തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ വയബിലിറ്റി ഗാപ് ഫണ്ട് (വി.ജി.എഫ്) ലാഭവിഹിതമായി തിരികെ നല്‍കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ സമീപനം വിവേചനപരമെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്. സംസ്ഥാനം സമ്മര്‍ദം ശക്തമാക്കും. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി ഇതുവരെ ഒരു രൂപ പോലും കേന്ദ്രസര്‍ക്കാര്‍ മുടക്കിയിട്ടില്ല എന്നും വാസവന് കൂട്ടിച്ചേര്‍ത്തു.
വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രം നല്കുന്ന 817.80 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) ലാഭവിഹിതമായി തിരികെനല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഈ നിബന്ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിന് മറുപടിയായാണ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന് ഇക്കാര്യം അറിയിച്ചത്. ഇതോടെ സംസ്ഥാനം വിഴിഞ്ഞത്തിനായി കൂടുതല്‍ പണം കണ്ടെത്തേണ്ട സാഹചര്യമാണ് നിലവില്‍ വന്നത്.
തമിഴ്നാട്ടിലെ തൂത്തുക്കുടി തുറമുഖത്തിന്റെ ഔട്ടര്‍ ഹാര്‍ബര്‍ പദ്ധതിക്ക് 1411 കോടിരൂപ അനുവദിച്ചത് തിരിച്ചുനല്‍കേണ്ടെന്ന വ്യവസ്ഥയിലാണ്. ഇതേ പരിഗണന വിഴിഞ്ഞത്തിനും വേണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. എന്നാല്‍, തൂത്തുക്കുടിയെയും വിഴിഞ്ഞത്തെയും താരതമ്യംചെയ്യാന്‍ കഴിയില്ലെന്ന് നിര്‍മലാ സീതാരാമന് പറയുന്നു. തൂത്തുക്കുടി തുറുമുഖം വി.ഒ.സി. പോര്‍ട്ട് അതോറിറ്റിയുടേതാണ്. അത് കേന്ദ്രസര്‍ക്കാരിന്റെ ഭരണനിയന്ത്രണത്തിലുള്ള സ്ഥാപനമാണ്.
817.80 കോടിരൂപ വി.ജി.എഫ്. ആയി വിഴിഞ്ഞത്തിന് നല്‍കാനാണ് കേന്ദ്രത്തിലെ ഉന്നതാധികാരസമിതി ശുപാര്‍ശചെയ്തത്. ഇത് നെറ്റ് പ്രസന്റ് വാല്യു (എന്‍.പി.വി.) അടിസ്ഥാനമാക്കി ലാഭവിഹിതമായി തിരിച്ചുനല്‍കണമെന്ന നിബന്ധനയാണ് കേന്ദ്രത്തിന്റേത്. ഇപ്പോള്‍ നല്കുന്ന 817.80 കോടിരൂപ 10,000 മുതല്‍ 12,000 കോടിവരെയായി ഉയര്‍ന്നേക്കാമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഇത് കേന്ദ്രം ചെറിയപണം മുടക്കി വലിയലാഭം കൊയ്യുന്നതിന് സമാനമാണ്.
ഇതുവരെ ഒരു പദ്ധതിയിലും കേന്ദ്രം വി.ജി.എഫ്. തിരികെച്ചോദിച്ചിട്ടില്ലെന്നാണ് കേരളത്തിന്റെ നിലപാട്. 50 കോടി രൂപ ഇതിനകം കേന്ദ്രത്തിന് കിട്ടി.
ഉദ്ഘാടനത്തിനുമുന്‍പുതന്നെ വിഴിഞ്ഞത്ത് 70 കപ്പല്‍ വന്നുപോയി. ഇതില്‍ 50 കോടിരൂപയ്ക്കുമുകളില് ജി.എസ്.ടി. ആയി കേന്ദ്രസര്‍ക്കാരിന് ലഭിച്ചുവെന്നാണ് കേരളത്തിന്റെ കണക്ക്.
വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനംതുടങ്ങിയാല്‍ ഒരുവര്‍ഷത്തിനകംതന്നെ കേന്ദ്രംമുടക്കുന്ന വി.ജി.എഫ്. ഫണ്ട് ജി.എസ്.ടി. വിഹിതമായി ലഭിക്കും. എന്നിട്ടും വി.ജി.എഫ്. തിരികെച്ചോദിക്കുന്നത് അന്യായമാണെന്നാണ് കേരളത്തിന്റെ നിലപാട്.കേന്ദ്രം അനുവദിക്കുന്നതിനുതുല്യമായ തുക കേരളവും വി.ജി.എഫ്. ആയി മുടക്കുന്നുണ്ട്. അതിനുപുറമേ 4777.14 കോടിരൂപയാണ് സംസ്ഥാനസര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖനിര്‍മാണത്തിനും അനുബന്ധസൗകര്യത്തിനുമായി മുടക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.