തിരുവനന്തപുരം: ജന്മദിനം ആഘോഷിക്കുന്ന പതിവ് എ.കെ. ആന്‍റണിക്കില്ല. ശതാഭിഷിക്തനാകുമ്പോഴും ആ പതിവു മാറ്റാൻ അദ്ദേഹം തയാറായില്ല.
വളരെ അടുപ്പക്കാരെ വിളിച്ച് വീട്ടില്‍ ഒരു കേക്ക് മുറിക്കാമെന്നു ഭാര്യ എലിസബത്ത് കണക്കുകൂട്ടിയെങ്കിലും അടുത്ത സഹപ്രവർത്തകനായിരുന്ന മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്‍റെ മരണത്തോടെ അതും ഇല്ലാതായി.ആരോഗ്യകാരണങ്ങളാല്‍ ഡല്‍ഹി വിട്ടു കേരളത്തിലേക്കു മടങ്ങിയ എ.കെ. ആന്‍റണി മിക്കവാറും എല്ലാദിവസവും വൈകുന്നേരം കെപിസിസി ഓഫീസിലെത്താറുണ്ട്. സജീവ രാഷ്‌ട്രീയ പ്രവർത്തനത്തില്‍നിന്നു പിൻവാങ്ങിയെങ്കിലും പാർട്ടി നേതാക്കളും പ്രവർത്തകരും അവിടെയെത്തി അദ്ദേഹത്തെ കാണും,
ഉപദേശ-നിർദേശങ്ങള്‍ തേടും. കേരളത്തിലെ കോണ്‍ഗ്രസില്‍ ഇന്ന് ഒരു മാർഗദർശിയുടെ റോളിലാണ് എ.കെ. ആന്‍റണി. അറുപതുകളില്‍ വിദ്യാർഥി രാഷ്‌ട്രീയത്തിലൂടെ ഒരു കൊടുങ്കാറ്റു പോലെ കേരള രാഷ്‌ട്രീയത്തിലേക്കു കടന്നു വന്ന എ.കെ. ആന്‍റണി സംസ്ഥാന, ദേശീയ രാഷ്‌ട്രീയത്തില്‍ പടവുകള്‍ ഓരോന്നായി ചവിട്ടിക്കയറുമ്പോഴും അടിസ്ഥാന നിലപാടുകളില്‍നിന്നു വ്യതിചലിച്ചില്ല.
ആദർശത്തിന്‍റെ ആള്‍രൂപമെന്ന വിളിപ്പേരിന് ഒരിക്കലും കളങ്കം വരുത്തിയുമില്ല. രണ്ടാം യുപിഎ സർക്കാർ അഴിമതി ആരോപണങ്ങളില്‍ ഉലഞ്ഞപ്പോഴും പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനും പ്രതിരോധമന്ത്രി എ.കെ. ആന്‍റണിക്കും നേരേ വിരലുകള്‍ നീണ്ടില്ല.
അധികാരസ്ഥാനങ്ങള്‍ക്ക് ഒരു പരിധിക്കപ്പുറം പ്രാധാന്യം നല്‍കാത്തതിനാലാകാം അത് ഉപേക്ഷിക്കുന്നതിലും അദ്ദേഹത്തിനു മടിയൊന്നുമുണ്ടായിരുന്നില്ല. 37-ാം വയസില്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി മാറിയ അദ്ദേഹത്തിന് ഏറെ വൈകാതെ രാഷ്‌ട്രീയത്തിലെ നിലപാടുകളുടെ പേരില്‍ ആ കസേര ഉപേക്ഷിക്കാനും മടിയൊന്നുമുണ്ടായില്ല.
പിന്നീട് കേന്ദ്രമന്ത്രിസ്ഥാനം ഉപേക്ഷിച്ചതും ഇതേപോലെ തന്നെ. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു ശേഷം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതും എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ടാണ്.സോണിയാ ഗാന്ധിയെ യാത്രയയച്ച ശേഷം വിമാനത്താവളത്തില്‍വച്ച് മാധ്യമപ്രവർത്തകരെ കണ്ട്, ഞാൻ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുന്നു എന്നു വളരെ നിസാരമായി പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം കേരള രാഷ്‌ട്രീയത്തില്‍നിന്നുതന്നെ പിൻവാങ്ങിയത്.
കെഎസ്‌യുവിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും അധ്യക്ഷസ്ഥാനത്തേക്ക് എത്തിയപ്പോള്‍ തന്നെ കേരള രാഷ്‌ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു എ.കെ. ആന്‍റണി. 1967ലെ തെരഞ്ഞെടുപ്പില്‍ തകർന്നടിഞ്ഞ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുന്നതില്‍ ആന്‍റണിയുടെ നേതൃത്വത്തിലുള്ള യുവനിര വഹിച്ച പങ്കും ചെറുതല്ല.
അഞ്ചു പതിറ്റാണ്ടിലേറെയായി കേരളത്തിലെ കോണ്‍ഗ്രസ് രാഷ്‌ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന എ.കെ. ആന്‍റണി ഇന്നും കോണ്‍ഗ്രസുകാർക്ക് ആവേശം പകരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.