മുംബൈ: ഇലക്ട്രോണിക് വോട്ടിങിലെ വിശ്വാസ്യത ചോദ്യം ചെയ്ത് മഹാരാഷ്ട്രയിലെ മാല്‍ഷിറാസ് താലൂക്കിലെ മാര്‍ക്കഡ് വാഡി ഗ്രാമവാസികള്‍ പ്രതീകാത്മകമായി ബാലറ്റ് വോട്ടിങ് നടത്തും.
ഗ്രാമത്തിലെ ഒരുവിഭാഗം ആളുകളുടെ ആഹ്വാനത്തെ തുടര്‍ന്നാണ് റീപോളിങ്. ഇതിനെതിരെ ഒരുകൂട്ടം ആളുകള്‍ രംഗത്തുവന്നതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഇന്നത്തെ റീപോളിങിന് മുന്നോടിയായി നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.ഇന്ന് ബാലറ്റിലൂടെ റീ പോളിങ് നടത്തുമെന്ന് അവകാശപ്പെട്ട് ഗ്രാമത്തില്‍ ബാനറുകള്‍ ഉള്‍പ്പടെ സ്ഥാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തില്‍ സംശയമുള്ള ഗ്രാമവാസികള്‍, ഈ സംരംഭത്തിന് സ്വയം സഹായധനം നല്‍കിക്കൊണ്ടാണ് പരമ്പരാഗത ബാലറ്റ് പേപ്പര്‍ വോട്ടിങ്ങ് നടത്തുന്നത്. നവംബര്‍ ഇരുപതിന് നടന്ന വോട്ടെടുപ്പില്‍ മാല്‍ഷിറാസ് മണ്ഡലത്തില്‍ എന്‍സിപി ശരദ്പവാര്‍ വിഭാഗം സ്ഥാനാര്‍ഥി ബിജെപി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയിരുന്നു
എന്നാല്‍ ഈ ഗ്രാമത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിക്കാണ് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്. ഇതില്‍ ക്രമക്കേട് ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബിജെപി സ്ഥാനാര്‍ഥി രാം സത്പുത്തെ 1003 വോട്ടുകള്‍ നേടിയപ്പോള്‍ എന്‍സിപി സ്ഥാനാര്‍ഥി ഉത്തം ജാങ്കറിന് ലഭിച്ചത് 843 വോട്ടുകള്‍ മാത്രമാണ്.വോട്ടെടുപ്പ് ദിവസം ഗ്രാമത്തിലെ 2,000 വോട്ടര്‍മാരില്‍ 1,900 പേര് തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചതായി പ്രദേശവാസിയായ രഞ്ജിത് മര്‍ക്കാട് പറഞ്ഞു. 'എല്ലായ്പ്പോഴും ഞങ്ങള്‍ ജാങ്കറിനെ പിന്തുണച്ചു. ഇത്തവണ ഇവിഎമ്മിലൂടെയുള്ള വോട്ടെണ്ണല്‍ പ്രകാരം ജാങ്കറിന് 843 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്, ബിജെപി സ്ഥാനാര്‍ത്ഥി സത്പുതെക്ക് 1,003 വോട്ടുകള്‍ ലഭിച്ചു. ഇത് സാധ്യമല്ല,
ഈ ഇവിഎം വോട്ടിങില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല, അതിനാലാണ് ബാലറ്റ് പേപ്പറുകളിലൂടെ റീപോളിങ് നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചത്,'മര്‍ക്കാട് പറഞ്ഞു.ഈ തെരഞ്ഞെടുപ്പ് ഫലത്തിന്റെ കൃത്യത ഉറപ്പാക്കാന്‍ പ്രതീകാത്മക ബാലറ്റ് വോട്ടിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് തഹസില്‍ദാറിന് ജാങ്കര്‍ അനുകൂലികള്‍ കത്ത് നല്‍കിയിരുന്നെങ്കിലും അത് നിരസിച്ചതായി ഗ്രാമവാസികള്‍ പറയുന്നു.
റീപോളിങിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയാതായും മര്‍ക്കാട് പറഞ്ഞു. തെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് ഗ്രാമത്തിലെ റോഡുകള്‍ പൊലീസ് അടച്ചു. പോളിങ് സാമഗ്രികള്‍ കണ്ടുകെട്ടുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ഇത് അവഗണിച്ച് നാട്ടുകാര്‍ വോട്ടുചെയ്യാന്‍ എത്തുമെന്നാണ് സംഘാടകര്‍ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.