കൊളംബോ;ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി ഹരിണി അമരസൂര്യയെ പ്രസിഡന്റ് അനുര കുമാര ദിസനായകെ വീണ്ടും നിയമിച്ചിരിക്കുകയാണ്. വ്യാഴാഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പില്‍ സഖ്യം നേടിയ സുപ്രധാന വിജയത്തിന് പിന്നാലെയാണ് ഹരിണിയെ പ്രധാനമന്ത്രിയായി അദ്ദേഹം വീണ്ടും നിയമിച്ചത്.
225 ശ്രീലങ്കന്‍ പാര്‍ലമെന്റ് സീറ്റുകളില്‍ ഇടതുപക്ഷ സഖ്യമായ നാഷണല്‍ പീപ്പിള്‍സ് പവര്‍(എന്‍പിപി) 159 സീറ്റുകള്‍ നേടിയിരുന്നു. ഈ നിയമനം ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. 2000ന് ശേഷം പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുക്കുന്ന ആദ്യ വനിതയും രാജ്യത്തിന്റെ ചരിത്രത്തില്‍ പ്രധാനമന്ത്രിപദത്തിലെത്തുന്ന മൂന്നാമത്തെ വനിതയുമാണ് ഹരിണിയെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു.
ഹരിണിയുടെ നേതൃപാടവത്തിന്റെയും രാഷ്ട്രീയ പ്രതിരോധത്തിന്റെയും തെളിവാണ് പുനര്‍നിയമനമെന്നും വിലയിരുത്തപ്പെടുന്നു. ശ്രീലങ്കയെ പരമ്പരാഗത രാഷ്ട്രീയ രാജവംശങ്ങളില്‍ നിന്ന് വേര്‍പ്പെടുത്തുക എന്ന ദിസനായകെയുടെ കാഴ്ചപ്പാടുമായി ഹരിണിയുടെ നേതൃത്വം യോജിക്കുന്നു. ഹരിണിയെ പ്രധാനമന്ത്രിയായി നിയമിച്ചതോടെ ശ്രീലങ്കയില്‍ കൂടുതല്‍ പുരോഗമനപരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ രാഷ്ട്രീയ അന്തരീക്ഷം സംജാതമാകുമെന്നാണ് കരുതപ്പെടുന്നത്.
ഹരിണിയുടെയൊപ്പം മുതിര്‍ന്ന നിയമസഭാംഗമായ വിജിത ഹെറത്തും വിദേശകാര്യ വകുപ്പ് മന്ത്രിയായി വീണ്ടും നിയമിക്കപ്പെട്ടു. കടുത്ത സാമ്പത്തികവെല്ലുവിളി നേരിടുന്ന രാജ്യത്തിന്റെ വിദേശനയം സുസ്ഥിരമാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ദിസനായകെയുടെ ഭരണത്തിന് കീഴില്‍ പരിചയസമ്പന്നരായ രാഷ്ട്രീയക്കാരുടെ തുടര്‍പങ്കിനെയാണ് ഹെറാത്തിന്റെ വിദേശകാര്യമന്ത്രിയായുള്ള നിയമത്തിലൂടെ പ്രതിഫലിക്കുന്നത്. അതേസമയം, ധനവകുപ്പ് താന്‍ തന്നെ കൈകാര്യം ചെയ്യാന്‍ ദിസനായകെ തീരുമാനിച്ചു.
രാഷ്ട്രീയ പ്രക്ഷോഭത്തിന് ശേഷമാണ് ദിസനായകെ ഹരിണിയെ പ്രധാനമന്ത്രിയായി പുനര്‍നിയമിച്ചത്. 2024 സെപ്റ്റംബറില്‍ ഹരിണിയെ ദിസനായകെ ആദ്യമായി പ്രധാനമന്ത്രിയായി നിയമിച്ചപ്പോള്‍ എന്‍പിപിക്ക് മൂന്ന് പാര്‍ലമെന്റ് സീറ്റുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇതിന് പിന്നാലെ പാര്‍ലമെന്റ് പിരിച്ചുവിട്ട് പെട്ടെന്ന് തിരഞ്ഞെടുപ്പ് നടത്താന്‍ ആഹ്വാനമുണ്ടായി.
വര്‍ഷങ്ങളായി ശ്രീലങ്കയെ ബാധിച്ചിരിക്കുന്ന ദാരിദ്ര്യം, തൊഴിലില്ലായ്മ, അഴിമതി പ്രശ്നങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുള്‍പ്പെടെ തന്റെ നവീകരണ ലക്ഷ്യങ്ങള്‍ പിന്തുടരാന് ആവശ്യമായ അധികാരം പൊതുതിരഞ്ഞെടുപ്പിലെ വന്‍വിജയം ദിസനായകെയ്ക്ക് നല്‍കുന്നുണ്ട്.രാഷ്ട്രീയ-സാമ്പത്തിക മേഖലകളില്‍ ആധിപത്യം പുലര്‍ത്തിയ, രാഷ്ട്രീയ കുടുംബങ്ങളില്‍ നിന്നുള്ള സുപ്രധാനമായ ഇടവേളയാണ് പുതിയ തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ കാണുന്നത്.
ശ്രീലങ്കയുടെ സാമ്പത്തിക വെല്ലുവിളികളുടെ മൂലകാരണങ്ങളെ അഭിസംബോധന ചെയ്യുകയും ദീര്‍ഘകാല സുസ്ഥിരതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയ പരിഷ്കരണങ്ങളില്‍ ദിസനായകെയുള്ള ഭരണം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നു. ദാരിദ്ര്യനിര്‍മാര്‍ജനവും അഴിമതി കുറയ്ക്കലുമാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞ അദ്ദേഹം കൂടുതല്‍ സമത്വമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കേണ്ട ആവശ്യകത ഊന്നിപ്പറഞ്ഞു.
ഈ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഹരിണി ദിസനായകെയ്ക്കൊപ്പം തോള്‍ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് കരുതുന്നത്. അതിനാല്‍ അവരുടെ നേതൃത്വം നിര്‍ണായകമായി കണക്കാക്കപ്പെടുന്നു. ശ്രീലങ്കയിലെ പരമ്പരാഗത പുരുഷമേധാവിത്വ രാഷ്ട്രീയ ഘടനയില്‍ നിന്നും വ്യതിചലിച്ച് ലിംഗസമത്വത്തിലും ഉയര്‍ന്ന പദവികളില്‍ സ്ത്രീകളുടെ പ്രാതിനിധ്യത്തിനും വേണ്ടിയുള്ള എന്‍പിപിയുടെ പ്രതിബദ്ധതയുടെ പ്രതീകമാണ് ഹരിണിയുടെ നിയമനമെന്നും വിലയിരുത്തപ്പെടുന്നു.നിലവിലെ സാമ്പത്തിക പ്രതിസന്ധി: മുന്നിലുള്ള വെല്ലുവിളികള്‍.
ഏറെക്കാലമായി ശ്രീലങ്കയുടെ സാമ്പത്തിക സ്ഥിതി വളരെ പരുങ്ങലിലാണ്. 2022ലെ സാമ്പത്തിക മാന്ദ്യത്തിന്റെ കെട്ടില്‍ നിന്ന് രാജ്യം ഇപ്പോഴും മുക്തമായിട്ടില്ല. കടുത്ത വിദേശ കറന്‍സി ക്ഷാമമാണ് ഇതിന് പ്രധാന കാരണം. രാജ്യത്തെ സുപ്രധാന മേഖലകളുടെ തകര്‍ച്ചയിലേക്ക് ഇത് നയിച്ചു. ഈ പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്കയുടെ സമ്പദ് വ്യവസ്ഥ 2022ല്‍ 7.3 ശതമാനമായി ചുരുങ്ങി.
2023ല്‍ ഇതില്‍ വീണ്ടും 2.3 ശതമാനത്തിന്റെ ഇടിവുണ്ടായതായി വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.അന്താരാഷ്ട്ര നാണ്യനിധിയുടെ ബെയ്ലൗട്ട് പ്രോഗ്രാമിലൂടെ(അടിയന്തിര സാമ്പത്തിക സഹായം) രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വീണ്ടെടുക്കലിന്റെ പാതയിലാണ്.
സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെയുള്ള വീണ്ടെടുക്കലില്‍ ശ്രീലങ്ക മുന്നോട്ട് നീങ്ങുമ്പോള്‍ നയ തുടര്‍ച്ചയെക്കുറിച്ചുള്ള ചോദ്യവും നിര്‍ണായകമായിരിക്കും. അഴിമതിയും രാജ്യത്ത് നിലനില്‍ക്കുന്ന അസമത്വവും പരിഹരിക്കുന്നതിന് ആവശ്യമായ പരിഷ്കാരങ്ങള്‍ പിന്തുടരുന്നതിനൊപ്പം ഭരണത്തിലും സന്തുലിതാവസ്ഥ കൈവരിക്കേണ്ടതുണ്ട്.
അതേസമയം, അന്താരാഷ്ട്രതലത്തില്‍ സാമ്പത്തിക സഹായം നല്‍കിയവരുമായുള്ള ചര്‍ച്ചകളിലും സ്ഥിരത നിലനിര്‍ത്തണം. ഐഎംഎഫിന്റെ നിബന്ധനകളില്‍ വ്യതിയാനമുണ്ടായാല്‍ സാമ്പത്തികസ്ഥിതി വീണ്ടും അസ്ഥിരമാകാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് ശ്രീലങ്ക പുറമെനിന്നുള്ള സാമ്പത്തിക സഹായത്തെയാണ് ഇപ്പോൾ പ്രധാനമായും ആശ്രയിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.