തിരുവനന്തപുരം: പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ നദീസംയോജന പദ്ധതിക്കെതിരെ ശക്തമായ എതിര്‍പ്പ് അറിയിക്കാന്‍ കേരളം. ഇതുമായി ബന്ധപ്പെട്ടു നാളെ ചേരുന്ന ദേശീയ ജല വികസന ഏജന്‍സി യോഗത്തില്‍ സംസ്ഥാന ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് കേരളത്തിന്റെ എതിര്‍പ്പ് അറിയിക്കും. അഡീ. ചീഫ് സെക്രട്ടറി പങ്കെടുക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്തു മന്ത്രി തന്നെ ഓണ്‍ലൈനായി പങ്കെടുക്കുമെന്ന് അറിയിക്കുകയായിരുന്നു.
ദേശീയ ജല വികസന ഏജന്‍സി യോഗത്തിന്റെ അജന്‍ഡയില്‍ കേരളവുമായി ചര്‍ച്ച നടത്താതെയാണ് പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ നദീസംയോജന പദ്ധതി ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ആരോപണം. പമ്പയും അച്ചന്‍കോവിലാറും കേരളത്തില്‍ കൂടി മാത്രം ഒഴുകുന്ന നദികളാണെന്നും സംസ്ഥാനത്തിന്റെ അനുവാദമില്ലാതെ തമിഴ്നാട്ടിലേക്കു വെള്ളം തിരിച്ചുവിടാന്‍ നീക്കം നടത്തുന്നത് ഫെഡറല്‍ സംവിധാനത്തിനു യോജിച്ചതല്ലെന്നുമുള്ള വാദമാണ് കേരളം ഉയര്‍ത്തുക. പമ്പ, അച്ചന്‍കോവില്‍ എന്നിവിടങ്ങളില്‍നിന്നു പ്രതിവര്‍ഷം 63.4 കോടി ഘനമീറ്റര്‍ വെള്ളം തമിഴ്നാട്ടിലേക്ക് പശ്ചിമഘട്ടത്തിലൂടെ ടണല്‍വഴി തിരിച്ചുവിടുന്നതാണു നദീസംയോജന പദ്ധതി. ഈ വെള്ളം തമിഴ്നാട്ടിലെ തിരുനെല്‍വേലി, വിരുദനഗര്‍, കാമരാജര്‍ ജില്ലകളിലെ 91,400 ഹെക്ടര്‍ പ്രദേശത്തെ കൃഷി ആവശ്യത്തിനു വിനിയോഗിക്കാനാണ് ആലോചന.
കേരളത്തിന്റെ അനുമതി ഇല്ലാതെ പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ നദീസംയോജന പദ്ധതി നടപ്പാക്കില്ലെന്നു 2017ല്‍ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നതാണ്. എന്നാല്‍ തമിഴ്നാടിന്റെ സമ്മര്‍ദത്തിനു വഴങ്ങി 1397.91 കോടിയുടെ പദ്ധതി ദേശീയ ജല വികസന ഏജന്‍സി വീണ്ടും പൊടിതട്ടിയെടുക്കുകയാണെന്നാണു കേരളം ആരോപിക്കുന്നത്.
ആയിരക്കണക്കിനു ഹെക്ടര്‍ വനഭൂമിയെ ജലസമാധിയിലാക്കുകയും ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഭാവിയില്‍ ജലക്ഷാമത്തിന് ഇടയാക്കുകയും കുട്ടനാടിന്റെയും വേമ്പനാട്ടുകായലിന്റെയും നാശത്തിനു വഴിവയ്ക്കുകയും ചെയ്യുന്നതാണ് പദ്ധതിയെന്നും കേരളം ആരോപിക്കുന്നു. പദ്ധതി നടപ്പാക്കാനായി സംസ്ഥാനത്തെ നദികളില്‍ 3 അണക്കെട്ടുകള്‍ നിര്‍മിക്കേണ്ടിവരും. ഇതോടെ വനവും തേക്കിന്തോട്ടങ്ങളും കൃഷിസ്ഥലങ്ങളും ഉള്‍പ്പെടെ 2004 ഹെക്ടര്‍ ഭൂപ്രദേശം വെള്ളത്തിനടിയിലാകും. ഇക്കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. പദ്ധതി പൂര്‍ണമായി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ 2003 ഓഗസ്റ്റ് ആറിന് പ്രമേയം പാസാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.