തിരുവനന്തപുരം: ആനയുടെ ഉടമസ്ഥാവകാശമില്ലാത്ത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ആനക്കൊമ്പ് സൂക്ഷിക്കുന്നുവെന്നു വനംവകുപ്പ് തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ആനകളെ ഏറ്റെടുക്കുകയും ആനക്കൊമ്പു പിടിച്ചെടുക്കുകയും വേണമെന്നാവശ്യപ്പെട്ട് വനം മന്ത്രിക്കു പരാതി.
വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിസിസി വൈസ് പ്രസിഡന്റ് എസ്.ജലീല്‍ മുഹമ്മദാണു മന്ത്രി എ.കെ.ശശീന്ദ്രനും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും പരാതി നല്‍കിയത്.നിയമപ്രകാരം ആനക്കൊമ്പ് സര്‍ക്കാര്‍ സ്വത്താണെന്നു സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ആനയുടെ ഉടമയല്ലാത്ത ആള്‍ക്ക് എങ്ങനെ ആനക്കൊമ്പ് ലഭിച്ചുവെന്നു കണ്ടെത്തണം. അന്തരിച്ച മുന്‍മന്ത്രി ആര്.ബാലകൃഷ്ണപിള്ളയുടെ വീട്ടില്‍നിന്ന് 5 ജോടി ആനക്കൊമ്പ് വനംവകുപ്പ് പിടിച്ചെടുക്കുന്നതിനു പകരം ഏറ്റെടുക്കുകയാണു ചെയ്തത് എന്നതിനെക്കുറിച്ചും അന്വേഷണം വേണമെന്നു പരാതിയില്‍ ആവശ്യപ്പെടുന്നു.
അതേസമയം, മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ഉടമസ്ഥാവകാശമില്ലാതെ ആനക്കൊമ്പുകള്‍ സൂക്ഷിക്കുന്ന വിഷയത്തില്‍ വനംവകുപ്പിനോട് അടിയന്തര റിപ്പോര്‍ട്ട് തേടുമെന്നു മന്ത്രി എ.കെ.ശശീന്ദ്രന് പറഞ്ഞു. വിവരാവകാശ നിയമപ്രകാരം മലയാള മനോരമ പുറത്തുകൊണ്ടുവന്ന വാര്‍ത്തയെത്തുടര്‍ന്നാണു മന്ത്രിയുടെ ഇടപെടല്‍. ഗണേഷ് കുമാറിന്റെ കയ്യിലുള്ള കൊമ്പുകള്‍ പാരമ്പര്യമായി കിട്ടിയതാണെന്നാണു താന്‍ മനസ്സിലാക്കിയിരുന്നതെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ഗണേഷ് കുമാറിന് അത് എപ്പോള്‍ കൈമാറിക്കിട്ടി എന്നതു പരിശോധിക്കണം.
വന്യജീവി സംരക്ഷണ നിയമം വരുന്നതിനു മുന്‍പ് ആളുകള്‍ ആനക്കൊമ്പ് സൂക്ഷിച്ചിരുന്നു. നിയമം വന്നശേഷം ക്രയവിക്രയം പാടില്ല. ഗണേഷ് കുമാറിന്റെ കയ്യില്‍ എങ്ങനെ, എപ്പോള്‍ ആനക്കൊമ്പുകള്‍ എത്തിയെന്നും നിയമപരമായ എന്തു രേഖയുടെ അടിസ്ഥാനത്തിലാണു കൈവശം വച്ചിരിക്കുന്നതെന്നും അന്വേഷിക്കും.കോടികള്‍ വില മതിക്കുന്ന ആനക്കൊമ്പുകള്‍ വനംവകുപ്പിന്റെ സ്റ്റോറുകളിലുണ്ട്. അവ കത്തിച്ചുകളയാനാണു നിയമത്തില്‍ പറയുന്നത്. ആനക്കൊമ്പിനു വേണ്ടിയുള്ള ആനവേട്ട തടയാനും ആനക്കൊമ്പ് വ്യാപാരം നിരുത്സാഹപ്പെടുത്താനുമാണ് ഈ വ്യവസ്ഥ അന്നു നിയമത്തില്‍ ഉള്‍പ്പെടുത്തിയത്. കത്തിച്ചുകളയാതെ, ആനക്കൊമ്പ് സൂക്ഷിക്കുന്ന മ്യൂസിയം വനംവകുപ്പ് ആരംഭിക്കാന്‍ ഉദ്ദേശിച്ചെങ്കിലും ചില കാരണങ്ങളാല്‍ നടന്നില്ല. മ്യൂസിയത്തിന്റെ കാര്യം വീണ്ടും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നു മന്ത്രി പറഞ്ഞു. മുന്‍ വനംമന്ത്രി കൂടിയായ ഗണേഷ്കുമാറിന്റെ കൈവശം ഉടമസ്ഥാവകാശമില്ലാത്ത ഒരു ജോടി ആനക്കൊമ്പ് ഉണ്ടെന്നാണു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു വനംവകുപ്പ് മറുപടി നല്‍കിയത്. ആനക്കൊമ്പുകള്‍ എങ്ങനെ കയ്യിലെത്തിയെന്നോ, നിയമപരമായ എന്തു നടപടിയെടുത്തെന്നോ മറുപടിയില്‍ വിശദീകരിച്ചിരുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.