ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്ങിന്റെ സ്മാരകത്തിനായി സര്‍ക്കാര്‍ സ്ഥലം അനുവദിക്കുമെന്നും ഇത് അദ്ദേഹത്തിന്റെ കുടുംബത്തെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും അറിയിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റെ സ്മാരകം സംബന്ധിച്ച വസ്തുതകള്‍' എന്ന തലക്കെട്ടില്‍ വെള്ളിയാഴ്ച രാത്രി ക്യാബിനറ്റ് യോഗത്തിന് പിന്നാലെ കേന്ദ്രം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.അതേസമയം സ്മാരകം നിര്‍മിക്കുന്നതിനായി ഒരു ട്രസ്റ്റ് രൂപീകരിക്കുകയും സ്ഥലം അനുവദിക്കുകയും ചെയ്യേണ്ടതിനാല്‍, സംസ്കാരവും മറ്റ് നടപടിക്രമങ്ങളും ഇന്നുതന്നെ നടക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡല്‍ഹിലെ നിഗംബോധ്ഘട്ടിലാണ് ഇന്ന് മന്മോഹന് സിങ്ങിന്റെ സംസ്കാര ചടങ്ങുകള്‍ നടക്കുക.
നിലവില്‍ ഡല്‍ഹി മോത്തിലാല്‍ നെഹ്റു മാര്‍ഗിലെ വസതിയിലുള്ള മന്മോഹന് സിങ്ങിന്റെ മൃതദേഹം എട്ട് മണിയോടെ എ.ഐ.സി.സി ആസ്ഥാനത്ത് എത്തിക്കും. 8.30 മുതല്‍ 9.30 വരെയാണ് ഐ.ഐ.സി.സിയില്‍ പൊതുദര്‍ശനം ക്രമീകരിച്ചിട്ടുള്ളത്. ഇപ്പോള്‍ നടത്തുന്ന വിവാദം അനാവശ്യമാണെന്നും യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് സ്മാരകങ്ങള്‍ക്ക് സ്ഥലം അനുവദിക്കേണ്ടെന്ന് തീരുമാനിച്ചതെന്നും കേന്ദ്രത്തിന്റെ വിശദീകരണക്കുറിപ്പില്‍ പറയുന്നു.
രാഷ്ട്രപതി ദൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധിപേര്‍ ഇന്നലെ അന്ത്യോപചാരം അര്‍പ്പിച്ചിരുന്നു. മന്മോഹന് സിങ്ങിനോടുള്ള ആദരസൂചകമായി ശനിയാഴ്ച ഉച്ചവരെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്കാരത്തിന് ലോധി റോഡില്‍ സ്ഥലം അനുവദിക്കാമെന്നാണ് കേന്ദ്ര സർക്കാർ ആദ്യം അറിയിച്ചതെങ്കിലും മുൻ പ്രധാനമന്ത്രിമാരുടെ സ്മാരകങ്ങളുള്ള രാജ്ഘട്ടിന് സമീപം സ്ഥലം വേണമന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
തുടർന്ന് നടന്ന ചർച്ചകളിലാണ് നിഗംബോധ് ഘട്ടില്‍ സംസ്കാരം നടത്താൻ തീരുമാനമായത്. വ്യാഴാഴ്ച രാത്രി ഡല്‍ഹി എയിംസില്‍ വെച്ചാണ് മൻമോഹൻ സിങ് വിട പറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.