ന്യൂഡൽഹി: സമ്പാദ്യവും നിക്ഷേപവും കുറവും കടം കൂടിയതുമായ കുടുംബങ്ങൾ ഏറെയുള്ള സംസ്ഥാനങ്ങളിൽ കേരളവും. കോവിഡിനുശേഷം വിവിധ സൂചികകളുടെ അടിസ്ഥാനത്തിൽ രാജ്യത്താകെയുള്ള ഒരു ലക്ഷം വീടുകളുടെ വിവരങ്ങൾ ശേഖരിച്ച പ്രകാരം നബാർഡ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും സ്വാശ്രയസംഘങ്ങളിലും ചിട്ടികളിലുമൊക്കെയായി രാജ്യത്തെ 66 ശതമാനം കുടുംബത്തിനും സമ്പാദ്യമുള്ളപ്പോൾ കേരളത്തിലിത് 35 ശതമാനം പേർക്കുമാത്രമാണ്. 65 ശതമാനം കുടുംബങ്ങൾക്കും സമ്പാദ്യമില്ല. ഗോവ മാത്രമാണ് ഇക്കാര്യത്തിൽ (29 %) കേരളത്തിന് പിന്നിലുള്ളത്.രാജ്യത്ത് കാർഷിക കുടുംബങ്ങളിൽ 71 ശതമാനത്തിനും കാർഷികേതര കുടുംബങ്ങളിൽ 58 ശതമാനത്തിനും സമ്പാദ്യമുണ്ട്.സമ്പാദ്യക്കാര്യത്തിൽ ഉത്തരാഖണ്ഡ് (93 %), ഉത്തർപ്രദേശ് (84 %), ജാർഖണ്ഡ് (83 %) എന്നിങ്ങനെ 11 സംസ്ഥാനങ്ങളാണ് 70 ശതമാനത്തിനുമുകളിൽ. 18 ശതമാനം കുടുംബങ്ങളും അവരുടെ സമ്പാദ്യം വീടുകളിലാണ് സൂക്ഷിക്കുന്നത്. 2021 ജൂലായ് മുതൽ 2022 ജൂൺ വരെയുള്ള കാർഷിക വർഷത്തിലായിരുന്നു സർവേ. ഇക്കാലയളവിൽ, സമ്പാദിക്കുന്ന കുടുംബങ്ങളുടെ വാർഷിക സമ്പാദ്യം ശരാശരി 20,139 രൂപയാണ്.
ഭൂമി, സ്വർണം, സർക്കാർ ബോണ്ടുകൾ, സ്ഥിരനിക്ഷേപം, ഓഹരികൾ, കിസാൻ വികാസ് പത്ര, ബോണ്ടുകൾ എന്നിങ്ങനെയുള്ള നിക്ഷേപങ്ങളുടെ കാര്യത്തിലും കേരളം പിന്നിലാണെന്ന് റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കേരളം, ഗോവ, ജമ്മു-കശ്മീർ, കർണാടക, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽ 20 ശതമാനത്തിൽ താഴെ പേർക്കാണ് നിക്ഷേപമുള്ളത്.രാജ്യത്താകെ 52 ശതമാനം കുടുംബങ്ങൾ കടക്കെണിയിലാണെന്ന് സർവേ വ്യക്തമാക്കുന്നു. കാർഷികകുടുംബങ്ങളിലിത് 55 ശതമാനവും മറ്റുകുടുംബങ്ങളിൽ 48 ശതമാനവുമാണ്. ശരാശരി കടം 90,372 രൂപ വരും (കാർഷിക കുടുംബങ്ങൾക്ക് 91,231, മറ്റുള്ളവർക്ക് 89,074).
എന്നാൽ, പ്രതികുടുംബ കടം ഏറ്റവും കൂടുതൽ കേരളത്തിലാണ്-1,98,951 രൂപ. ഏറ്റവും കുറവ് ജാർഖണ്ഡിലും-21,060 രൂപ.നാഗാലാൻഡ് 1,97,229, മിസോറം 1,81,531, ഗോവ 1,79,973, പഞ്ചാബ് 1,59,237, ലഡാക്ക് 1,45,201, അരുണാചൽ പ്രദേശ് 1,42,358, ഗുജറാത്ത് 1,41,351, ജമ്മു-കശ്മീർ 1,39,358, തെലങ്കാന 1,29,599, ഹിമാചൽ പ്രദേശ് 1,28,656, കർണാടക 1,14,196, മണിപ്പുർ 1,05,667 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കുടുംബങ്ങളിലെ കടത്തിന്റെ കണക്ക്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.