ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയ് ദിവസ് സന്ദേശത്തിൽ ബംഗ്ലാദേശ് ഇടക്കാല സർക്കാരിന് അതൃപ്തി. പ്രധാനമന്ത്രിയുടെ പരാമർശം ബംഗ്ലാദേശിൻ്റെ സ്വാതന്ത്ര്യത്തിനും അഖണ്ഡതയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നാണ് വിമർശനം.
മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിൻ്റെ ഭാഗമായ നിരവധി നേതാക്കൾ പരമാർശത്തിൽ അതൃപ്തി പ്രകടിപ്പിച്ചു. യൂനസിൻ്റെ നിയമോപദേഷ്ടാവ് ആസിഫ് നസ്രുൾ, ഇന്ത്യാ വിമര്‍ശകനും വിദ്യാർഥി നേതാവുമായ ഹസ്നത്ത് അബ്ദുള്ള എന്നിവരുൾപ്പെടെയാണ് രൂക്ഷ വിമർശനമുന്നയിച്ചത്.
"ഇന്ന്, വിജയ് ദിവസിൽ, 1971-ൽ ഇന്ത്യയെ ആത്മാർത്ഥമായി സേവിക്കുകയും നിർണായക വിജയം ഉറപ്പാക്കുകയും ചെയ്ത എല്ലാ ധീര വീരന്മാർക്കും ഹൃദയംഗമമായ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ ധീരതയും അർപ്പണബോധവും രാജ്യത്തിന് അഭിമാനമാണ്. അവരുടെ ത്യാഗവും അചഞ്ചലമായ ചൈതന്യവും ജനഹൃദയങ്ങളിലും രാജ്യത്തിൻ്റെ ചരിത്രത്തിലും എക്കാലവും നിലനിൽക്കും. അവരുടെ ധീരതയെ ഇന്ത്യ അഭിവാദ്യം ചെയ്യുന്നു, അവരുടെ അജയ്യമായ ആത്മാവിനെ ഓർക്കുന്നു," പ്രധാനമന്ത്രി നരേന്ദ്രമോദി സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.
പാകിസ്താനെയോ ബംഗ്ലാദേശിനെയോ സന്ദേശത്തിൽ പരാമർശിച്ചിട്ടില്ല. ബംഗ്ലാദേശ് നേതാക്കൾ സന്ദേശത്തെ ശക്തമായി അപലപിച്ചു. "ഞാൻ ശക്തമായി പ്രതിഷേധിക്കുന്നു. 1971 ഡിസംബർ 16 ബംഗ്ലാദേശിൻ്റെ വിജയ ദിനമായിരുന്നു. ഈ വിജയത്തിൽ ഇന്ത്യ ഒരു സഖ്യകക്ഷിയായിരുന്നു, അതിൽ കൂടുതലൊന്നുമില്ല," മുഹമ്മദ് യൂസഫിൻ്റെ നിയമ ഉപദേഷ്ടാവ് ആസിഫ് നസ്‌റുൽ ഫേസ്ബുക്കിൽ കുറിച്ചു.
"ഇത് ബംഗ്ലാദേശിൻ്റെ വിമോചന യുദ്ധമാണ്. പാകിസ്താനിൽ നിന്ന് ബംഗ്ലാദേശിൻ്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് യുദ്ധം നടന്നത്. എന്നാൽ ഇത് ഇന്ത്യയുടെ യുദ്ധവും നേട്ടവുമാണെന്ന് മോദി അവകാശപ്പെട്ടു. അങ്ങനെ ചെയ്യുന്നതിലൂടെ അവർ ബംഗ്ലാദേശിൻ്റെ അസ്തിത്വത്തെ പൂർണ്ണമായും അവഗണിച്ചു, ഈ സ്വാതന്ത്ര്യം തങ്ങളുടെ വിജയമാണെന്ന് ഇന്ത്യ അവകാശപ്പെടുമ്പോൾ, ബംഗ്ലാദേശിൻ്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും നേരെയുള്ള നേരിട്ടുള്ള ഭീഷണിയായാണ് ഞാൻ അതിനെ കാണുന്നത്." പുറത്താക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഭരണത്തിനെതിരെ പ്രതിഷേധിച്ച വിവേചന വിരുദ്ധ വിദ്യാർഥി പ്രസ്ഥാനത്തിൻ്റെ പ്രധാന നേതാവ് ഹസ്നത്ത് അബ്ദുള്ള ഫേസ്ബുക്കിൽ കുറിച്ചു.
1971ലെ യുദ്ധത്തിൽ പാകിസ്താനെതിരെ ഇന്ത്യ നേടിയ നിർണായക വിജയത്തിന്റെ അനുസ്മരണമായി എല്ലാ വർഷവും ഡിസംബർ 16ന് വിജയ് ദിവസ് ആചരിക്കുന്നു. കിഴക്കൻ പാകിസ്താനെ ഇസ്ലാമാബാദിൻ്റെ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കുന്നതിനും ബംഗ്ലാദേശിൻ്റെ പിറവിക്കും യുദ്ധം കാരണമായി. 1971 ഡിസംബർ 16-നാണ് പാകിസ്താൻ സേനാ കമാൻഡർ ലഫ്റ്റനൻ്റ് ജനറൽ എഎ ഖാൻ നിയാസി ഇന്ത്യൻ കമാൻഡർ ജഗ്ജിത് സിംഗ് അറോറയ്ക്ക് മുന്നിൽ കീഴടങ്ങിയത്. പടിഞ്ഞാറൻ പാകിസ്താനിലെ ക്രൂരമായ ഭരണകൂടത്തിനെതിരായ കിഴക്കൻ പാകിസ്താൻ്റെ വർഷങ്ങളായി തുടർന്ന പ്രക്ഷോഭത്തിന് നിയാസിയുടെ കീഴടങ്ങൽ വിരാമമിട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.