പാലക്കാട്: ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ യേശുവിന്റെ തിരുജനന ശുശ്രൂഷകൾ ഭക്തിസാന്ദ്രമായി.
ചൊവ്വാഴ്ച രാത്രി സന്ധ്യാ പ്രാർത്ഥനയോടുകൂടി തിരുപറവി ശുശ്രൂഷകൾക്ക് തുടക്കമായി. സൂത്താറ പ്രാർത്ഥന , പാതിരാ പ്രാർത്ഥന എന്നിവക്കു ശേഷം ക്രിസ്തുമസിന്റെ ഏറ്റവും അനുഗ്രഹകരമായ തീജ്വാല ശുശ്രൂഷക്കായി വൈദീകനും, മദ്ബഹാശുശ്രൂഷകരും, വിശ്വാസികളും പ്രദക്ഷിണമായി ചാപ്പലിന് മുന്നിലുള്ള പ്രത്യേക ഒരുക്കിയ തീജ്വാലക്ക് മുന്നിലെത്തി.
വികാരി ഫാ. ബിജുമുങ്ങാകുന്നേൽ പ്രത്യേക പ്രാർത്ഥന നടത്തി തീജ്വാലക്ക് തീ കത്തിച്ചു. സുഗന്ധദ്രവ്യം കുന്തിരിക്കം വികാരി ഫാ. ബിജുമുങ്ങാം കുന്നേൽ , ഡീക്കൺ ബേസിൽ തട്ടാറ ,മദ്ബഹ ശൂശ്രഷകരും , വിശ്വാസികളും തീജ്വാലയിൽ സമർപ്പിച്ച് എല്ലാവരും തീജ്വാലയെ വണങ്ങി തുടർന്ന് പള്ളിക്ക് ചുറ്റും പൊൻ - വെള്ളി കുരിശുകളേന്തിയും, കത്തിച്ച മെഴുകുതിരികളുമായി നൂറുകണക്കിന് വിശ്വാസികളും വൈദീകനും, മദ്ബഹ ശുശ്രുഷകരും പ്രദക്ഷിണത്തിൽ പങ്കെടുത്തു.
തുടർന്ന് മദ്ബഹായിലെ നാലു ദിക്കുകളിലേക്കും സ്ലീബാ ആഘോഷവും നടത്തി.
പ്രഭാത പ്രാർത്ഥനയ്ക്കുശേഷം വിശുദ്ധ കുർബാനയും അർപ്പിച്ചു. വികാരി എല്ലാവർക്കും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ക്രിസ്തുമസ് ആശംസകൾ നേർന്നു. പാച്ചോർ നേർച്ചയും സ്നേഹവിരുന്നും ഉണ്ടായിരുന്നു.
ക്രിസ്തുമസ് ആഘോഷങ്ങൾക്ക് വികാരി ഫാ ബിജു മുങ്ങാംകുന്നേൽ ,ട്രസ്റ്റി സി യു ശലമോൻ , സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി നേതൃത്വം നൽകി.