ബംഗളൂരു: ഐ.ഐ.എം ബാംഗ്ലൂരിന്റെ ബോർഡ് അംഗത്തിനായുള്ള തിരഞ്ഞെടുപ്പിനുള്ള മൂന്ന് സ്ഥാനാർത്ഥികളുടെ പാനലിൽ ജാതി വിവേചന കേസിൽ ആരോപിതരായ രണ്ട് പ്രഫസർമാരെ ഉൾപ്പെടുത്തിയത് വിവാദത്തിൽ.
ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണിത്. തീരുമാനമെടുക്കുന്ന ബോഡിയായ ബോർഡ് ഓഫ് ഗവർണറിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ദലിത് ഫാക്കൽറ്റി അംഗത്തിനെതിരെ ജാതി വിവേചനം കാണിച്ച കേസിൽ ആരോപിതരായ ഐ.ഐ.എം ബാംഗ്ലൂർ ഡയറക്ടർ ഋഷികേശ ടി. കൃഷ്ണൻ, മൂന്ന് പേരടങ്ങുന്ന പാനലിലേക്ക് മറ്റ് രണ്ടു പ്രതികളെ നാമനിർദേശം ചെയ്ത നടപടിയിൽ ഗ്ലോബൽ ഐ.ഐ.എം അലുമ്‌നി നെറ്റ്‌വർക്ക് ശക്തമായി പ്രതിഷേധിച്ചു.
അസോസിയേറ്റ് പ്രഫസറായ ഗോപാൽ ദാസ് നൽകിയ കേസിൽ കർണാടക സർക്കാർ നടത്തിയ അന്വേഷണത്തിൽ കൃഷ്ണൻ, ഡീൻ ദിനേഷ് കുമാർ, ആറ് അധ്യാപകർ എന്നിവർക്കെതിരെ കുറ്റം ചുമത്തിയിരുന്നു. എല്ലാവർക്കുമെതിരെ എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, ഐ.ഐ.എം.ബി ഉദ്യോഗസ്ഥർക്കെതിരായ എഫ്.ഐ.ആറിലെ നടപടികൾ കർണാടക ഹൈകോടതി സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാറിന്റെ സിവിൽ റൈറ്റ്‌സ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇക്കാര്യം അന്വേഷിക്കുകയും ഇൻസ്റ്റിറ്റ്യൂട്ട് കൂട്ട ഇ മെയിലുകളിലൂടെ തന്റെ ജാതി വെളിപ്പെടുത്തിയതിനാൽ ദാസിന് തുടർച്ചയായ പീഡനം നേരിടേണ്ടിവന്നുവെന്ന നിഗമനത്തിലെത്തുകയും ചെയ്തു. ‘തൊഴിലിടത്തിൽ തുല്യ അവസരം നിഷേധിക്കുകയും പട്ടികജാതി-പട്ടികവർഗക്കാരുടെ പരാതികൾ പരിഹരിക്കുന്നതിന് ഐ.ഐ.എം ബാംഗ്ലൂർ സ്ഥാപനപരമായ സംവിധാനത്തിനുള്ള നിയമപരമായ ബാധ്യതകൾ പാലിക്കാതിരിക്കുകയും’ ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.
ഐ.ഐ.എം (ഭേദഗതി) നിയമം അനുസരിച്ച്, തീരുമാനമെടുക്കുന്ന ബോഡിയായ ബോർഡ് ഓഫ് ഗവർണറിൽ രണ്ട് ഫാക്കൽറ്റി പ്രതിനിധികൾ ഉണ്ടായിരിക്കും. ബോർഡ് ഓഫ് ഗവർണേഴ്‌സ് അംഗമെന്ന നിലയിൽ പ്രഫസർ റെജി ജോർജിന്റെ കാലാവധി ഡിസംബർ 23ന് അവസാനിച്ചിരുന്നു.
ആരോപണവിധേയരായ പ്രഫസർമാരുടെ പേരുകൾ ഡയറക്ടർ ഷോർട്ട്‌ലിസ്റ്റ് ചെയ്യാൻ പാടില്ലായിരുന്നുവെന്ന് ഗ്ലോബൽ ഐ.ഐ.എം അലുമ്‌നി നെറ്റ്‌വർക്കിലെ അനിൽ വാഗ്‌ഡെ പറഞ്ഞു. ‘വിവേചനത്തിന്റെ കാര്യത്തിൽ രണ്ട് ഫാക്കൽറ്റി അംഗങ്ങൾക്കെതിരെ ബാംഗ്ലൂരിലെ മൈക്കോ ലേഔട്ട് പൊലീസ് സ്റ്റേഷൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വാഗ്ഡെ പറഞ്ഞു. എന്നാൽ, തീരുമാനത്തെ ന്യായീകരിക്കുകയാണ് സ്ഥാപനം ചെയ്തത്. സ്ഥാനാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുമ്പോൾ ഇൻസ്റ്റിറ്റ്യൂട്ട് നിയമങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഐ.ഐ.എം-ബി വക്താവ് കവിത കുമാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.