തിരുവനന്തപുരം: മുൻ കണ്ണൂർ എ.ഡി.എം നവീൻ ബാബുവിൻറെ അടിവസ്ത്രത്തിൽ രക്തക്കറ കണ്ടെത്തിയ പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട് ഗൗരവതരമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. എ.ഡി.എമ്മിൻറെ മരണം കൊലപാതകമാണെന്ന സംശയത്തിന് ബലം നൽകുന്നതാണ് പുതിയ വാർത്തയെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.
ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായാണ് പറയുന്നത്. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ എവിടെയും രക്തത്തിന്റെ അംശത്തെപ്പറ്റി പറയുന്നില്ല. തൂങ്ങുമ്പോള്‍ ശ്വാസം മുട്ടിയാകും മരിക്കുക. എയര്‍ പാസേജ് ബ്ലോക്ക് ആകുകയോ, പൊട്ടുകയോ ചെയ്യും. എന്നാല്‍ അതെല്ലാം നോര്‍മല്‍ ആണെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും എഫ്.ഐ.ആറിലും ഇതിനെ പറ്റി പരാമർശമില്ലാത്തത് സംശയാസ്പദമാണ്. ആഭ്യന്തര വകുപ്പിൻറെ ഇടപെടൽ നടന്നുവെന്നത് വ്യക്തമാണ്. മുഖ്യമന്ത്രിയുടെ നിർദേശമില്ലാതെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇത്തരമൊരു നടപടി സ്വീകരിക്കില്ലെന്നുറപ്പാണ്.ഉന്നത ഇടപെടൽ നടന്നതിനാൽ സംസ്ഥാന പൊലീസിൻറെ അന്വേഷണം പ്രഹസനമാകും. സി.ബി.ഐ അന്വേഷണത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയും സർക്കാരും എതിർക്കുന്നത് മടിയിൽ കനമുള്ളത് കൊണ്ടാണ്. നവീൻ ബാബുവിൻറെത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് ബി.ജെ.പി നേരത്തെ തന്നെ പറഞ്ഞിരുന്നു. സി.ബി.ഐ അന്വേഷണം നടന്നാൽ മാത്രമേ നവീൻ ബാബുവിൻറെ കുടുംബത്തിന് നീതി ലഭിക്കുകയുള്ളൂവെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
കണ്ണൂരില്‍ മരിച്ച എഡിഎമ്മിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നുവെന്ന പൊലീസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിന് പിന്നാലെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ക്കെതിരെ നവീന്‍ ബാബുവിന്റെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടര്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് കൃത്യമായി വായിച്ചു നോക്കേണ്ടതായിരുന്നുവെന്ന് നവീന്‍ ബാബുവിന്റെ ബന്ധു അഡ്വ. അനില്‍ പി നായര്‍ ആരോപിച്ചു. ആന്തരിക അവയവങ്ങളിലും ശരീരത്തിലും മറ്റുപരിക്കുകളില്ല എന്ന് പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ട് പറയുന്നു. പിന്നെ അടിവസ്ത്രത്തില്‍ രക്തക്കറ എങ്ങനെ വരുമെന്നും അനില്‍ ചോദിച്ചു.
ജോക്കി എന്ന എഴുത്തുള്ളതും ചാരനിറത്തിലുള്ളതുമായ അടിവസ്ത്രമാണ്, മരിക്കുമ്പോള്‍ നവീന്‍ബാബു ധരിച്ചിരുന്നത്. അടിവസ്ത്രം രക്തക്കറകളോടുകൂടിയ നിലയിലായിരുന്നുവെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുള്ളത് നവീന്‍ ബാബു മരിച്ചവിവരം പുറത്തുവന്ന ഒക്ടോബര്‍ 15-ന് രാവിലെ കണ്ണൂര്‍ ടൗണ്‍ പൊലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. എന്നാല്‍ മൃതദേഹപരിശോധന റിപ്പോര്‍ട്ടില്‍ രക്തക്കറയുടെയോ പരിക്കിന്റെയോ പരാമര്‍ശങ്ങളില്ല. തുടകള്‍, കണങ്കാലുകള്‍, പാദങ്ങള്‍ എന്നിവ സാധാരണനിലയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മൃതശരീരത്തില്‍ നിന്നും രക്തസ്രാവം ഉണ്ടായിട്ടുണ്ട്. അതിനര്‍ത്ഥം ഒരു മുറിവ് ശരീരത്തില്‍ എവിടെയോ ഉണ്ടായിട്ടുണ്ട് എന്നാണ്. അത് എന്തായിരുന്നു എന്ന് പറയേണ്ടത് പൊലീസിന്റെ ബാധ്യതയും പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറുടെ ചുമതലയുമാണെന്നും അനില്‍ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം തുടക്കം മുതല്‍ ശരിയായ ദിശയിലല്ല നടക്കുന്നത്. ഒരു പ്രതി മാത്രമല്ല ഇതിലുള്ളത്. ഒന്നിലധികം പേര്‍ നവീന്‍ ബാബുവിന്റെ മരണത്തില്‍ ഇടപെട്ടിട്ടുണ്ട് എന്നാണ് സംശയിക്കുന്നത്. കുറ്റക്കാരെല്ലാം കോടതിക്ക് മുന്നിലെത്തണം.
മൃതദേഹപരിശോധന പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തുന്നതില്‍ വിയോജിപ്പുണ്ടെന്നും, കോഴിക്കോട്ടേക്ക് മാറ്റണമെന്നും ബന്ധുക്കള്‍ ഡിസിപിയോട് ആവശ്യപ്പെട്ടിരുന്നു. പിപി ദിവ്യയുടെ ഭര്‍ത്താവും, കൈക്കൂലി ആരോപണമുന്നയിച്ച പ്രശാന്തനും ജോലിചെയ്യുന്ന സ്ഥലമായതിനാലാണ് പരിയാരത്തുനിന്ന് മാറ്റാന്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം കലക്ടറോട് പറഞ്ഞപ്പോള്‍, ഒന്നും പേടിക്കാനില്ലെന്നും, ഒരു ക്രമക്കേടും ഉണ്ടാകില്ലെന്ന് ഉറപ്പുതരുന്നുവെന്നും കലക്ടര്‍ അരുണ്‍ കെ വിജയന്‍ മറുപടി പറഞ്ഞുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. അതുകൊണ്ട് തന്നെ സിബിഐ അന്വേഷണം കോടതി പ്രഖ്യാപിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അനില്‍ പി നായര്‍ പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.