സന്നിധാനം: സന്നിധാനത്ത് കൂട്ടം തെറ്റിയലഞ്ഞ മാളികപ്പുറത്തിന് തുണയായി പൊലീസിന്റെ റിസ്റ്റ്ബാന്റ്. ബന്ധുക്കള്‍ക്കൊപ്പം നടപ്പന്തലില്‍ എത്തിയ ഊട്ടി സ്വദേശിനിയായ ശിവാർഥികയ്ക്കാണ് പൊലീസും റിസ്റ്റ്ബാൻഡും തുണയായത്.
തിരക്കില്‍ പരിഭ്രമിച്ച് പിതാവിനെ തിരഞ്ഞു നടക്കുകയായിരുന്നു മാളികപ്പുറം.. സിവില്‍ പൊലീസ് ഓഫീസറായ അക്ഷയും തൃശൂർ ട്രാഫിക് എൻഫോഴ്സ് മെന്റ് യൂണിറ്റിലെ സി പി ഓ ശ്രീജിത്തുമാണ് കുട്ടിയെ കണ്ടത്.കുട്ടിയുടെ കരച്ചില്‍ കണ്ട് വിവരം തിരഞ്ഞ ഇവർ റിസ്റ്റ് ബാൻഡില്‍ രേഖപ്പെടുത്തിയിരുന്ന നമ്പറില്‍ പെട്ടെന്നു തന്നെ ബന്ധപ്പെട്ടു. തുടർന്ന് അച്ഛൻ വിഘ്നേഷ് എത്തിയതോടെ ശിവാർഥികയുടെ കരച്ചില്‍ ആശ്വാസ ചിരിയിലേക്കെത്തി.
പൊലീസ് അങ്കിള്‍മാർക്ക് നന്ദി പറഞ്ഞാണ് മാളികപ്പുറം പിതാവിനൊപ്പം മലയിറങ്ങിയത്. ഇത്തരത്തില്‍ നിരവധി കുട്ടികള്‍ക്കാണ് പൊലീസിന്രെ പുതിയ സംവിധാനം ആശ്വാസമാകുന്നത്.
10 വയസില്‍ താഴെയുള്ള 5000 ലധികം കുട്ടികള്‍ക്കാണ് പൊലീസ് ഇതുവരെ റിസ്റ്റ് ബാൻഡ് ധരിപ്പിച്ചത്. പമ്പയില്‍ നിന്നും വനിതാ പൊലീസിന്റെ നേതൃത്വത്തിലാണ് ഈ കരുതല്‍ നടപടി. വയോധികർ, തീവ്രഭിന്നശേഷിക്കാർ എന്നിവർക്കും കൂട്ടം തെറ്റിയാല്‍ ഒപ്പമുള്ളവരുടെ അടുത്തെത്താൻ പൊലീസ് നെക് ബാൻഡ് ധരിപ്പിക്കുന്നുണ്ട്.
പേര്, സ്ഥലം, ഒപ്പമുള്ളയാളുടെ ഫോണ്‍ നമ്പർ എന്നിവയാണ് റിസ്റ്റ് ബാൻഡില്‍ രേഖപ്പെടുത്തുന്നത്. കുട്ടികളടക്കം പ്രതിദിനം അഞ്ഞൂറിലധികം പേർക്ക് ബാൻഡ് ധരിപ്പിക്കുന്നതായി പൊലീസ് അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീർത്ഥാടകർക്കാണ് ഈ സംവിധാനം വലിയ സഹായമാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.