തൃശൂര് : എൽഡിഎഫ് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.
ജനങ്ങൾക്ക് മുന്നിൽ അപഹാസ്യരാകുന്ന രീതിയിലായിരുന്നു കേന്ദ്ര ഏജൻസികളുടെ ഇടപെടലുകൾ. അത് ഒരു വിഭാഗം മാധ്യമങ്ങൾ ഏറ്റെടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറുതുരുത്തിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങൾക്കും എൽഡിഎഫ് സർക്കാരിനോട് ഒടുങ്ങാത്ത പകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എങ്ങനെയെങ്കിലും എൽഡിഎഫ് ഒഴിഞ്ഞുപോകണം എന്നാണ് അവർ ആഗ്രഹിക്കുന്നത്. പരിഹാസ്യമായ കഥകളെല്ലാം തങ്ങൾ വിചാരിച്ചാൽ വിശ്വാസ്യത സൃഷ്ടിക്കാൻ സാധിക്കുമെന്ന നിലയിൽ വലിയ പ്രചാരണം നൽകിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സർക്കാരിൻ്റെ നേട്ടങ്ങൾ മുഖ്യമന്ത്രി എണ്ണിപ്പറയുകയും ചെയ്തു. വിഴിഞ്ഞം, ഗെയിൽ, ദേശീയ പാത തുടങ്ങിയവ എൽഡിഎഫ് സർക്കാരിൻ്റെ നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യാവസായിക രംഗത്ത് വലിയ കുതിച്ച് ചാട്ടം ഉണ്ടാക്കാൻ തനത് വളർച്ചാ നിരക്കിൽ മൂന്ന് ഇരട്ടി വളർച്ച ഉണ്ടാക്കാൻ സാധിച്ചു. ക്ഷേമ പെൻഷൻ കുടിശ്ശിക സമയ ബന്ധിതമായി കൊടുത്ത് തീർക്കും. ക്ഷേമ പെൻഷൻ്റെ 98 പേർക്കും നൽകേണ്ടത് സംസ്ഥാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ എട്ടുവർഷത്തിനകം 8400 കോടി രൂപ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉണ്ടാക്കൈ, ചൂരൽമല ദുരന്തത്തിൽ കേന്ദ്ര സർക്കാരിൻ്റെ സഹായം ലഭിച്ചില്ല. കൃത്യമായ ഉത്തരം കേന്ദ്ര സർക്കാർ നൽകുന്നില്ല. ലഭിക്കേണ്ടത് എസ്ഡിആർഇഎഫിൻ്റെ ഫണ്ട് അല്ല. കേന്ദ്ര ഫണ്ട് ലഭിച്ചില്ലെങ്കിലും സർക്കാർ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.