പാകിസ്‌ഥാൻ ;പാക് മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മുൻഭാര്യമാരിൽ നിന്ന് വ്യത്യസ്തയാണ് ബുഷ്റ ബീബിയെന്ന മൂന്നാംഭാര്യ. എപ്പോഴും മുഖാവരണം ധരിച്ച് പൊതുമധ്യത്തിലെത്തുന്ന ബുഷ്റ ബീബിക്ക് നിഗൂഢശക്തികളുണ്ടെന്നാണ് പരക്കെയുള്ള അഭ്യൂഹങ്ങൾ.
ഇമ്രാൻ ഖാനും അങ്ങനെയൊരു വിശ്വാസമുണ്ടത്രേ. പാകിസ്താനിൽ മുഖാവരണം ധരിക്കുന്ന ആദ്യത്തെ പ്രഥമവനിത കൂടിയാണവർ.ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയാകുന്നതിന് ആറ് മാസം മുമ്പായിരുന്നു ബീബിയുമായുള്ള വിവാഹം. ബീബിയുടെ കുടുംബത്തിലൊരാളെ വിവാഹം കഴിച്ചാൽ പ്രധാനമന്ത്രിയാകുമെന്ന് ഇമ്രാനോട് ആരോ പറഞ്ഞിരുന്നുവത്രേ.മാത്രമല്ല, ബീബി ഒരു സ്വപ്നം കണ്ടു, ഇമ്രാൻ വിവാഹിതയായ ഒരു സ്ത്രീയെ വിവാഹം കഴിക്കണം, അതും അഞ്ച് കുട്ടികളുടെ അമ്മയെത്തന്നെ, എങ്കിലേ പ്രധാനമന്ത്രിയാവാൻ സാധിക്കുകയുള്ളൂവെന്നും.
ബീബിക്ക് നിഗൂഢമായ രോഗശാന്തി വരുത്താനുള്ള ശക്തിയുണ്ട്, കൂടാതെ എല്ലാ സമയത്തും അവരുടെ കൽപ്പനയിൽ രണ്ട് ജിന്നുകളുണ്ടാവും, ബീബി ഈ ആത്മാക്കൾക്കായി മാംസം പാകം ചെയ്യുകയും കാര്യങ്ങൾ സാധിക്കാൻ അവയെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്- മുൻ പ്രഥമവനിതയെപ്പറ്റി ചെറുതും വലുതുമായി മാധ്യമങ്ങളിൽ വരുന്ന കിംവദന്തികൾ ഇങ്ങനെയൊക്കെയാണ്. ബീബിയുടെ പ്രതിബിംബം കണ്ണാടിയില്‍ കാണാന്‍ പറ്റില്ലെന്ന് പറഞ്ഞുപരത്തിയത് പ്രധാനമന്ത്രിയുടെ കാര്യാലയത്തിലെ ജീവനക്കാരനാണ്.
ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ മോചനമാവശ്യപ്പെട്ട് വലിയ പ്രതിഷേധമാണ് രാജ്യത്തിപ്പോൾ നടക്കുന്നത്. ഖാന്റെ മോചനത്തിൽ കുറഞ്ഞ ഒത്തുതീർപ്പിന് തയ്യാറല്ലെന്ന് പറഞ്ഞ് വിവിധഭാഗങ്ങളിൽ അരങ്ങേറുന്ന പ്രതിഷേധങ്ങളെ മുമ്പിൽ നയിക്കുന്നത് ബുഷ്റ ബീബിയാണ്. ഇമ്രാന്റെ ആത്മീയ വഴികാട്ടി, മന്ത്രവാദിനി എന്നിങ്ങനെയെല്ലാം വിശേഷിപ്പിക്കപ്പെടുന്ന അവരെ നിഗൂഢത നിറഞ്ഞ വ്യക്തിത്വമായിട്ടാണ് മാധ്യമങ്ങളും ജനങ്ങളും കരുതിപ്പോരുന്നത്.
ഇമ്രാൻ സ്ഥാപിച്ച പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടിയുടെ (പി.ടി.ഐ.) നേതൃനിരയിൽ ശക്തമായി നിലകൊണ്ട് ഇന്ന് ബീബി നയിക്കുന്ന രാഷ്ട്രീയ യുദ്ധത്തെ വിലയിരുത്തുകയാണ് ലോകം.ക്രിക്കറ്ററായിരുന്ന സമയത്ത് പ്ലേബോയ് പരിവേഷമുണ്ടായിരുന്ന ഇമ്രാൻ ബ്രിട്ടിഷ് വനിതയായ ജെമീമ ഗോൾഡ്‌സ്മിത്തിനെയും പാക് പത്രപ്രവർത്തകയായ റെഹം ഖാനെയുമാണ് മുമ്പ് വിവാഹം ചെയ്തിട്ടുള്ളത്. ഖവാർ ഫരീദ് മേനക എന്ന കസ്റ്റംസ് ഓഫീസറായിരുന്നു ബുഷ്‌റ ബീബിയുടെ ആദ്യ ഭർത്താവ്. അദ്ദേഹവുമായുള്ള വിവാഹമോചനത്തിന് ഉത്തരവാദി ഇമ്രാൻ ഖാനാണെന്ന അഭ്യൂഹങ്ങളും പ്രചരിച്ചു.
എന്നാൽ ഇമ്രാന് ഇതുമായി ബന്ധമില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഭാര്യയെ വിവാഹമോചനം ചെയ്തതെന്നും മേനക തന്നെ വ്യക്തമാക്കിയതോടെ അഭ്യൂഹങ്ങൾക്ക് വിരാമമായി. പക്ഷേ, വിവാഹമോചനം കഴിഞ്ഞ് നിശ്ചിതസമയത്തിനുശേഷമേ മറ്റൊരു വിവാഹം ചെയ്യാവൂ എന്നിരിക്കെ അതിനുള്ളിൽ ഖാനെ വിവാഹം ചെയ്ത ബീബിക്കെതിരേ മേനക പരാതി നൽകി. ഇതിൽ കേസ് നടക്കുകയാണിപ്പോൾ. ബുഷ്റയെ വിവാഹം ചെയ്തതിലൂടെ ഖാന് ഭാഗ്യങ്ങൾ വന്നുചേർന്നെന്നും മാധ്യമങ്ങളെഴുതി.
ഖാനെ ഒരു സൂഫി ആരാധനാലയത്തിൽ വെച്ചാണത്രേ ബുഷ്റ കണ്ടുമുട്ടിയത്. ലളിതമായ ചടങ്ങിൽ വിവാഹം കഴിഞ്ഞ് ആറ് മാസങ്ങൾക്കുള്ളിൽ, ഖാൻ പ്രധാനമന്ത്രിയായി. ശേഷമുള്ള ജീവിതം ദമ്പതികൾക്ക് ഒരു പരുക്കൻ യാത്രതന്നെയായിരുന്നു. 2018-ൽ ഒരു ടി.വി അഭിമുഖത്തിൽ വിവാഹവുമായി ബന്ധപ്പെട്ട സ്വപ്നത്തെപ്പറ്റി ചോദിച്ചപ്പോൾ ബീബി അക്കാര്യം തള്ളിക്കളയുകയാണ് ചെയ്തത്.
പാകിസ്താന്റെ ഇരുമ്പുവനിത, രാജ്ഞി, നൂർജഹാൻ അവൾ 'പാകിസ്താന്റെ ഉരുക്കു വനിത', 'രാജ്ഞി', 'നൂർജഹാൻ' എന്നെല്ലാമാണ് അനുഭാവികൾ ബീബിയെ വിശേഷിപ്പിക്കുന്നത്. പി.ടി.ഐയുടെ ലക്ഷ്യത്തിനും ഖാനെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്കും അവർ നൽകിയ സംഭാവനകൾ അനുയായികൾക്ക് കാണാതിരിക്കാനാവുന്നില്ല. ഇമ്രാൻ അറസ്റ്റിലായശേഷം പി.ടി.ഐ. നേതാക്കൾക്ക് നഷ്ടപ്പെട്ടത് ബീബി തിരിച്ചുപിടിച്ചുവെന്നാണ് പാക് രാഷ്ട്രീയ നിരൂപകരും വിശകലന വിദഗ്ധരും പറയുന്നത്.
ബുഷ്‌റ ബീബി രംഗത്തിറങ്ങിയതോടെ മുമ്പില്ലാത്ത തരത്തിൽ ആവേശവും ലക്ഷ്യവും അനുഭാവികൾക്ക് വന്നുചേർന്നു. തെരുവുകളുടെ പിന്തുണ അവർ നേടിയെടുത്തു. വരും ദിവസങ്ങളിൽ ബീബിയുടെ ശക്തിയറിയാനുള്ള കാത്തിരിപ്പിലാണ് പാക് ജനതയും.
ഇമ്രാൻ ഖാന്റെ അറസ്റ്റോടുകൂടി നേതൃത്വം നഷ്ടപ്പെട്ട പാർട്ടിയെ നയിക്കാൻ മറ്റ് നേതാക്കൾക്ക് സാധിക്കാതെ വന്നിടത്താണ് ബീബി കഴിവ് തെളിയിച്ചിരിക്കുന്നത്. ബീബി നയിച്ച പ്രതിഷേധത്തിൽ പഷ്തൂണുകളും പഞ്ചാബികളും സിന്ധികളുമടക്കം ആയിരങ്ങൾ അണിനിരന്നു.നവംബർ 24-ന് നടക്കാനിരുന്ന പ്രതിഷേധറാലി കോടതി തടഞ്ഞതോടെ, തലസ്ഥാനത്തിൻ്റെ ഹൃദയഭാഗത്തുള്ള ഡി-ചൗക്കിലേക്ക് മാർച്ച് ചെയ്യാൻ ബുഷ്റ ബീബിയാണ് മുൻനിരയിൽ അനുയായികൾക്ക് ഉപദേശം നൽകിയത്.
'ഇത് എന്റെ ഭർത്താവിന്റെ കാര്യം മാത്രമല്ല, ഈ രാജ്യത്തിന്റെയും അതിന്റെ നേതാവിന്റെയും കാര്യമാണ്. എന്റെ അവസാനശ്വാസം വരെ ഖാന്റെ മോചനത്തിനുവേണ്ടി പോരാടും'- പ്രതിഷേധം തടയാൻ സുരക്ഷാ സേന സ്ഥാപിച്ച കണ്ടെയ്‌നറിന് മുകളിൽ നിന്ന് പി.ടി.ഐ പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ബീബി പറഞ്ഞു. 'ഇമ്രാൻ നമുക്കൊപ്പമുണ്ടാവുന്നതുവരെ പ്രതിഷേധം നിർത്തില്ല. അവസാനശ്വാസം വരെ ഞാനിവിടെയുണ്ടാവും. നിങ്ങളെല്ലാവരും നമുക്കുവേണ്ടി നിലകൊള്ളണമെന്ന് ആവശ്യപ്പെടുകയാണ്'-അവർ പറഞ്ഞു. അതേസമയം, പാർട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങളുമായി ഇടഞ്ഞുനിൽക്കുകയാണ് ബീബിയെന്നും നേതാക്കളെ അനുസരിക്കുന്നില്ലെന്നും ആരോപണമുണ്ട്.
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ സ്വാധീനമുള്ള കുടുംബത്തിൽ ജനിച്ച ബീബി സൂഫി മിസ്റ്റിക് കവി ബാബ ഫരീദിൻ്റെ അനുയായിയാണെന്ന് പറയപ്പെടുന്നു. ബേനസീർ ഭൂട്ടോയുടെ മന്ത്രിസഭയിലെ മുൻ മന്ത്രിയുടെ മകനായ മേനകയെ 1989-ൽ വിവാഹം കഴിച്ചു, 28 വർഷത്തെ ദാമ്പത്യത്തിനുശേഷം 2017-ൽ വിവാഹമോചനം നേടി. ആ വിവാഹത്തിൽ അവർക്ക് മൂന്ന് പെൺമക്കളും രണ്ട് ആൺമക്കളുമുണ്ട്. ഇപ്പോൾ 50-കാരിയായ ബുഷ്റ, നേരത്തേ അധികമൊന്നും നേതൃനിരയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാൽ, ശക്തമായി നേതൃസ്ഥാനത്തേക്ക് എത്തുകയാണവർ.
ബീബിയുടെ അറസ്റ്റ് 'തോഷഖാന' അഴിമതിക്കേസിൽ 2022-ൽ അവിശ്വാസ വോട്ടിലൂടെ പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടതാണ് ഇമ്രാൻ ഖാൻ. അഴിമതിക്കേസിൽ 14 വർഷം തടവുശിക്ഷയാണ് ഖാനും ബീബിക്കും കോടതി വിധിച്ചത്. അധികാരത്തിലിരുന്നപ്പോൾ വിലകൂടിയ സർക്കാർ സമ്മാനങ്ങൾ കൈവശം വെച്ചെന്നാണ് ഇരുവർക്കുമെതിരേയുള്ള കുറ്റം.
108 സമ്മാനങ്ങളാണ് വിവിധരാഷ്ട്രത്തലവൻമാരിൽ നിന്ന് ഇവർ സ്വീകരിച്ചത്. പാരിതോഷികങ്ങൾ സർക്കാർ ട്രഷറിയിൽ ഏൽപ്പിക്കണമെന്നിരിക്കെ അത് മറിച്ചുവിറ്റ് പണം സമ്പാദിച്ചുവെന്നതാണ് കേസ്. ഒരു വർഷത്തിലേറെയായി തടവിലാണ് ഖാൻ. ഭീകരക്കുറ്റങ്ങളിൽ ഖാനെതിരേ വിചാരണ നടക്കാനിരിക്കെയാണ് പുതിയ പ്രതിഷേധം രാജ്യത്ത് അലയടിക്കുന്നത്. 150-ലേറെ ക്രിമിനൽ കുറ്റങ്ങളാണ് 72-കാരനായ ഖാനെതിരേയുള്ളത്.
ബീബിക്കെതിരേയും ഭീകരക്കുറ്റം ചുമത്തിയിരുന്നു. അറസ്റ്റിലായി 14 വർഷം തടവ് അനുഭവിക്കുന്നതിനിടെ ഒക്ടോബറിൽ ജാമ്യത്തിലിറങ്ങി. ജയിലില്‍ വെച്ച് തൻ്റെ ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിച്ചുവെന്ന് അവർ ആരോപിച്ചിരുന്നു. കോടതി വ്യവഹാരങ്ങളുടെയും ജയിൽവാസത്തിൻ്റെയും ഒരു പരമ്പരയ്‌ക്കൊടുവിലാണ് ബുഷ്‌റയുടെയും രാഷ്ട്രീയപ്രവേശനം.
ഇമ്രാൻ ഖാനെ ഭരണത്തിൽ നിന്ന് പുറത്താക്കിയതിൽ സൗദി അറേബ്യക്ക് പങ്കുണ്ടെന്ന ബുഷ്‌റയുടെ പ്രസ്താവന വിവാദമായിരുന്നു. സൗദിയെ കുറ്റപ്പെടുത്തുന്ന അവരുടെ വീഡിയോക്ക് പിന്നാലെ ബീബിക്കെതിരേ വിദ്വേഷപ്രസംഗത്തിന് കേസെടുത്തിരിക്കുകയാണിപ്പോൾ. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പാകിസ്താനെ സഹായിക്കുന്ന പ്രധാനരാജ്യങ്ങളാണ് സൗദി അറേബ്യയും ചൈനയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.