രാമനാഥപുരം: നാലുകൊല്ലംകൊണ്ട് നിർമിച്ച പുതിയ പാമ്പൻ പാലം ഗതാഗതത്തിന് സജ്ജമാണെന്ന് റെയിൽ വികാസ് നിഗം ലിമിറ്റഡ് (ആർ.വി.എൻ.എൽ.) ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീനിവാസൻ. ഒരുമാസത്തിനുള്ളിൽ ഉദ്ഘാടനം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാലത്തിന്റെ രൂപകല്പനയിലും നിർമാണത്തിലും അപാകങ്ങളുണ്ടെന്ന് റെയിൽവേ സേഫ്റ്റി കമ്മിഷണർ എ.എൻ. ചൗധരി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, രാജ്യാന്തര നിലവാരത്തിലാണ് പുതിയപാലം നിർമിച്ചിരിക്കുന്നതെന്ന് നിർമാണത്തിലെ സവിശേഷതകൾ വിവരിച്ചുകൊണ്ട് ശ്രീനിവാസൻ പറഞ്ഞു. റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേഡ്‌സ് ഓർഗനൈസേഷനും(ആർ.ഡി.എസ്.) മദ്രാസ് ഐ.ഐ.ടി.യുമാണ് രൂപകല്പന ചെയ്തത്. ഇത് റെയിൽവേബോർഡും അംഗീകരിച്ചതാണെന്ന് അദ്ദേഹം അറിയിച്ചു.
റെയിൽപ്പാലങ്ങൾ നിർമിക്കാനുള്ള മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് സേഫ്റ്റി കമ്മിഷണർ പരിശോധന നടത്തിയത്. രാജ്യാന്തര മാനദണ്ഡങ്ങളാണ് നിർമാണവേളയിൽ പിന്തുടർന്നത്. സേഫ്റ്റി കമ്മിഷണർ ചൂണ്ടിക്കാണിച്ച അപാകങ്ങളെല്ലാം പരിഹരിച്ചിട്ടുണ്ട്. പാലത്തിന്റെ ഗർഡറിന് തുരുമ്പുപിടിക്കാതിരിക്കാൻ അലൂമിനിയം, സിങ്ക് പൂശി. കപ്പലുകൾക്ക് വഴിയൊരുക്കാൻ ഒരുഭാഗം ഉയർത്താവുന്ന ‘വെർട്ടിക്കൽ ലിഫ്റ്റിങ്’ പാലമാണ്. ഇന്ത്യയിൽ ഇത്തരത്തിൽ നിർമാണം ആദ്യമാണ്. പാലത്തിന്റെ ഒരുഭാഗം 17 മീറ്റർ ഉയരും. ഇതിന് ഒരു മിനിറ്റിൽത്താഴെ സമയം മതി.
2.4 കിലോമീറ്റർ നീളമുള്ള പാലത്തിലൂടെ മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിലാണ് തീവണ്ടി ഓടുക. കടൽക്കാറ്റിന്റെ വേഗം മണിക്കൂറിൽ 55 കിലോമീറ്ററിന് മുകളിലായാൽ ചുവപ്പ് സിന്ഗൽ തെളിയുകയും സർവീസ് നിർത്തുകയും ചെയ്യും.പാലത്തിന്റെ എല്ലാ ഭാഗത്തും സെൻസറുകൾ ഘടിപ്പിച്ചിട്ടുണ്ട്. എന്തെങ്കിലും അപകടസൂചന തെളിഞ്ഞാൽ തീവണ്ടി നിൽക്കും. ഒരു നൂറ്റാണ്ടു മുൻപ് നിർമിച്ച പഴയ പാലത്തിന്റെ അറ്റകുറ്റപ്പണി അസാധ്യമായ സാഹചര്യത്തിൽ 2020-ലാണ് പുതിയ പാലത്തിന്റെ നിർമാണം ആരംഭിച്ചത്. 2024 സെപ്റ്റംബറോടെ പണി പൂർത്തിയായിരുന്നു. പഴയപാലം പിന്നീട് പൊളിച്ചുമാറ്റും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.