ഡല്‍ഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാർട്ടിയുടെ പദ്ധതികളെ കുറിച്ചുള്ള ആരോപണങ്ങളില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡല്‍ഹി ലെഫ്റ്റനൻ്റ് ഗവർണർ വി.കെ സക്‌സേന.
കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് ഉന്നയിച്ച പരാതിയെ തുടർന്നാണ് ഡല്‍ഹി ചീഫ് സെക്രട്ടറിക്കും പൊലീസ് കമ്മീഷണർക്കും ഗവർണർ നിർദേശം നല്‍കിയത്.ആം ആദ്മി പാർട്ടിയുടെ മഹിളാ സമ്മാൻ യോജനയുടെ മറവില്‍ വ്യക്തി വിവരങ്ങള്‍ ശേഖരിച്ച് തട്ടിപ്പ് നടത്തുന്നു, കോണ്‍ഗ്രസ് സ്ഥാനാർഥികളുടെ വസതികള്‍ക്ക് സമീപം പഞ്ചാബ് ഇൻ്റലിജൻസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം, തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ പഞ്ചാബില്‍ നിന്ന് ഡല്‍ഹിയിലേക്ക് പണം കൊണ്ടുവന്നു തുടങ്ങിയ ആരോപണങ്ങള്‍ അന്വേഷിക്കാനാണ് ലെഫ്റ്റനൻ്റ് ഗവർണറുടെ നിർദേശം.
അതേസമയം പാർട്ടിക്കെതിരെ ഉയരുന്ന ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു. എന്താണ് അന്വേഷിക്കാൻ പോകുന്നതെന്ന് കെജ്രിവാള്‍ ചോദിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ബി.ജെ.പി എന്തു ചെയ്യുമെന്ന് ഞങ്ങള്‍ ആവർത്തിച്ച് ചോദിച്ചിരുന്നു.
ബി.ജെ.പി ജയിച്ചാല്‍ മഹിളാ സമ്മാൻ യോജന, സഞ്ജീവനി യോജന, സൗജന്യ വൈദ്യുതി, സൗജന്യ വിദ്യാഭ്യാസം എന്നിവ നിർത്തലാക്കുമെന്ന് മനസിലായെന്നും കെജ്രിവാള്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സ്ത്രീകള്‍ക്ക് 2,100 രൂപയും 60 വയസിന് മുകളിലുള്ള വയോജനങ്ങള്‍ക്ക് സൗജന്യ ചികിത്സയും നല്‍കുമെന്ന് ഞങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഈ രണ്ട് പദ്ധതികളും പൊതുജനങ്ങള്‍ക്ക് വളരെ പ്രയോജനകരമാണ്. ലക്ഷക്കണക്കിന് ആളുകള്‍ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇതോടെ ബി.ജെ.പി പരിഭ്രാന്തരായി. കെട്ടിവെച്ച കാശ് പോലും പലയിടത്തും നഷ്‌ടപ്പെടുമെന്ന് ബി.ജെ.പി പേടിക്കുന്നുണ്ട്. അവർ ആദ്യം ഗുണ്ടകളെ അയച്ചു. പിന്നെ പൊലീസിനെ അയച്ചു. ഇപ്പോള്‍ തട്ടിപ്പെന്ന വ്യാജേന അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.
മഹിളാ സമ്മാൻ യോജനയ്ക്കും സഞ്ജീവനി യോജനയ്ക്കും സർക്കാർ അംഗീകാരമില്ലെന്നും അവ നിലവിലില്ലെന്നും കാണിച്ച് കേന്ദ്ര സർക്കാരിൻ്റെ വനിതാ ശിശു വികസന, ആരോഗ്യ വകുപ്പുകള്‍ നേരത്തെ പരസ്യമായി നോട്ടീസ് നല്‍കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.