സന്നിധാനം: ഹൈക്കോടതി വിമർശനത്തിന് പിന്നാലെ വ്യവസായി സുനില്‍ സ്വാമി ശബരിമലയില്‍ നിന്ന് ഇറങ്ങി.
സുനില്‍ സ്വാമിക്ക് പ്രത്യേകമായി ഒരു പരിഗണനയും നല്‍കരുതെന്ന് ഹൈക്കോടതി ഇന്നലെ നിർദേശിച്ചിരുന്നു.മറ്റ് ഭക്തർക്ക് ലഭിക്കാത്ത സൗകര്യങ്ങള്‍ സുനില്‍ സ്വാമിക്ക് ശബരിമലയില്‍ ലഭിക്കാൻ പാടില്ലെന്ന് വ്യക്തമാക്കിയ കോടതി ശബരിമലയിലെ ഡോണർ ഹൗസായ സഹ്യാദ്രി പില്‍ഗ്രിം സെന്ററിലെ 401ാം മുറി 10 വർഷമായി സുനില്‍ സ്വാമി മാത്രം ഉപയോഗിക്കുന്നത് എങ്ങനെയാണെന്നും ചോദിച്ചിരുന്നു. സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.
കോടതി പരമാർശം വന്ന ഉടൻ തന്നെ സുനില്‍ സ്വാമി സന്നിധാനത്ത് നിന്നും മടങ്ങി. ഡോളിയിലാണ് പമ്പയിലെത്തിയത്. 40 വർഷമായി തുടർച്ചയായി നടതുറക്കുന്ന നാള്‍ മുതല്‍ അടക്കുന്നത് വരെയും സുനില്‍ സ്വാമി ശബരിമലയില്‍ നിറസാന്നിദ്ധ്യമായിരുന്നു.
ശബരിമലയില്‍ എല്ലാ ദിവസത്തെ പൂജകളിലും സുനില്‍ സ്വാമി പങ്കെടുക്കുന്നുണ്ട്. ഈ സമയത്തെല്ലാം ശ്രീകോവിലിന് മുന്നില്‍ ഇദ്ദേഹം ഉണ്ടാകാറുണ്ട്.
വിർച്വല്‍ ക്യൂ വഴി മാത്രമാണ് ഭക്തർക്ക് സന്നിധാനത്തേക്ക് പ്രവേശനമുള്ളത്. സുനില്‍ സ്വാമിക്കും ഈ രീതിയില്‍ പ്രവേശനം അനുവദിച്ചാല്‍ മതിയെന്ന് കോടതി പറഞ്ഞു.
ഡോണർ റൂമുകളില്‍ ഒരു സീസണില്‍ അഞ്ച് ദിവസം ആ മുറിയില്‍ സൗജന്യമായി താമസിക്കാനും പത്ത് ദിവസം വാടക നല്‍കി താമസിക്കാനും അനുവാദമുണ്ട്. എന്നാല്‍ വർഷങ്ങളോളം അത് കൈവശം വയ്‌ക്കാൻ കഴിയില്ല. ഇതാണ് സുനില്‍ സ്വാമി ലംഘിച്ചതെന്ന് കോടതി വിലയിരുത്തി.
ശബരിമലയുമായി ബന്ധപ്പെട്ട സുനില്‍ സ്വാമിയുടെ ഇടപെടലുകള്‍ വർഷങ്ങള്‍ക്ക് മുമ്പ് തന്നെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. മാസങ്ങളായി ഇവ കോടതി പരിശോധിച്ചുവരികയുമായിരുന്നു. വിവിധ വകുപ്പുകളില്‍ നിന്ന് ഇത് സംബന്ധിച്ച് റിപ്പോർട്ട് തേടുകയും അവ പരിശോധിക്കുകയും ചെയ‌്ത ശേഷമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് സുനില്‍ സ്വാമി. വ്യക്തി താത്പര്യങ്ങള്‍ക്ക് വേണ്ടി ഇയാള്‍ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ പണം കൊടുത്ത് സ്വാധീനിക്കുന്നുണ്ടെന്നും, ആചാര ലംഘനം നടത്തുന്നുണ്ടെന്നും വർഷങ്ങള്‍ക്ക് മുമ്പ് തന്നെ വിജിലൻസ് റിപ്പോർട്ടുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.