ന്യൂഡൽഹി: ഫലങ്ങൾ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തപ്പോൾ മാത്രം ഇവിഎമ്മുകളെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്ന് കോൺഗ്രസ് സഖ്യകക്ഷിയായ നാഷണൽ കോൺഫറൻസിൻ്റെ വൈസ് പ്രസിഡൻ്റും ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള. വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം. വോട്ടിങ് രീതിയെ ചോദ്യം ചെയ്യുന്നതിൽ സ്ഥിരത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസും സഖ്യകക്ഷികളും ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) വിശ്വാസ്യതയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും ബാലറ്റ് വോട്ടിങിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്യുമ്പോഴാണ് ഒമർ അബ്ദുള്ളയുടെ പ്രതികരണം.
'ഇവിഎമ്മുകൾ ഉപയോഗിച്ച് നടത്തിയ തിരഞ്ഞെടുപ്പിൽ നൂറിലധികം പാർലമെൻ്റ് അംഗങ്ങളെ ലഭിക്കുകയും അത് പാർട്ടിയുടെ വിജയമായി ആഘോഷിക്കുകയും പിന്നീട് കുറച്ച് മാസങ്ങൾക്ക് ശേഷം ഇവിഎമ്മുകൾക്കെതിരെ തിരിയുകയും ചെയ്യുന്നത് ഉചിതമല്ല. ഇവിഎമ്മുകളിൽ പ്രശ്‌നങ്ങളുണ്ടെങ്കിൽ, ആ പ്രശ്‌നങ്ങളിൽ ഉറച്ചുനിൽക്കണം. ഇവിഎമ്മുകളിൽ പ്രശ്‌നമുണ്ടെന്ന് വിശ്വസിക്കുമ്പോൾ എങ്ങനെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കും. മെഷിനുകളിൽ വിശ്വസിക്കുന്നില്ലെങ്കിൽ പോരാടണം. ജയിക്കുമ്പോൾ നിശബ്ദത പാലിക്കുന്നതും പരാജയപ്പെട്ടാൽ മെഷിനെതിരെ സംസാരിക്കുന്നതും ശരിയല്ല. വോട്ടിങ് രീതിയിൽ വിശ്വസിക്കുന്നില്ലെങ്കിൽ പാർട്ടികൾ തിരഞ്ഞെടുപ്പിൽ മത്സരിക്കരുത്'. അദ്ദേഹം പറഞ്ഞു.
'ഒരിക്കൽ വോട്ടർമാർ തിരഞ്ഞെടുക്കും, അടുത്ത തവണ തിരഞ്ഞെടുക്കണമെന്നില്ല. ഞാൻ ഒരിക്കലും ഇവിഎമ്മുകളെ കുറ്റപ്പെടുത്തിയിട്ടില്ല'. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയവും മാസങ്ങൾക്ക് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ വിജയവും ഉദാഹരണമാക്കി അദ്ദേഹം പറഞ്ഞു.
ബിജെപി വക്താവിനെപോലെയാണ് ഒമറിന്റെ പരാമർശമെന്ന് അഭിമുഖം നടത്തുന്നയാൾ പറഞ്ഞപ്പോൾ, 'ഞാൻ ബിജെപി വക്താവല്ല, എല്ലാവരും വിശ്വസിക്കുന്നതിന് വിരുദ്ധമായി സെൻട്രൽ വിസ്ത പദ്ധതി ഒരു നല്ല കാര്യമാണെന്ന് ഞാൻ കരുതുന്നു. ഒരു പുതിയ പാർലമെൻ്റ് കെട്ടിടം നിർമ്മിക്കുന്നത് ഒരു മികച്ച ആശയമാണെന്ന് ഞാൻ വിശ്വസിക്കുന്നു. 'എന്താണോ ശരി അതിലുറച്ചുനില്‍ക്കുക' അദ്ദേഹം കൂട്ടിചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.