നെയ്യാറ്റിൻകര: പെരുമ്പഴുതൂരിൽ പ്രൊവിഷണൽ സ്റ്റോർ നടത്തുന്ന കരിപ്രക്കോണം, കൃപാസദനത്തിൽ രാജനെ(60) വാഹനമിടിച്ചിട്ടശേഷം കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ക്വട്ടേഷൻ നൽകിയ തൊട്ടടുത്ത കടക്കാരനെ നെയ്യാറ്റിൻകര പോലീസ് അറസ്റ്റ് ചെയ്തു.
ക്വട്ടേഷൻ നൽകിയ പെരുമ്പഴുതൂരിൽ ഹൗസ് മെയ്ഡ് ബേക്കറി നടത്തുന്ന വണ്ടന്നൂർ, പാരഡൈസ് വീട്ടിൽ വിനോദ് കുമാറി(43)നെയും ക്വട്ടേഷൻ ഏറ്റെടുത്ത കുന്നത്തുകാൽ, വണ്ടിത്തടം, ആലക്കോട്ടുകോണം, ആന്റണി ഭവനിൽ മനോജ് എന്നുവിളിക്കുന്ന ആന്റണി(33) യെയുമാണ് പിടികൂടിയത്.
പ്രതി വിനോദ്കുമാറിന്റെ പെൺസുഹൃത്ത് രാജന്റെ കടയിൽ സാധനം വാങ്ങാനെത്തിയപ്പോൾ അപമര്യാദയായി പെരുമാറിയതാണ് ക്വട്ടേഷൻ നൽകി ആക്രമിക്കാൻ കാരണം. ഈ സംഭവത്തിൽ നെടുമങ്ങാട് സ്വദേശികളായ മൂന്നുപേരെ പിടികൂടിയിരുന്നു. കഴിഞ്ഞമാസം 28-ന് രാത്രി 11.30-ന് വിഷ്ണുപുരത്തിനു സമീപം ആളൊഴിഞ്ഞ സ്ഥലത്താണ് സംഭവം നടന്നത്.
കടയടച്ചശേഷം സ്‌കൂട്ടറിൽ വീട്ടിലേക്കു പോകുകയായിരുന്ന രാജനെ പിന്നിൽനിന്നും കാറിൽ പിന്തുടർന്നെത്തിയ ക്വട്ടേഷൻ സംഘം ഇടിച്ചിട്ടു. തുടർന്ന് വാളും ഇരുമ്പ് പൈപ്പുംകൊണ്ട് ആക്രമിച്ചു. ഈ സമയം രാജന്റെ കടയിലെ ജീവനക്കാരൻ പിന്നാലെ വരുകയായിരുന്നു. ആക്രമിക്കുന്നതു കണ്ട് ഇയാൾ തടയാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ വാൾവീശി ഭീഷണിപ്പെടുത്തിയശേഷം കടന്നുകളഞ്ഞു.
സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ക്വട്ടേഷൻ സംഘത്തിലെ നെടുമങ്ങാട്, മുണ്ടേല, കൊക്കോതമംഗലം, മേലെവിളവീട്ടിൽ രഞ്ജിത്(34), നെടുമങ്ങാട്, മഞ്ച, പത്താംകല്ല്, പാറക്കാട് തോട്ടരികത്തുവീട്ടിൽ സുബിൻ(32), പാങ്ങോട്, കല്ലറ, തുമ്പോട്, ഒഴുകുപാറ, എസ്.ജി. ഭവനിൽ സാം(29) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് ആന്റണിയും വിനോദ്കുമാറും പിടിയിലാകുന്നത്. ഇരുവരും രാജനെ ഇടിച്ചിട്ട കാറിലുണ്ടായിരുന്നു.
തന്റെ പെൺസുഹൃത്തിനു നേരേ മോശം പെരുമാറ്റമുണ്ടായത് വിനോദ് സുഹൃത്തായ ആന്റണിയെ അറിയിക്കുകയും 25000 രൂപയ്ക്ക് ക്വട്ടേഷൻ നൽകുകയുമായിരുന്നു. ആന്റണി ഈ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന നെടുമങ്ങാട് സ്വദേശിയായ രഞ്ജിത്തിന് ഇരുപതിനായിരം രൂപ നൽകി ക്വട്ടേഷൻ ഉറപ്പിച്ചു. രഞ്ജിത്ത് സുഹൃത്തുക്കളായ സുബിനെയും സാമിനെയും കൂട്ടി സംഭവം നടക്കുന്നതിന് ഒരാഴ്ച മുൻപ് പെരുമ്പഴുതൂരിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്നായിരുന്നു ആക്രമണം.
വിനോദ് നേരത്തെ അമരവിളയിൽ ബേക്കറി നടത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് അമരവിളയിലെ കട മതിയാക്കി നാലുവർഷം മുമ്പാണ് പെരുമ്പഴുതൂരിൽ കട തുടങ്ങിയത്. രാജൻ ഒരു വർഷം മുൻപാണ് പെരുമ്പഴുതൂരിൽ പ്രൊവിഷണൽ സ്റ്റോർ തുടങ്ങിയത്.
വിനോദ്കുമാറിനെയും ആന്റണിയെയും പെരുമ്പഴുതൂരിലെ കടയിലും സംഭവം നടന്ന വിഷ്ണുപുരത്തുമെത്തിച്ച് തെളിവെടുപ്പ് നടത്തി. നെയ്യാറ്റിൻകര ഡിവൈ.എസ്.പി. എസ്.ഷാജിയുടെയും എസ്.എച്ച്.ഒ. എസ്.ബി.പ്രവീണിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. എസ്.ഐ. എസ്.വി.ആശിഷ്, സീനിയർ സി.പി.ഒ.മാരായ അരുൺകുമാർ, ബിനോയ് ജസ്റ്റിൻ, സി.പി.ഒ. ലെനിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.