പത്തനംതിട്ട/കഴക്കൂട്ടം: ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽനിന്ന് നഴ്സിങ് വിദ്യാർഥിനി വീണുമരിച്ച സംഭവത്തിൽ പത്തനംതിട്ട പോലീസ് തിങ്കളാഴ്ച സഹപാഠികളുടെയും അധ്യാപകരുടെയും മൊഴിയെടുക്കും.
ചുട്ടിപ്പാറ സ്കൂൾ ഓഫ് മെഡിക്കൽ എജുക്കേഷനിലെ നാലാംവർഷ വിദ്യാർഥി തിരുവനന്തപുരം അയിരൂപാറ രാമപുരത്ത്ചിറ ശിവപുരം വീട്ടിൽ അമ്മു എ.സജീവ് (22) ആണ് വെള്ളിയാഴ്ച രാത്രി ഏഴോടെ താഴേവെട്ടിപ്പുറത്തുള്ള സ്വകാര്യ വനിതാ ഹോസ്റ്റലിന്റെ മുകളിൽനിന്ന് വീണത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.
കോളേജിലെ മുഴുവൻ വിദ്യാർഥികളും തിങ്കളാഴ്ച ഹാജരാകണമെന്ന് പ്രിൻസിപ്പൽ പ്രൊഫ.എൻ.അബ്ദുൽ സലാം കർശനനിർദേശം നൽകി. സഹപാഠികളിൽനിന്ന് മാനസിക പീഡനം നേരിടുന്നുവെന്നാരോപിച്ച് ഒരാഴ്ചമുമ്പ് അമ്മുവിന്റെ അച്ഛൻ സജീവ് കോളേജ് പ്രിൻസിപ്പലിന് ഇ-മെയിലിലൂടെ പരാതി നൽകിയിരുന്നു. ഇതനുസരിച്ച് മൂന്നു സഹപാഠികൾക്ക് മെമ്മോ നൽകി അവരിൽനിന്ന് വിശദീകരണം തേടി. അന്വേഷണത്തിന് അധ്യാപകസമിതിയെ നിയമിച്ചിരുന്നു.
പരാതിക്കാരനോടും ആരോപണവിധേയരായ വിദ്യാർഥികളുടെ രക്ഷിതാക്കളോടും ബുധനാഴ്ച കോളേജിൽ എത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും പരാതിക്കാരൻ അസൗകര്യമറിയച്ചതോടെ യോഗം തിങ്കളാഴ്ചയിലേക്ക് മാറ്റി. ഇതിനിടയിലാണ് മരണം.ക്ലാസിൽനിന്ന് ടൂർ പോകുന്നതിനായി അമ്മുവിനെ ടൂർ കോഡിനേറ്ററായി ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ ക്ലാസിലെ ഏതാനും വിദ്യാർഥികൾ ഇത് എതിർത്തു. സഹപാഠികൾക്കിടയിൽ നിലനിന്നിരുന്ന ചില തർക്കങ്ങളെ തുടർന്നാണ് എതിർപ്പുണ്ടായതെന്നാണ് വിവരം. ഈ വിവരങ്ങൾ അമ്മു വീട്ടിൽ പറഞ്ഞതിനെ തുടർന്നാണ് അച്ഛൻ പ്രിൻസിപ്പലിന് പരാതി നൽകിയത്. അമ്മുവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താനായി കോളേജിൽ തിങ്കളാഴ്ച യോഗം ചേരും.
മരണത്തിൽ ദുരൂഹത; സമഗ്ര അന്വേഷണം വേണമെന്ന് കുടുംബം
അമ്മു എ.സജീവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. അമ്മു ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് ചാടുകയായിരുന്നുവെന്നാണ് കുടുംബത്തിന് വിവരം ലഭിച്ചത്. അമ്മു ഒരിക്കലും ആത്മഹത്യചെയ്യില്ലായെന്നും സഹപാഠികൾ അപായപ്പെടുത്തിയതാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
ആരോടും വഴക്കിനുപോകാത്ത പ്രകൃതമാണ് അമ്മുവിന്റേത്. സഹപാഠികളായ ചില പെൺകുട്ടികൾ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു. കോളേജിൽനിന്ന് ടൂർ പോകുന്നതിനെച്ചൊല്ലിയും മറ്റുമായി ബന്ധപ്പെട്ടായിരുന്നു പീഡനങ്ങൾ. അമ്മു താമസിച്ചിരുന്ന മുറിയിൽ സഹപാഠികൾ അതിക്രമിച്ചുകയറിയതായും കുടുംബം പറയുന്നു. ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണശേഷം അധികൃതർ പത്തനംതിട്ടയിൽ അമ്മുവിന് മികച്ച ചികിത്സ നൽകിയില്ലെന്നും ആരോപണമുണ്ട്.
ഞായറാഴ്ച രാവിലെ അമ്മുവിന്റെ വീട്ടിലെത്തിയ സ്ഥലം എം.എൽ.എ.കൂടിയായ മന്ത്രി ജി.ആർ.അനിലിനോട് മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. വിഷയം മുഖ്യമന്ത്രിയുടെ അടക്കം ശ്രദ്ധയിൽപ്പെടുത്താമെന്നും നടപടി ഉണ്ടാകുമെന്നും മന്ത്രി ഉറപ്പുനൽകി. അമ്മുവിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കരിച്ചു. റിട്ട. നഴ്സിങ് സൂപ്രണ്ട് രാധാമണിയുടെയും ബിസിനസുകാരനായ സജീവന്റെയും മകളാണ് അമ്മു. സഹോദരൻ അഖിൽ ചെന്നൈയിൽ ജോലിചെയ്യുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.