തിരുവനന്തപുരം: കാല്‍ നനയ്ക്കാൻ കടലില്‍ ഇറങ്ങി ചുഴിയില്‍ പെട്ട വെണ്ണിയൂർ സ്വദേശിക്ക് രക്ഷകരായി യുവാക്കള്‍. വെണ്ണിയൂർ സരസ്വതി നിവാസിൻ ആദിത്യ (18) നെയാണ് യുവാക്കള്‍ കടലില്‍ ചാടി രക്ഷപ്പെടുത്തിയത്.
വിഴിഞ്ഞം പള്ളിത്തുറ സ്വദേശികളായ രതീഷ്, ജസ്റ്റിൻ, രാഹുല്‍ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അമ്മയുടെ സഹോദരൻ്റെ വീടായ നെടുമാങ്ങാട് നിന്ന് നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന ആദിത്യൻ അവധി ദിനമായ ഇന്നലെ വെണ്ണിയൂരിലെ വീട്ടിലേക്കുള്ള യാത്രക്കിടയില്‍ വിഴിഞ്ഞത്ത് എത്തുകയായിരുന്നു.ഉച്ചയോടെ വിഴിഞ്ഞം നോമാൻസ് ലാന്റില്‍ എത്തിയ ആദിത്യൻ ബാഗും ചെരുപ്പും കരയില്‍ വച്ചശേഷം കാല്‍ നനയ്ക്കാൻ കടലില്‍ ഇറങ്ങി. തിരയടിയില്‍ കടലിലേക്ക് വീണ 18കാരൻ ചുഴിയില്‍ അകപ്പെടുകയായിരുന്നു.
നീന്താൻ വശമില്ലാത്തതിനാല്‍ കയ്യുംകാലും ഉയർത്തി വെള്ളത്തില്‍ അടിച്ച് രക്ഷക്കായി ശ്രമിച്ചെങ്കിലും തീരത്ത് സമീപപ്രദേശത്ത് ആരുമുണ്ടായിരുന്നില്ല. ഈ സമയം കടപ്പുറത്ത് കരയിലൂടെ ബൈക്കില്‍ സഞ്ചരിച്ച രതീഷിൻ്റെയും, ജസ്റ്റസിൻ്റെയും, രാഹുലിൻ്റയും ശ്രദ്ധയില്‍ ഒരാള്‍ വെള്ളത്തില്‍ കൈകളിട്ട് അടിക്കുന്നത് പെട്ടെങ്കിലും മത്സ്യത്തൊഴിലാളികള്‍ കടലില്‍ വല വീശിയ ശേഷം മീൻ കുടുങ്ങാൻ വെള്ളത്തില്‍ കൈ കൊണ്ടടിക്കുന്നത് പതിവായതിനാല്‍ ഇവർ ആദ്യം ഇത് കാര്യമായെടുത്തില്ല.
എന്നാല്‍ നോക്കിനില്‍ക്കുന്നതിനിടയില്‍ ആദിത്യൻ ആഴങ്ങളിലേക്ക് താഴുന്നതായി കണ്ടതോടെ അപകടം മനസിലാക്കിയ യുവാക്കള്‍ രണ്ടും കല്‍പ്പിച്ച് കടലിലേക്ക് എടുത്ത് ചാടി. താഴ്ന്ന് കൊണ്ടിരുന്ന ആദിത്യനെ ഉയർത്തിയെടുത്ത് കരയില്‍ എത്തിക്കുകയായിരുന്നു.
വെള്ളം കുടിച്ച് അവശനായ യുവാവിന് രക്ഷകർ തന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. അല്പം കൂടി വൈകിയിരുന്നെങ്കില്‍ യുവാവിൻ്റെ ജീവൻ തന്നെ നഷ്ടമാകുന്ന അവസ്ഥയില്‍ നിന്നാണ് യുവാക്കള്‍ 18കാരനെ പിടിച്ചുയർത്തിയത്.
വിവരമറിഞ്ഞെത്തിയ തീരദേശ പൊലീസ് ആംബുലൻസ് വരുത്തി ആദിത്യനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. അപകടനില തരണം ചെയ്തതായും പൊലീസ് അറിയിച്ചു.
മത്സ്യബന്ധന വള്ളങ്ങള്‍ അടുപ്പിക്കുന്ന നോമാൻസ് ലാൻ്റ് ഭാഗത്തെ കടല്‍ കാഴ്ചയില്‍ സുരക്ഷിതമെന്ന് തോന്നുമെങ്കിലും ഇവിടെ തിരയടിയും ആഴവും ചുഴിയുമുണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.