കൊല്ലം: മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരുടെ കൂട്ടായ്മയില്‍ പണി കഴിപ്പിച്ച വീടിന്റെ താക്കോൽ ദാനവും പാലുകാച്ചും നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈശ്വര നിലയം എന്നാണ് വീടിന്റെ പേര്. കൊല്ലം കടയ്ക്കലിലെ സ്വർണ വ്യാപാരി പള്ളിയമ്പലം ജയചന്ദ്രൻ പിള്ള സൗജന്യമായി നല്‍കിയ സ്ഥലത്താണ് അമ്മയും രണ്ടു പെൺകുട്ടികളുമടങ്ങുന്ന കുടുംബത്തിന് വീടൊരുങ്ങിയത്. സുരക്ഷാ ജീവനക്കാരുടെ ശമ്പളത്തിൽനിന്നു ജീവകാരുണ്യ പ്രവർത്തനത്തിനു മാറ്റിവച്ച തുകയാണ് വീടിനു വേണ്ടി ചെലവഴിച്ചത്.
പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർഥിയായ ആര്യയ്ക്കാണ് വീട്. ഹെഡ്മാസ്റ്ററും അധ്യാപകരും അനുമോദനമറിയിക്കാൻ വീട്ടിലെത്തിയപ്പോഴായിരുന്നു വിദ്യാർഥിയുടെ അടച്ചുറപ്പില്ലാത്ത വീട് കണ്ടത്. ആര്യയും സഹോദരിയായ അമൃതയും അമ്മ അജിതയും അടച്ചുറപ്പില്ലാത്ത ഒരു കുഞ്ഞു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അമ്മ ഹോട്ടലിൽ ജോലിക്ക് പോയാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത്. സംഭവം വാർത്തയായതോടെ ജയചന്ദ്രൻ പിള്ള കോട്ടപ്പുറത്തെ തന്റെ വസ്തുവി നിന്ന് എട്ടു സെന്റ് വീടു വയ്ക്കാനായി നൽകി. ഇതിനു പിന്നാലെ വീട് വയ്ക്കാൻ സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരുടെ കൂട്ടായ്മ എത്തുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം അടച്ചുറപ്പുള്ള വീടിന്റെ സുരക്ഷിതത്വമെന്നത് പലർക്കും മനുഷ്യായുസ് മുഴുവൻ നീണ്ട കഠിന പ്രയത്നങ്ങളുടെ സാക്ഷാത്കാരമാണ്. വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ സാധിക്കാതെ പോകുന്നവരും നമുക്ക് ചുറ്റുമുണ്ട്. പലരുടെയും ഈ നിസഹായത തിരിച്ചറിഞ്ഞു വീട് നിർമ്മിക്കാൻ നാടിന് സുരക്ഷയൊരുക്കുന്ന പൊലീസ് സേനാംഗങ്ങൾ മുന്നോട്ടുവരുന്ന അനുഭവം നമ്മുടെ സാഹോദര്യത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും പ്രതിഫലനമാണ്.
കൊല്ലം ജില്ലയിലെ കടയ്ക്കൽ ഗവ. വിഎച്ച്എസ്എസിലെ മിടുക്കരായ വിദ്യാർഥികൾക്കും അമ്മയ്ക്കും മുഖ്യമന്ത്രിയുടെ സുരക്ഷാ സേനാംഗങ്ങൾ വീടൊരുക്കിയത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. 64 പേരടങ്ങുന്ന സുരക്ഷാ സേനാംഗങ്ങളും പേഴ്സണൽ അസിസ്റ്റന്റും ചേർന്ന കൂട്ടായ്മയാണ് തങ്ങളുടെ വരുമാനത്തിൽ നിന്നുള്ള ഒരു ഭാഗം വീട് നിർമാണത്തിനായി മാറ്റിവച്ചത്. അസുഖബാധിതയായ അമ്മ മാത്രമുള്ള ഈ കുഞ്ഞുങ്ങളുടെ സാഹചര്യങ്ങൾ മനസിലാക്കി സ്കൂൾ അധികൃതരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ വീട് നിർമാണത്തിനായുള്ള സ്ഥലം കണ്ടെത്തുകയായിരുന്നു.
ഒരു നാടാകെ ഒന്നിച്ചു നിന്നുകൊണ്ട് യാഥാർഥ്യമാക്കിയ ഈ സ്‌നേഹവീടിന്റെ താക്കോൽദാനത്തിന് പങ്കുചേർന്നത് മനസിനെ ആഴത്തിൽ സ്പർശിച്ച അനുഭവമായിരുന്നു. വീട് നിർമിക്കാൻ മുന്നോട്ടുവന്ന സുരക്ഷാ ജീവനക്കാർക്ക് അഭിനന്ദനങ്ങൾ. രണ്ട് പെൺകുട്ടികളും മാതാവും അടങ്ങുന്ന കുടുംബത്തെ ചേർത്തുനിർത്തിയ നാട്ടുകാർക്കും ആശംസകൾ. പ്രതിസന്ധികളിലും വെല്ലുവിളികളിലും ഒറ്റപ്പെട്ട് പോകുന്നവരെ ചേർത്തുപിടിക്കുന്നതാണ് ഈ നാടിന്റെ പാരമ്പര്യം. ഇവിടെയാരും ഒറ്റപ്പെട്ടുപോകില്ലെന്നത് വെറും വാക്കല്ല, ഒരു ജനതയെന്ന നിലയ്ക്ക് നാം അടിയുറച്ചു വിശ്വസിക്കുന്ന ഉറപ്പാണത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.