മലപ്പുറം: മനുഷ്യർക്കിടയിലേക്ക് വല്ലപ്പോഴും എത്തുന്ന കുരങ്ങുകള്‍ കുസൃതി ഒപ്പിക്കുക പതിവാണ്. തെങ്ങില്‍ കയറി തേങ്ങയിടുന്നതും കൃഷി നശിപ്പിക്കുന്നതും ഭക്ഷണം കവരുന്നതും നിത്യസംഭവമാണ്.
എന്നാല്‍ മൊബൈല്‍ ഫോണ്‍ അടിച്ചുമാറ്റി കോള്‍ അറ്റൻഡ് ചെയ്തതോടെ സംഭവം കളറായി. കഴിഞ്ഞ ദിവസം മലപ്പുറം തിരൂരിലാണ് രസകരമായ സംഭവം നടന്നത്.തിരൂർ സംഗമം റസിഡൻസിയില്‍ മുകള്‍ നിലയില്‍ അലൂമിനിയം ഫാബ്രിക്കേഷൻ ജോലിയില്‍ ഏർപ്പെട്ടിരുന്ന യുവാവിന്റെ മൊബൈല്‍ ഫോണാണ് കുരങ്ങൻ കവർന്നത്. ജോലിത്തിരക്കിനിടയില്‍ തൊട്ടടുത്ത ഷീറ്റിന് മുകളില്‍ ഫോണ്‍ വെച്ച് ജോലിയില്‍ മുഴുകിയിരിക്കുകയായിരുന്നു
യുവാവ്. ഷീറ്റിന് മുകളിലേക്ക് ഓടിക്കയറിയ കുരങ്ങൻ ഫോണുമായി ഞൊടിയിടയില്‍ തെങ്ങിൻ മുകളിലേക്ക് ഓടിക്കയറുകയായിരുന്നു. ബഹളം വെച്ചതോടെ കുരങ്ങൻ കൂടുതല്‍ ഉയരത്തിലെത്തി. പിന്നീട് കമുകിന് മുകളിലേയ്ക്കും വലിഞ്ഞ് കേറി. ഇതോടെ യുവാവും കൂടെ തൊഴില്‍ എടുക്കുന്നവരും നാട്ടുകാരും ചേർന്ന് ഫോണ്‍ താഴെയെത്തിക്കാനുള്ള ശ്രമത്തിലായി.
ഫോണ്‍ തിരിച്ചു കിട്ടാൻ കൂടെ നിന്നവരെല്ലാം ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. ഇതിനിടയ്ക്ക് ഫോണ്‍ റിംഗ് ചെയ്തപ്പോള്‍ കുരങ്ങൻ ബട്ടണ്‍ അമർത്തി ചെവിയില്‍ വെയ്ക്കുകയും ചെയ്യുകയായിരുന്നു. ഇതോടെ കൂടെ നിന്നവരെല്ലാം അദ്ഭുതപ്പെട്ടു. നിരവധി തവണ യുവാവും സംഘവും കല്ലെടുത്ത് എറിഞ്ഞ് നോക്കിയെങ്കിലും ശ്രമം വിഫലമായി. തൊപ്പിക്കാരന്റെ കഥ പോലെ കുരങ്ങൻ ഫോണ്‍ താഴെ ഇടുമെന്ന പ്രതീക്ഷയും അസ്തമിച്ചു.
തുടർന്ന് റസിഡൻസിയിലെ സമ്മേളന പ്രതിനിധികളും പുറത്തിറങ്ങി. കുരങ്ങനെ പിടികൂടാനായി പിന്നീട് ശ്രമം. അതിനിടെ മറ്റൊരു കവുങ്ങിലേയ്ക്ക് ചാടുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ താഴെ വീണു. മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ മൊബൈല്‍ തിരിച്ച് കിട്ടിയ സന്തോഷത്തോടെ യുവാവും സുഹൃത്തുക്കളും മടങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.