ന്യൂഡല്‍ഹി/മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപവത്കരണത്തില്‍ ചര്‍ച്ചകള്‍ക്കായി മഹായുതി നേതാക്കള്‍ ഡല്‍ഹിയില്‍. ദേവേന്ദ്ര ഫഡ്നവിസും ഏക്നാഥ് ഷിന്ദേയും അജിത് പവാറും ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലെത്തി.
നേതാക്കള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.മുഖ്യമന്ത്രി സ്ഥാനം ബി.ജെ.പിക്കുതന്നെ ആയിരിക്കുമെന്നതില്‍ ഏകദേശ ധാരണയായിട്ടുണ്ടെന്നാണ് സൂചന. ദേവേന്ദ്ര ഫഡ്നവിസ് മുഖ്യമന്ത്രിയും ഏക്നാഥ് ഷിന്ദേ ഉപമുഖ്യമന്ത്രിയുമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുപ്രധാനവകുപ്പുകള്ക്കായി ഷിന്ദേ സമ്മര്‍ദനം ചെലുത്തുമെന്നും സൂചനയുണ്ട്. അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കുന്നതില് ചര്‍ച്ച തുടരുകയാണ്.അര്‍ബന്‍ ഡെവലപ്മെന്റ്- മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോര്പ്പറേഷന് വകുപ്പുകള്‍ ഷിന്ദേ ആവശ്യപ്പെട്ടേക്കും. ഇത് അദ്ദേഹം തന്നെയാവും കൈകാര്യംചെയ്യുക. റവന്യൂ, കൃഷി, ആരോഗ്യം, ഗ്രാമവികസനം, വ്യവസായം, സാമൂഹികനീതി വകുപ്പുകളും ഷിന്ദേ ആവശ്യപ്പെട്ടേക്കും. കേന്ദ്രത്തില്‍ ഒരു ക്യാബിനറ്റ് റാങ്കുള്ള മന്ത്രിപദവിയും സഹമന്ത്രിസ്ഥാനവും ഷിന്ദേ ആവശ്യപ്പെട്ടേക്കുമെന്നും സൂചനയുണ്ട്.
ഉപമുഖ്യമന്ത്രി പദവും ധനകാര്യവകുപ്പും വേണമെന്നാണ് അജിത് പവാറിന്റെ നിലപാട്. ധനവകുപ്പും പ്ലാനിങ് വകുപ്പും വിട്ടുകൊടുക്കുന്നതില്‍ ബി.ജെ.പിക്ക് താത്പര്യക്കുറവുണ്ട്. കൃഷി, ഭക്ഷ്യ- സിവില്‍ സപ്ലൈസ്, വനിതാ- ശിശുക്ഷേമം, മെഡിക്കല്‍ വിദ്യാഭ്യാസം, കായികം, ഗ്രാമവികസനം, സഹകരണവകുപ്പുകളിലും അജിത്തിന് കണ്ണുണ്ട്. ആഭ്യന്തരം, പാര്‍പ്പിടം, നഗരവികസനം, ധനകാര്യം, ജലസേചനം, ഊര്‍ജം, പൊതുമരാമത്ത്, പരിസ്ഥിതി, ടൂറിസം, പാര്‍ലമെന്ററികാര്യം, നൈപുണി വികസനം, പൊതുഭരണം എന്നീ വകുപ്പുകള്‍ കൈവിട്ടുകൊടുക്കില്ലെന്നാണ് ബി.ജെ.പിയുടെ നിലപാട്.
43 അംഗമന്ത്രിസഭയില്‍ 50:30:20 ഫോര്‍മുലയായിരിക്കും വകുപ്പ് വിഭജനത്തിന് കൈക്കൊള്ളുകയെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ബി.ജെ.പിക്ക് 22 വരെ മന്ത്രിമാരേയും ശിവസേനയ്ക്ക് 10 മുതല്‍ 12 വരേയും, എന്‍.സി.പിക്ക് എട്ടുമുതല്‍ ഒമ്പതുവരെ മന്ത്രിമാരേയും ലഭിച്ചേക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.