തിരുവനന്തപുരം: ടാഗോര്‍ തീയേറ്ററില്‍ നടന്ന എം ടി വാസുദേവന്‍ നായര്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്. എല്ലാവരേയും പോലെ ഞാനും ഏറെ വേദനയോടെയാണ് ഈ യോഗത്തില്‍ പങ്കെടുക്കുന്നതെന്നും എം ടി ആരായിരുന്നു എന്നു ചിന്തിക്കാനുള്ള ഘട്ടമാണിതെന്നും മുഖ്യമന്ത്രി അനുസ്മരണ പ്രസംഗത്തില്‍ പറഞ്ഞു.
മലയാള ഭാഷാ പ്രതിജ്ഞ നമുക്കായി തയ്യാറാക്കിത്തന്ന വ്യക്തിയും തുഞ്ചന്‍ പറമ്പിനെ ലോകത്തെങ്ങുമുള്ള സാഹിത്യകാരന്മാരുടെ തീര്‍ത്ഥാടന കേന്ദ്രമാക്കി വളര്‍ത്തിയ വ്യക്തിയുമാണ് എം ടിയെന്ന് പിണറായി വിജയന് ഓര്‍മപ്പിച്ചു. എം ടി അസുഖബാധിതനാണെന്ന് അറിഞ്ഞിരുന്നുവെങ്കിലും മുമ്പത്തെ പോലെ ഇപ്പോഴും ആ ഘട്ടങ്ങളെ മറികടന്ന് എം ടിക്ക് ജീവിതത്തില്‍ ഒരു ‘രണ്ടാമൂഴം’ കൂടിയുണ്ടാവുമെന്നു പ്രതീക്ഷിച്ചിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ കാലത്തിനു നേര്‍ക്കു തിരിച്ചുപിടിച്ച മനസ്സായിരുന്നു എം ടിക്ക് സാഹിത്യലോകം. തൊട്ടതൊക്കെ പൊന്നാക്കിയ എഴുത്തുകാരനാണ് അദ്ദേഹമെന്ന് മുഖ്യമന്തി.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ : ‘സാഹിത്യകൃതികള്‍ കൊണ്ടുമാത്രമല്ല, മനുഷ്യസ്നേഹപരമായ നിലപാടുകള്‍ കൊണ്ടുകൂടിയാണ് എം ടി മലയാള മനസ്സില്‍ പതിഞ്ഞുനില്‍ക്കുന്നത്. തുഞ്ചന്‍ പറമ്പിനെ വര്‍ഗീയ ദുസ്വാധീനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ എത്ര വലിയ സമ്മര്‍ദമാണ് ഒരു ഘട്ടത്തില്‍ എം ടിക്കുമേല്‍ ഉണ്ടായത്! ആ ജീവനു ഭീഷണി പോലുമുണ്ടായി.
എന്നാല്‍, എം ടി തരിമ്പും വിട്ടുവീഴ്ച കാട്ടാതെ മതനിരപേക്ഷതയെ തുഞ്ചന്‍ പറമ്പിന്റെ ജീവനാക്കി നിലനിര്‍ത്തി. മതേതര കേരളം എന്നും അതിന് എം ടിയോടു നന്ദിയുള്ളതായിരിക്കും. സാഹിത്യരചനയിലൂടെ സമൂഹത്തെ പുരോഗമനോന്മുഖമായി മുന്നോട്ടുനയിക്കുന്നതില്‍ എന്നും ജാഗ്രത പുലര്‍ത്തിയ എഴുത്തുകാരനായിരുന്നു എം ടി. പള്ളിവാളും കാല്‍ച്ചിലമ്പും എന്ന കൃതി തന്നെ മതിയാകും അദ്ദേഹത്തിലെ ഈ പുരോഗമനോന്മുഖ സ്വഭാവം തിരിച്ചറിയാന്‍.
പിന്നീടത് ചലച്ചിത്രമായി മാറിയപ്പോള്‍ തനിക്ക് പറയാനുള്ള ഉല്പതിഷ്ണുത്വം നിറഞ്ഞ കാഴ്ചപ്പാടുകള്‍ സധൈര്യം അദ്ദേഹം അതിലൂടെ മുന്നോട്ടുവെച്ചു. ആവശ്യമുള്ളിടത്ത് തിരുത്തിയും, മതിയായ രീതിയില്‍ സഹകരിച്ചും പ്രോത്സാഹിപ്പിച്ചും ഞങ്ങളുടേതടക്കമുള്ള ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് അദ്ദേഹം നല്കിയ പിന്തുണയും ഈ അവസരത്തില്‍ നന്ദിപൂര്‍വ്വം ഓര്‍മ്മിക്കുകയാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ എക്കാലത്തെയും സ്നേഹസമ്പന്നനായ സഹയാത്രികനായിരുന്നു എം ടി എന്നും ഓര്‍ക്കേണ്ടതുണ്ട്.
മഹത്തും, പരിവര്ത്തനോന്മുഖവുമായ ഒരു മഹാകാലത്തിന്റെ, അവസാനിച്ചുകൊണ്ടിരിക്കുന്ന പ്രതീകങ്ങളില്‍ പ്രമുഖനാണ് എം ടി. മലയാള സാഹിത്യത്തിന്റെ തേജോമയമായ മുഖം മറ്റ് ഇന്ത്യന്‍ ഭാഷകള്‍ ദര്‍ശിക്കുന്നത് എം ടിയിലൂടെയാണെന്നതും നമുക്കറിയാം. ജി ശങ്കരക്കുറുപ്പിനെയും തകഴിയെയും ബഷീറിനെയും പൊറ്റെക്കാട്ടിനെയും ഒ എന്‍ വിയെയും അക്കിത്തത്തെയും പോലെ ഇന്ത്യന്‍ എഴുത്തുകാരന് എന്ന പദവിയിലാണ് എം ടിയുടെ നില. എം ടിയുടെ സാംസ്കാരിക സംഭാവനകളെ കേരളം എന്നും നന്ദിപൂര്‍വ്വം ഓര്‍ക്കും. മലയാളഭാഷ ഉള്ളിടത്തോളം എം ടി ഓര്‍മ്മിക്കപ്പെടും. ആ ഓര്‍മ്മകള്‍ക്ക് ആദരമര്‍പ്പിക്കുന്നു.’- മുഖ്യമന്ത്രി പിണറായി വിജയന്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.