കൊച്ചി: എറണാകുളം വെണ്ണലയില്‍ മകൻ അമ്മയുടെ മൃതദേഹം കുഴിച്ചിട്ട സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്. പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നും അതുകൊണ്ടുതന്നെ കസ്റ്റഡിയില്‍ എടുത്ത മകനെ തത്കാലം വിട്ടയയ്ക്കുമെന്നും പാലാരിവട്ടം പോലീസ് അറിയിച്ചു.
കൊലപാതക സാധ്യത പ്രാഥമികമായി തള്ളുന്നതായും കൂടുതല്‍ തെളിവുകള്‍ കിട്ടിയാല്‍ മാത്രമേ തുടർ നടപടികളിലേക്ക് നീങ്ങൂവെന്നും പോലീസ് വ്യക്തമാക്കി.ഡിസംബർ 19 വ്യാഴാഴ്ച രാവിലെ നാലുമണിയോടെയാണ് അല്ലി (72)യുടെ മൃതദേഹം മകൻ പ്രദീപ് വീട്ടുമുറ്റത്ത് കുഴിച്ചിട്ടത്. ഇതുകണ്ട പ്രദേശവാസികളാണ് കൗണ്‍സിലറേയും പോലീസിനേയും വിവരമറിയിച്ചത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുമ്പോള്‍ അല്ലിയുടെ കണ്ണിലും മൂക്കിലുമെല്ലാം മണ്ണ് നിറഞ്ഞ അവസ്ഥയിലായിരുന്നു. തുടർന്നാണ് പോലീസ് ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയത്.
സംഭവസമയം പ്രദീപ് മദ്യലഹരിയില്‍ ആയിരുന്നു. അതുകൊണ്ടുതന്നെ പോലീസിന് കാര്യങ്ങള്‍ വ്യക്തമായി ചോദിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. അമ്മ മരണപ്പെട്ടതിനെ തുടർന്ന് കുഴിച്ചിടുകയായിരുന്നു എന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി. ടയർ കട നടത്തുന്ന പ്രദീപ് സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ പ്രശ്നമുണ്ടാക്കാറുണ്ടെന്നും അക്രമാസക്തനാകാറുണ്ടെന്നും നാട്ടുകാർ പറയുന്നു.
ഈ പ്രശ്നങ്ങള്‍ കാരണം പ്രദീപിന്റെ ഭാര്യ സ്വന്തം വീട്ടിലാണ് താമസിക്കുന്നതെന്ന് പോലീസിന് അറിയാൻ കഴിഞ്ഞു. അതുകൊണ്ടൊക്കെ തന്നെ തുടക്കത്തില്‍ കേസില്‍ വലിയ ദുരൂഹത നിലനിന്നിരുന്നു. പിന്നാലെയാണ് പോലീസ് പ്രദീപിനെ കസ്റ്റഡിയിലെടുത്തത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ച പോലീസ്, റിപ്പോർട്ട് വന്ന ശേഷം തുടർനടപടികള്‍ സ്വീകരിക്കും എന്നാണ് പറഞ്ഞിരുന്നത്.
വൈകുന്നേരത്തോടെ ലഭ്യമായ പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ അല്ലിയുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവികമായി ഒന്നുംതന്നെ ഇല്ലെന്ന് വ്യക്തമാക്കി. ബലപ്രയോഗം നടന്നതിന്റെയോ മറ്റോ ലക്ഷണങ്ങള്‍ ഇല്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ പ്രാഥമികമായി കൊലപാതക സാധ്യത തള്ളിക്കളയുന്നതായും പോലീസ് അറിയിച്ചു.
കസ്റ്റഡിയിലെടുത്ത പ്രദീപിനെ തല്‍ക്കാലം വിട്ടയയ്ക്കും എന്നും പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ തുടർനടപടികളിലേക്ക് കടക്കൂ എന്നും പോലീസ് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.