കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ നാല് വിമത വൈദികർക്കെതിരെ നടപടിയുമായി അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ. പാലാരിവട്ടം മാർട്ടിൻ ഡി പോറസ് കത്തോലിക്കാ പള്ളി, തൃപ്പൂണിത്തുറ സെൻറ് മേരീസ് ഫൊറോന പള്ളി, കടവന്ത്ര മാതാനാഗർ വേളാങ്കണ്ണി മാതാ പള്ളി, എന്നിവിടങ്ങളിലെ നാല് വൈദികർക്കെതിരേയാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്. വൈദികർ അജപാലന ചുമതലകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ചൂണ്ടികാണിച്ചാണ് നടപടി.
അതേസമയം, അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂരിന്റെ ഉത്തരവിനെ വിശ്വാസി സമൂഹം അംഗീകരിക്കുന്നില്ലെന്നും ഇതിനെതിരേ വ്യാപക പ്രതിഷേധമുയർത്തുമെന്നും അൽമായ മുന്നേറ്റം വക്താവ് റിജു കാഞ്ഞൂക്കാരൻ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ മാസം അതിരൂപതിയിലെ നാല് പള്ളികളിലെ വികാരിമാരെ മാറ്റി അവിടെ പുതിയ അഡ്മിനിസ്ട്രേറ്റർമാരെ നിയമിച്ച് അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, ഉത്തരവിനെ തുടർന്ന് ചുമതലയേൽക്കാനെത്തിയ അഡ്മിനിസ്ട്രേറ്റരുമാരെ വിശ്വാസികൾ തടയുകയും വലിയ പ്രതിഷേധത്തിനൊടുവിൽ അവർ ചുമതലയേൽക്കാതെ മടങ്ങുകയും ചെയ്തു.
തുടർന്ന് സ്ഥലംമാറ്റത്തിനെതിരേ ഈ നാല് വൈദികരും സിവിൽ കേസ് നൽകി. ഈ വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. കോടതി നടപടികൾ പൂർത്തിയാകുന്നതുവരെ വിഷയത്തിൽ മറ്റ് നടപടികളൊന്നും സ്വീകരിക്കില്ലെന്നും മാർ ബോസ്കോ പുത്തൂരിന്റെ അഭിഭാഷകൻ കോടതിയെ വാക്കാൽ അറിയിച്ചിരുന്നു. ഇതിനിടെയാണ് സസ്പെൻഷൻ നൽകികൊണ്ടുള്ള പുതിയ ഉത്തരവ്.
"സ്ഥലം മാറ്റം അംഗീകരിക്കാത്ത വൈദികരും വിശ്വാസികളും സസ്പെൻഷൻ അംഗീകരിക്കുന്നില്ല. വൈദികർക്കെതിരായ സസ്പെൻഷനെതിരേ വ്യാപക പ്രതിഷേധം ഉയർത്തും. സസ്പെൻഷൻ ഉത്തരവ് കോടതിയിൽ സമർപ്പിക്കും. വിഷയത്തിൽ കോടതി തീരുമാനമുണ്ടാകട്ടേ. കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനം" അൽമായ മുന്നേറ്റം വക്താവ് റിജു കാഞ്ഞൂക്കാരൻ പറഞ്ഞു.
പുതിയ അഡ്മിനിസ്ട്രേറ്റർമാരെ നിയമിച്ച ഉത്തരവിന് പിന്നാലെ തൃപ്പുണിത്തുറ പള്ളിയിൽ വൻ പോലിസ് സന്നാഹത്തോടെ സ്ഥാനം ഏൽക്കാനെത്തിയ ഫാദർ കുര്യൻ ഭരണികുളങ്ങരയെ ഇടവക സമൂഹം പള്ളിയിൽ കയറാൻ അനുവദിക്കാതെ ഉപരോധം സൃഷ്ടിച്ചതോടെ പള്ളിയുടെ മതിലിൽ ഒരു നോട്ടീസ് പതിപ്പിച്ചു തിരിച്ചു പോവുകയായിരുന്നു. പാലാരിവട്ടം പള്ളിയിലും കടവന്ത്ര മാതാ നഗർ പള്ളിയിലും സമാനമായ രീതിയിൽ സ്ഥാനമേൽക്കാനെത്തിയ വൈദികർക്കെതിരേ വിശ്വാസികൾ വലിയ പ്രതിഷേധമുണ്ടാക്കിയതിനെ തുടർന്ന് അവരും തിരികെ പോയി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.