കൊച്ചി: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ മധ്യസ്ഥനെ നിയോഗിക്കാൻ ഹൈക്കോടതി നിര്‍ദേശം.
മരിച്ചയാളോട് അൽപ്പമെങ്കിലും ആദരവ് കാണിക്കണമെന്നും ഇത്തരം തര്‍ക്കങ്ങൾ കുടുംബത്തിനുള്ളിൽ പരിഹരിക്കേണ്ടതാണെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. സെപ്റ്റംബർ 21ന് അന്തരിച്ച മുതിർന്ന സിപിഎം നേതാവിന്റെ മൃതദേഹം ഇപ്പോഴും കളമശ്ശേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.ലോറൻസിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് മകൾ ആശ ലോറൻസ് നൽകിയ അപ്പീലാണ് കോടതി ഇന്ന് പരിഗണിച്ചത്.
ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിനായി വിട്ടുനൽകാൻ നേരത്തേ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. തർക്കം പരിശോധിക്കാൻ രൂപീകരിച്ച മെഡിക്കല്‍ കോളജ് സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനാവശ്യത്തിനായി നൽകണമെന്ന് ജീവിച്ചിരുന്നപ്പോൾ ലോറൻസ് പറഞ്ഞിരുന്നുവെന്നും രണ്ടു പേർ ഇതിന് സാക്ഷികളാണെന്നും മകൻ സമിതി മുമ്പാകെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സമിതി തീരുമാനം.എന്നാൽ ശരിയായ രീതിയിലല്ല സമിതി കേട്ടത് എന്നു കാട്ടി ആശ ലോറൻസ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു.
മറ്റൊരു മകൾ സുജാത ബോബനും കേസിൽ കക്ഷിയാണ്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാന്‍ സമീപിക്കേണ്ടത് സിവിൽ കോടതിയെയാണ്. അതല്ലെങ്കിൽ പ്രശ്നം പരിഹരിക്കാൻ കോടതി ഇടപെട്ട് മധ്യസ്ഥനെ നിയോഗിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ആരെയാണ് മധ്യസ്ഥനായി നിയോഗിക്കേണ്ടതെന്ന് ഇന്നു തന്നെ അറിയിക്കണം. ഇത് കുടുംബം ചർച്ച ചെയ്തു പരിഹരിക്കാവുന്ന വിഷയമായിരുന്നു. ഇത്തരം വിഷയങ്ങൾ അധികനാളത്തേക്കു നീട്ടിവയ്ക്കുന്നത് ഉചിതമല്ല. മരിച്ചയാളിന് അൽപമെങ്കിലും ആദരവ് നൽകണം. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.