പത്തനംതിട്ട: സി പി എം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ കണ്ണൂർ എ ഡി എം ആയിരുന്ന നവീൻ ബാബുവിന്‍റെ മരണം വലിയ ചർച്ചയായി മാറി.
പത്തനംതിട്ട സ്വദേശിയായതിനാല്‍ തന്നെ നവീൻ ബാബുവിന്‍റെ മരണവും ഇതുസംബന്ധിച്ചുള്ള കേസും പാർട്ടി നിലപാടുമാണ് സമ്മേളത്തില്‍ ചർച്ചയായി മാറിയത്. നവീൻ ബാബു വിഷയത്തില്‍ പാർട്ടിക്ക് ഉള്ളില്‍ രൂപപ്പെട്ട ഭിന്നാഭിപ്രായമടക്കം സമ്മേളനത്തില്‍ പ്രതിനിധികള്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.വിവാദങ്ങള്‍ക്ക് ബലം നല്‍കുന്ന തരത്തില്‍ പത്തനംതിട്ടയിലെ ചില നേതാക്കള്‍ പ്രവർത്തിച്ചുവെന്നും ചർച്ചയില്‍ അഭിപ്രായമുയർന്നു. അത് എരിതീയില്‍ എണ്ണയൊഴിക്കുന്നത് പോലെയായി എന്നും ചർച്ച ഉയർന്നു. പി പി ദിവ്യ സി പി എമ്മുകാരി ആയതിനാല്‍ വലതുപക്ഷ മാധ്യമങ്ങളുടെ ഇരയായി മാറിയെന്നും പ്രതിനിധികള്‍ ചൂണ്ടികാട്ടി.
നവീൻ ബാബുവിന്‍റെ കുടുംബത്തോടൊപ്പം എന്ന പത്തനംതിട്ട ജില്ലാ നേതൃത്വത്തിന്റെ നിലപാട് ശരിയാണെന്ന അഭിപ്രായവും ഉയർന്നു. സമ്മേളനത്തിലെ ചർച്ച ഇന്ന് വൈകിട്ട് വര തുടരും. ശേഷമാകും ജില്ലാ സെക്രട്ടറിയുടെയും സംസ്ഥാന നേതൃത്വത്തിന്‍റെയും മറുപടി.
അതേസമയം നവീൻ ബാബുവിന്‍റെ മരണം മാത്രമല്ല, തിരുവല്ല അടക്കം ഏരിയാ കമ്മിറ്റികളില്‍ രൂക്ഷമായ വിഭാഗീയത, അതിനെതിരായ സംസ്ഥാന സെക്രട്ടറിയുടെ മുന്നറിയിപ്പ് എന്നിവയും പ്രതിനിധി ചർച്ചയില്‍ ശക്തമായി ഉയർന്നുവന്നിരുന്നു. നേരത്തെ ജില്ലാ നേതൃത്വത്തിനെതിരെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രൂക്ഷ വിമർശനമാണ് ഉയർത്തിയത്. പാർട്ടി കണ്‍ട്രോള്‍ കമ്മീഷനെ ജില്ലാ നേതൃത്വം തെറ്റിദ്ധരിപ്പിച്ചു,
സ്ത്രീ പീഡനക്കേസിലെ പ്രതി സി സി സജിമോനെതിരെ ഒരു പരാതിയില്‍ രണ്ട് നടപടി ഉണ്ടായി എന്ന് ജില്ലാ കമ്മിറ്റി റിപ്പോർട്ട് നല്‍കി, സജിമോന്‍റെ അപ്പീലിലും ഇതുതന്നെയായിരുന്നു അവസ്ഥ വിമർശനങ്ങളുന്നയിച്ച സംസ്ഥാന സെക്രട്ടറി, ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ട് സജിമോന് അനുകൂലമായ തീരുമാനത്തിന് ഇടയാക്കിയെന്നും ചൂണ്ടികാട്ടി. അങ്ങനെയാണ് സജിമോനെ പാർട്ടിയില്‍ തിരിച്ചെടുക്കേണ്ടി വന്നതെന്നും എം വി ഗോവിന്ദൻ വിവരിച്ചു.
അനർഹർ പാർട്ടി നേതൃനിരയിലേക്ക് എത്തുന്നു, അർഹരായവരും അനുഭവസമ്പത്തുള്ളവരും തഴയപ്പെടുന്നു, ഏറാംമൂളികളായിട്ടുള്ളവർക്കായി ചില നേതാക്കള്‍ നിലകൊള്ളുന്നുവെന്ന വിമർശനവും സംസ്ഥാന കമ്മിറ്റിയുടെ ഭാഗത്ത് നിന്നും ഉണ്ടായി.
അതേസമയം ഇന്ന് വൈകിട്ട് ചർച്ച പൂർത്തിയാകുന്നതോടെ പുതിയ ജില്ലാ സെക്രട്ടറിയെ കുറിച്ചുള്ള ആലോചനയിലേക്ക് നേതൃത്വം കടക്കും. മത്സരം ഒഴിവാക്കാൻ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെടാനും സാധ്യതയുണ്ട്. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്ഘാടനം ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.