പക്ഷിപ്പനിയുടെ വാഹകർ പക്ഷികള്‍ മാത്രമാണെന്നായിരുന്നു, എന്നാല്‍ അത് തിരുത്തുകയാണ് പുതിയ പഠനം.
എച്ച്5എൻ1-ന്റെ വകഭേദങ്ങള്‍ പൂച്ചകളിലൂടെ എളുപ്പം മനുഷ്യരിലേക്കും പകരാനിടയുണ്ടെന്ന് ടെയ്ലർ ആന്റ് ഫ്രാൻസിസ് എന്ന കമ്പിനിക്ക് കീഴില്‍ പ്രസിദ്ധീകരിച്ച ജേണലില്‍ പറയുന്നു.ഏപ്രിലില്‍ യുഎസിലെ സൗത്ത് ഡക്കോട്ടയിലെ ഒരു വീട്ടില്‍ പത്ത് പൂച്ചകള്‍ ചത്തിരുന്നു. ഇവയുടെ ശരീരം പരിശോധിച്ച ഗവേഷകർ ഈ പൂച്ചകളില്‍ ശ്വസന സംബന്ധമായതും നാഡീസംബന്ധമായതുമായ പ്രശ്നങ്ങളുടെ ലക്ഷണങ്ങളുണ്ടായിരുന്നതായി കണ്ടെത്തി.
തുടർന്ന് നടത്തിയ പരിശോധനയിലാണ് 80 കിമീ അകലെയുള്ള ഒരു പശുവളർത്തല്‍ കേന്ദ്രത്തിലെ കന്നുകാലികളില്‍ കണ്ടെത്തിയ വൈറസിന് സമാനമായ വകഭേദം പൂച്ചകളില്‍ കണ്ടെത്തിയത്. പൂച്ചകള്‍ക്കരികില്‍ കണ്ടെത്തിയ പക്ഷിത്തൂവലുകള്‍ അവ വൈറസ് വാഹകരായ പക്ഷികളെ ഭക്ഷിച്ചതിന് തെളിവായി കണ്ടെത്തി.
മറ്റ് മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി പൂച്ചകള്‍ക്ക് പക്ഷിപ്പനി വൈറസും സീസണല്‍ ഫ്ലൂ വൈറസുകളും ഒരേസമയം വഹിക്കാനാകുമെന്ന് കണ്ടെത്തി. ശേഷം അവയ്ക്ക് വകഭേദം സംഭവിക്കുകയും സ്ഥിരമായി ഇടപഴകുന്ന മനുഷ്യരിലേക്ക് പക്ഷിപ്പനി പകരുകയും ചെയ്യുമെന്നാണ് ഗവേഷകർ കണ്ടെത്തിയത്.
നിലവില്‍ പൂച്ചകള്‍ വഴി എച്ച്5എൻ1 മനുഷ്യരിലേക്ക് പകർന്നതിന് തെളിവുകളില്ല. എങ്കിലും ഇതില്‍ അടിയന്തിര നിരീക്ഷണം ആവശ്യമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
എന്താണ് പക്ഷിപ്പനി ?
പക്ഷികളില്‍ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിന് ഇടയാക്കുന്ന പകർച്ചവ്യാധിയാണ് ഏവിയൻ ഇൻഫ്ലുവൻസ (പക്ഷിപ്പനി) എന്നറിയപ്പെടുന്ന എച്ച് 5 എൻ 1. ഇത് ഒരു തരം ഇൻഫ്ളൂവൻസ വൈറസാണ്. പക്ഷികളില്‍ നിന്ന് പക്ഷികളിലേക്ക് വൈറസ് പകരുന്നത് അവയുടെ സ്രവങ്ങള്‍ വഴിയാണ്.
രോഗാണു സാന്നിധ്യമുള്ള പക്ഷിക്കൂട്, തീറ്റ, തൂവലുകള്‍ എന്നിവ വഴിയും വേഗം പക്ഷികളില്‍ നിന്ന് പക്ഷികളിലേക്ക് രോഗം പകരും.
രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷികള്‍ എന്നിവ വഴിയാണ് രോഗാണുക്കള്‍ മനുഷ്യരിലേക്കെത്തുന്നത്. പക്ഷികളില്‍ നിന്നും മനുഷ്യരിലേക്ക് ഇത് ചില സാഹചര്യങ്ങളില്‍ പകരാറുണ്ട്.
എന്നാല്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരാൻ സാധ്യത കുറവാണ്. രോഗം ബാധിച്ച മനുഷ്യരില്‍ മരണനിരക്ക് 60 ശതമാനത്തോളമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.