തിരുവനന്തപുരം: മന്ത്രിമാറ്റത്തില്‍ നിലപാട് കടുപ്പിച്ച് എന്‍സിപി. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയും തോമസ് കെ.തോമസ് എംഎല്‍എയും ഇന്ന് വൈകിട്ട് ആറിന് ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തും. ഡൽഹിയിലെ ശരദ് പവാറിന്റെ വീട്ടിലാണ് നിർണായക ചർച്ച. വിഷയത്തില്‍ എന്തായാലും ഒരു അന്തിമതീരുമാനം വേണമല്ലോ എന്നാണ് തോമസ് കെ.തോമസിന്റെ പ്രതികരണം. നിരാശയല്ല മറിച്ച് പ്രത്യാശയാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ശരദ് പവാറിനെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയനില്‍ സമ്മര്‍ദം ചെലുത്തി മന്ത്രിമാറ്റം നടപ്പാക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് കൂടിക്കാഴ്ച. തോമസ് കെ. തോമസിനെ മന്ത്രി ആക്കിയില്ലെങ്കില്‍ എന്‍സിപിക്കു മന്ത്രി വേണ്ട എന്ന കടുത്ത നിലപാടിലേക്കു പാര്‍ട്ടി പോയേക്കുമെന്നും സൂചനയുണ്ട്. തോമസ് കെ. തോമസിനെ മന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് ശരദ് പവാറിന്റെ കത്ത് നേരത്തേ മുഖ്യമന്ത്രിക്കു നല്‍കിയിരുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പുകള്‍ കഴിയും വരെ കാത്തിരിക്കാനായിരുന്നു മറുപടി. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും വിഷയത്തില്‍ തീരുമാനം ഉണ്ടാകാത്തതില്‍ തോമസ് കെ. തോമസിന് കടുത്ത അതൃപ്തിയുണ്ട്.
അതേസമയം, മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ ശരദ് പവാര്‍ തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് മന്ത്രി എ.കെ. ശശീന്ദ്രന്റെ നിലപാട്. മന്ത്രിസ്ഥാനം ഒഴിഞ്ഞാല്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷപദവി വേണമെന്ന് അദ്ദേഹം ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്. രണ്ടര വര്‍ഷത്തിനു ശേഷം ശശീന്ദ്രന് മന്ത്രിസ്ഥാനം ഒഴിയുമെന്ന് ധാരണയുണ്ടായിരുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് തോമസ് കെ. തോമസ് അവകാശവാദം ഉന്നയിക്കുന്നത്. എന്നാല്‍ മന്ത്രിമാറ്റ ചര്‍ച്ചകള്‍ സജീവമായതിനു പിന്നാലെ കൂറുമാറ്റത്തിനു തോമസ് കെ. തോമസ് പണം വാഗ്ദാനം ചെയ്തുവെന്ന ആരോപണം ഉയര്‍ന്നു.
തോമസിനെ മന്ത്രിയാക്കണമെന്ന പാര്‍ട്ടി തീരുമാനം അറിയിക്കാന്‍ എത്തിയ എന്‍സിപി നേതൃസംഘത്തോടു മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എല്‍ഡിഎഫ് എംഎല്‍എമാരായ ആന്റണി രാജുവിനെയും കോവൂര്‍ കുഞ്ഞുമോനെയും അജിത് പവാര്‍ പക്ഷത്തേക്ക് കൂറുമാറ്റാനായി തോമസ് കോഴ വാഗ്ദാനം ചെയ്തെന്നായിരുന്നു ആരോപണം. എന്നാല്‍ പരാതി അന്വേഷിച്ച എന്‍സിപി കമ്മിഷന് തോമസിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടിക്കുള്ളില്‍ മന്ത്രിമാറ്റം സജീവമായിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.