തിരുവനന്തപുരം: എഡിജിപി എം.ആര്.അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിശക്തമായ പ്രതിഷേധം ഉയര്‍ത്തിയ സിപിഐയ്ക്കുള്ളില്‍ വിഷയത്തില്‍ അഭിപ്രായഭിന്നത. അജിത്കുമാറിനെ ഡിജിപി ആക്കിയതിൽ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എതിരഭിപ്രായം പറഞ്ഞപ്പോള്‍ സ്വാഭാവിക തീരുമാനമെന്ന് മന്ത്രി ജി.ആര്. അനില്‍ പ്രതികരിച്ചു. കഴിഞ്ഞ ദിവസം സിപിഐ മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുത്ത മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്.
മന്ത്രിമാരുടെ ഭാഗത്തുനിന്ന് ഒരു തരത്തിലുള്ള എതിര്‍പ്പും ഉണ്ടായിട്ടില്ലെന്ന് മന്ത്രി അനില്‍ പറഞ്ഞു. എന്നാല്‍ അജിത്കുമാറിനെ എഡിജിപി സ്ഥാനത്തുനിന്ന് കയറ്റം നല്കി സര്‍ക്കാര്‍ ഡിജിപി ആക്കുമ്പോഴും ബിനോയ് വിശ്വത്തിന്റെ രാഷ്ട്രീയ പ്രതിഷേധം അവസാനിക്കുന്നില്ല. സര്‍ക്കാര്‍ നടപടി സാങ്കേതികമായി ശരിയാണെങ്കിലും രാഷ്ട്രീയമായി ശരിയല്ലെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു.
‘‘ആര്‍എസ്എസിന്റെ നേതാക്കളുമായി കൂടിക്കണ്ടതുമായി ബന്ധപ്പെട്ട ആരോപണം നേരിടുന്ന ആള്, പൂരം അലങ്കോലപ്പെടുത്തുന്നതില്‍ പങ്കുവഹിച്ചുവെന്ന് ആരോപിക്കപ്പെട്ട ആള്, വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചതിന്റെ പേരില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ആള് ഇങ്ങനെയുള്ള അജിത്കുമാര്‍ വിഷയം ഉദ്യോഗസ്ഥ സമിതി പരിശോധിച്ച് തീരുമാനം കൈക്കൊണ്ടു. ഇതു സാങ്കേതികമായി 100 ശതമാനം ശരിയാണ്.
പക്ഷേ സമൂഹത്തിന്റെ കണ്ണില്‍ ചില രാഷ്ട്രീയ ശരികളെപ്പറ്റി ചോദ്യങ്ങള്‍ ഉണ്ടാകും. എല്ലാ സാങ്കേതിക ശരികളും രാഷ്ട്രീയ ശരികളല്ല’’ - ബിനോയ് വിശ്വം പറഞ്ഞു. അതേസമയം, അജിത്കുമാറിനെ ഡിജിപിയാക്കിയത് സ്വാഭാവിക തീരുമാനമെന്നാണ് സിപിഐയുടെ മന്ത്രിയായ ജി.ആര്. അനില്‍ പറഞ്ഞത്. മന്ത്രിസഭ കൂട്ടായി എടുത്ത തീരുമാനത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ലെന്നും അസ്വഭാവികമായി ഒന്നും കാണുന്നില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരുടെ ഭാഗത്തുനിന്ന് എതിര്‍പ്പുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.