പാലക്കാട്: കോടിപതിയാകാൻ ഭാഗ്യക്കുറി അടിക്കുകയൊന്നും വേണ്ട, മണ്ണിലിറങ്ങി നന്നായി അധ്വാനിച്ചാല്‍ മതി. പാലക്കാട്, എലവഞ്ചേരി പനങ്ങാട്ടിരി കൊളുമ്പിലെ ശിവദാസന്റെ ഉറപ്പാണിത്.
വി.എഫ്.പി.സി.കെ. യുടെ എലവഞ്ചേരി സ്വാശ്രയ കർഷകസമിതിയില്‍ ഈ സാമ്പത്തികവർഷം ശിവദാസൻ നല്‍കിയത് ഒരുകോടി രൂപയുടെ പച്ചക്കറിയാണ്. വി.എഫ്.പി.സി.കെ.യുടെ 24 വർഷത്തെ ചരിത്രത്തില്‍ സംസ്ഥാനത്ത് ആദ്യമായാണ് ഒരു കർഷകൻ ഈ നേട്ടം കൈവരിക്കുന്നത്.ഏപ്രില്‍ ഒന്നുമുതല്‍ ഡിസംബർ ആറുവരെയുള്ള കണക്കുപ്രകാരം 76.98 ലക്ഷം രൂപയുടെ പാവയ്ക്കമാത്രം സമിതിയില്‍ നല്‍കി. 14.79 ലക്ഷംരൂപയുടെ പടവലം, 5.29 ലക്ഷത്തിന്റെ പയർ, 1.18 ലക്ഷത്തിന്റെ കുമ്ബളങ്ങ, 1.48 ലക്ഷത്തിന്റെ മത്തങ്ങ, 67,000 രൂപയുടെ പീച്ചിങ്ങ, 23,000 രൂപയുടെ നാളികേരം എന്നിവയാണ് നല്‍കിയത്. ഇതിനു പുറമേ ഓയില്‍പാം ഇന്ത്യയ്ക്ക് 3.94 ലക്ഷം രൂപയുടെ നെല്ലും അളന്നു.
എലവഞ്ചേരി പന്നിക്കോട് ഊമനടിയില്‍ സ്വന്തമായുള്ള എട്ടേക്കറും ഊമനടിയിലും കാച്ചാങ്കുറുശ്ശിയിലും പാട്ടത്തിനെടുത്ത 20 ഏക്കറും ഉള്‍പ്പെടെ 28 ഏക്കറിലാണ് കൃഷി. പത്തേക്കറില്‍ നെല്ലും 18 ഏക്കറില്‍ പച്ചക്കറിയും കൃഷിചെയ്യുന്നു. 12 ഏക്കറില്‍ പാവയ്ക്ക, അഞ്ചേക്കറില്‍ പടവലം, ഒരേക്കറില്‍ പയർ, ഇടവിളയായി പീച്ചിങ്ങ, വെണ്ട, കുമ്ബളം, മത്തൻ എന്നിവയും കുറച്ച് തെങ്ങുമുണ്ട്. പത്താംക്ലാസ് പഠനശേഷം ശിവദാസൻ തൂമ്പയെടുത്ത് ഇറങ്ങിയതാണ്. ഭാര്യ പ്രിയദർശിനി കൂട്ടായി ഒപ്പമുണ്ട്.
30 സ്ഥിരം പണിക്കാരുണ്ട് ശിവദാസന്റെ കൃഷിയിടത്തില്‍. ജൈവകൃഷിയും രാസവളം ഉപയോഗിച്ചുള്ള ശാസ്ത്രീയകൃഷിയും സംയോജിപ്പിച്ചാണ് പരിപാലനം. ജലസേചനത്തിന് തുള്ളിനനയാണ്. വി.എഫ്.പി.സി.കെ.യും കൃഷിഭവനും പ്രോത്സാഹനമായുണ്ട്.
സദാസമയം ശ്രദ്ധിക്കുകയും കഠിനാധ്വാനം നടത്തുകയും ചെയ്താല്‍ കൃഷി ലാഭകരമാകുമെന്ന് ശിവദാസൻ പറയുന്നു. വരുമാനത്തിന്റെ 25-30 ശതമാനം ലാഭംകിട്ടും. വി.എഫ്.പി.സി.കെ.യാണ് ശാസ്ത്രീയ കൃഷിരീതികളും ഇടനിലക്കാരുടെ ചൂഷണമില്ലാതെ ഉത്പന്നങ്ങളുടെ വിപണനവും സാധ്യമാക്കിയത്. പനങ്ങാട്ടിരി രാമൻവാധ്യാരുടെയും വത്സലയുടെയും മകനായ ശിവദാസൻ കാല്‍നൂറ്റാണ്ടായി കാർഷികരംഗത്തുണ്ട്. അഞ്ചുവർഷം എലവഞ്ചേരി ഗ്രാമപ്പഞ്ചായത്ത് അംഗമായിരുന്നു.
പനങ്ങാട്ടിരി സ്വാശ്രയ കർഷകസമിതി ശിവദാസനെ ആദരിക്കും. വി.എഫ്.പി.സി.കെ. ജില്ലാ മാനേജർ ബിന്ദുമോള്‍ പങ്കെടുക്കും. പനങ്ങാട്ടിരി സമിതി ഈവർഷം 15 കോടിരൂപയുടെ വിറ്റുവരവ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.