തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി. റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ ബസിന്റെ സര്‍വീസ് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്കുമാര് ഫ്ളാഗ് ഓഫ് ചെയ്തു. കേരളത്തിലെ ജനങ്ങള്‍ക്കുള്ള പുതുവത്സര സമ്മാനമാണ് പുതിയ ബസ് എന്ന് മന്ത്രി പറഞ്ഞു. ആനയറ കെ.എസ്.ആര്.ടി.സി. സ്വിഫ്റ്റ് ആസ്ഥാനത്ത് നടന്ന ഉദ്ഘാടന പരിപാടിയില്‍ എം.എല്‍.എ. കടകംപള്ളി സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. മൂന്നാറിലെ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് ബസ് സര്‍വീസ് ആരംഭിച്ചിരിക്കുന്നതെന്നും ഇത് തന്റെ എക്കാലത്തേയും സ്വപ്നമായിരുന്നുവെന്നും മന്ത്രി ഗണേഷ്കുമാര് ചടങ്ങില്‍ പറഞ്ഞു. യാത്രക്കാര്‍ക്ക് പുറം കാഴ്ചകള്‍ പൂര്‍ണ്ണമായും ആസ്വദിക്കാന്‍ കഴിയുന്ന വിധത്തിലാണ് ബസിന്റെ നിര്‍മ്മാണം.
50 പേര്‍ക്ക് പുറംകാഴ്ചകള്‍ കണ്ടുകൊണ്ട് ബസില്‍ യാത്ര ചെയ്യാം. കുടിവെള്ളം, കോഫി വെന്‍ഡിങ് മെഷീന് തുടങ്ങിയ സൗകര്യങ്ങളും ബസിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. പാപ്പനങ്ങാട് ഡിപ്പോയില്‍ കെ.എസ്.ആര്.ടി.സി. വര്‍ക്ക്ഷോപ്പിലായിരുന്നു ബസിന്റെ നിര്‍മാണം. ബസ് നിര്‍മ്മിച്ച കെ.എസ്.ആര്.ടി.സി. ജീവനക്കാരെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. 'കേരളത്തിലെ ജനങ്ങള്‍ക്കുള്ള പുതുവത്സര സമ്മാനമാണ് ഈ ബസ് സര്‍വീസ്. എന്റെ മനസ്സിലെ ഒരു പഴയ സ്വപ്നമാണ് ഈ ബസ്. തിരുവനന്തപുരത്ത് ഓടുന്ന രണ്ട് ഡബിള്‍ ഡെക്കര്‍ ബസുകള്‍ എന്നും നിറഞ്ഞാണ് ഓടുന്നത്. മൂന്നാറിലും ഡബിള്‍ ഡെക്കര്‍ ബസ് ലാഭമുണ്ടാക്കും എന്നാണ് പ്രതീക്ഷ,' ഗതാഗത മന്ത്രി പറഞ്ഞു.
10 ദിവസത്തേക്ക് ബസ് തിരുവനന്തപുരത്ത് ഉണ്ടാകും. പിന്നീട് മൂന്നാറിലേയ്ക്ക് കൊണ്ട് പോകും. അവിടെ ഈ ബസ് പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക ഷെഡ് സജ്ജമാക്കുകയാണ്. മൂന്നാറില്‍ ബസിന്റെ സര്‍വീസ് രാവിലെ 10 മണി മുതല്‍ ആരംഭിക്കാനാണ് കരുതുന്നത്. മൂന്നാറില്‍വെച്ച് ടൂറിസം വകുപ്പ് മന്ത്രിയെ കൊണ്ട് ഫ്ലാഗ് ഓഫ് ചെയ്യിക്കാന്‍ പദ്ധതിയിടുന്നുണ്ട്. കോവിഡിന് പിന്നാലെ കേരളത്തിലെ ടൂറിസം കള്‍ച്ചര്‍ മാറിയിട്ടുണ്ട്. മലയാളികള്‍ കൂടുതല്‍ ഭംഗിയുള്ള കാഴ്ചകള്‍ ആസ്വദിക്കാന്‍ തുടങ്ങി. ഇന്ന് വിദേശികള്‍ മാത്രമല്ല, നമ്മള് തന്നെയാണ് ടൂറിസ്റ്റുകളെന്നും മന്ത്രി പറഞ്ഞു.
അതേസമയം സ്വിഫ്റ്റ് ബസിലെ ഡ്രൈവര്‍മാരുടെ അശ്രദ്ധമായ ഡ്രൈവിങ് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അവര്‍ക്ക് പ്രത്യേകം പരിശീലനം നല്കാന് ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'സ്വിഫ്റ്റ് ബസ് ഡ്രൈവര്‍മാര്‍ ആശ്രദ്ധമായിട്ടാണ് വാഹനം ഓടിക്കുന്നത്. അവര്‍ക്ക് പ്രത്യേക പരിശീലനം നല്കാന് ഉദ്ദേശിക്കുന്നുണ്ട്. സ്വിഫ്റ്റ് ബസ് ഡ്രൈവര്‍മാര്‍ കൂടുതല്‍ അപകടം ഉണ്ടാക്കുന്നു, ഡീസല്‍ കത്തിച്ച് തീര്‍ക്കുന്നു. ഇവര്‍ ഓടിക്കുമ്പോള്‍ മൈലേജ് കുറവാണ്. ഇത് തടയാന്‍ പുതിയ പദ്ധതി തയ്യാറാക്കാന്‍ ഒരുങ്ങുകയാണ്. ഡ്രൈവര്‍മാര്‍ പ്രതികാര ബുദ്ധിയോടെ വണ്ടിയോടിക്കേണ്ട ആവശ്യമില്ല,' മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇലക്ട്രിക് ബസുകള്‍ അമിത വേഗത്തില്‍ ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കെ.എസ്.ആര്.ടി.സി. ഡ്രൈവര്‍മാര്‍ അശ്രദ്ധമായി വണ്ടിയോടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്റെ വാഹനത്തില്‍ ക്യാമറ വാങ്ങി വെച്ചിട്ടുണ്ട്. ഹെല്‍മറ്റ് ഇല്ലാത്ത യാത്ര, മൂന്നു പേരെ വെച്ചുള്ള ബൈക്ക് യാത്ര തുടങ്ങിയ നിയമലംഘനങ്ങള്‍ എല്ലാം പകര്‍ത്തി ആര്.ടി.ഒ.യ്ക്ക് കൈമാറും. അതേസമയം, കെ.എസ്.ആര്.ടി.സി. ജീവനക്കാരെ കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികളും ഗതാഗതവകുപ്പ് കൈക്കൊണ്ടിട്ടുണ്ട്. അതുമാത്രമല്ല, ആധുനിക ബസ് വാങ്ങാന്‍ 63 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട് എന്ന വാര്‍ത്തയും ഗതാഗതമന്ത്രി പങ്കുവെച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.