാം.ടെണ്ടറും നടപടികളും കഴിഞ്ഞ് നിർമ്മാണം ആരംഭിക്കാൻ പോകുമ്പോള്‍ കോർപ്പറേഷനിലെ യൂണിയൻകാർ കൊടി കുത്തി സമരത്തിനിറങ്ങുമോ എന്നതാണ് ആശങ്ക.
ടിക്കറ്റ് വരുമാനം കൊണ്ട് മാസം ശമ്പളം പോലും കൃത്യമായി കൊടുക്കാൻ കഴിയാത്ത കെ.എസ്.ആർ.ടി.സി അറിയാത്ത ബിസിനസില്‍ ചെന്നുചാടി ആപത്തിലാകുമോയെന്ന് ആശങ്കപ്പെടുന്ന യൂണിയൻ നേതാക്കളുണ്ട്.ടിക്കറ്റിതര വരുമാനം കൂട്ടുന്നതിൻെറ ഭാഗമായി തമ്പാനൂരിലും കോഴിക്കോടും അങ്കമാലിയിലും കൊട്ടാരക്കരയിലും തിരുവല്ലയിലും വാണിജ്യ കേന്ദ്രങ്ങള്‍ നിർമ്മിച്ചെങ്കിലും ഇതുവരെ ക്ലച്ച് പിടിച്ചിട്ടില്ല. തമ്പാനൂർ ഉള്‍പ്പെടെയുളള സ്ഥലങ്ങളില്‍ കെട്ടിടത്തിലെ മുഴുവൻ ഭാഗങ്ങളും വാടകക്ക് പോലും നല്‍കാനായിട്ടില്ല.
തിരുവല്ലയില്‍ നിർമ്മാണം കഴിഞ്ഞ കെട്ടിടം അതേപടി കിടക്കുകയാണ്.കൊട്ടാരക്കരയിലെ ഷോപിങ് കോംപ്ളക്സ് നിർമ്മാണത്തിലെ തകരാർ മൂലം വിണ്ടുകീറിയ നിലയിലുമാണ്.ഈ അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാതെ ഹോട്ടല്‍ സംരംഭത്തിലേക്കിറങ്ങുന്നത് അപകടമാണെന്നാണ് വിമർശനം.
ടൂറിസം കേന്ദ്രമായ മൂന്നാറില്‍ കെ.എസ്.ആർ.ടി.സിയ്ക്ക് ആകെ 3 ഏക്കര്‍ ഭൂമിയുണ്ട്. മൂന്നാർ ഗവണ്‍മെന്റ് കോളജ്, ഹൈ ആള്‍ട്ടിറ്റ്യൂഡ് ട്രെയിനിങ്ങ് ഗ്രൗണ്ട് എന്നിവക്ക് സമീപം കണ്ണായ ഭൂമിയാണിത്. നീണ്ടു പരന്നു കിടക്കുന്ന തേയില തോട്ടങ്ങളുടെ നല്ല ദൃശ്യ ഭംഗി ലഭിക്കുന്ന ഈ സ്ഥലത്ത് നിന്ന് ചിന്നക്കനാലിലേക്കും പളളിവാസലിലേക്കും ലക്ഷ്മി എസ്റ്റേറ്റിലേക്കും എല്ലാം പോകാനും എളുപ്പമാണ്.
ഈ സ്ഥലത്താണ് പഞ്ചനക്ഷത്ര ഹോട്ടല്‍, ഹില്‍ വ്യു വില്ല, ആയുർവേദ സ്പാ തുടങ്ങിയവ നിർമ്മിക്കാൻ പോകുന്നത്.ഹില്‍ സ്റ്റേഷനുകളിലെ അഡംബര ഹോട്ടലുകളിലേതിന് സമാനമായ എല്ലാ സൗകര്യങ്ങളോടെയാകും നിര്‍മ്മാണം.
മൂന്നാർ മാതൃകയില്‍ തിരുവനന്തപുരത്തെ പുവാറിലും, കൊല്ലത്ത് അഷ്ടമുടി കായലിൻെറ ഓരത്തും കോർപ്പറേഷൻെറ ഭൂമിയില്‍ റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കും.നെയ്യാർ നദി കടലിലേക്ക് പതിക്കാനായി ഒഴുകി നീങ്ങുന്നതിന് അടുത്താണ് പൂവാറിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്. ഇവിടെ ഒരേക്കര്‍ ഭൂമിയാണ് കോർപ്പറേഷൻെറ പക്കലുലളളത്.
കൊല്ലത്ത് കായലോരത്ത് 1.75 ഏക്കർ ഭൂമിയാണ് കൈവശമുളളത്.കൊല്ലത്തെ ഭൂമിയില്‍ ഹോട്ടലിന് ഒപ്പമോ അല്ലാതെയോ വാണിജ്യ കേന്ദ്രം നിർമ്മാണവും പരിഗണനയിലുണ്ട്. നാല് ഏക്കര്‍ ഭൂമി സ്വന്തമായുളള എറണാകുളത്തും വാണിജ്യകേന്ദ്രമാണ് പരിഗണനയിലുളളത്.മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ വാണിജ്യ കേന്ദ്രമോ മെഡിക്കല്‍ കേന്ദ്രമോ തുടങ്ങാനും പദ്ധതിയിടുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.