റാഞ്ചി: ജാർഖണ്ഡ് നിയമസഭയിലേക്ക് മത്സരിച്ച സോറൻ കുടുംബത്തിലെ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉൾപ്പെടെ മൂന്നുപേർക്ക് വിജയം. ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) യ്ക്ക് വേണ്ടി മത്സരിച്ച ഹേമന്ത് സോറൻ, ഭാര്യ കൽപന സോറൻ, ഇളയ സഹോദരൻ ബസന്ത് സോറൻ എന്നിവരാണ് ജയിച്ചുകയറിയത്.
മാസങ്ങൾക്ക് മുൻപ് ജെഎംഎം വിട്ട് ബിജെപിയിലെത്തിയ ഹേമന്ത് സോറൻ്റെ മൂത്ത സഹോദരൻ ദുർഗ സോറൻ്റെ ഭാര്യ സീതാ സോറൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും കനത്ത തോൽവി നേരിട്ടു.ബെർഹെയ്ത് മണ്ഡലത്തിൽ തുടർച്ചയായ മൂന്നാം തവണയാണ് ഹേമന്ത് സോറൻ്റെ മിന്നും വിജയം. ഇൻഫോഴ്സ് ഡയറക്ടറേറ്റിൻ്റെ അറസ്റ്റ് അടക്കം നേരിട്ട് ജയിൽവാസം അനുഭവിച്ചു മടങ്ങിയെത്തിയ ഹേമന്ത് സോറനും ജെഎംഎമ്മിനും ആത്മവിശ്വാസം പകരുന്നതാണ് ജനവിധി.39,791 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിജെപിയുടെ ഗാംലിയേൽ ഹെംബ്രോമിനെയാണ് സോറൻ പരാജയപ്പെടുത്തിയത്. 95612 വോട്ടുകൾ സോറൻ പിടിച്ചെടുത്തപ്പോൾ 55821 വോട്ടുകളാണ് ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചത്.ഗാണ്ഡെ സീറ്റിൽ 17142 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കൽപന സോറൻ്റെ വിജയം. 1,19,372 വോട്ടുകൾ കൽപന പിടിച്ചപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ ബിജെപിയുടെ മുനിയ ദേവിക്ക് 102230 വോട്ടുകളാണ് ലഭിച്ചത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളിൽ മുനിയ ദേവി ലീഡ് ചെയ്തെങ്കിലും ഒടുവിൽ കൽപനയുടെ തിരിച്ചുവരവുണ്ടായി.
ജെഎംഎം എംഎൽഎ രാജിവെച്ചതിനെ തുടർന്ന് ഈ വർഷം ജൂണിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് കൽപനയുടെ കന്നിമത്സരം ഗാണ്ഡെയിൽ അരങ്ങേറിയത്. അന്ന് ബിജെപി സ്ഥാനാർഥിയെ 27,149 വോട്ടുകൾക്കായിരുന്നു പരാജയപ്പെടുത്തിയിരുന്നത്. ഹേമന്ത് സോറൻ ജയിൽവാസം അനുഭവിക്കുന്നതിനിടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.ജെഎംഎമ്മിൻ്റെ ശക്തികേന്ദ്രമായ ദുംക സീറ്റിൽ 14,588 വോട്ടുകൾക്കാണ് ബസന്ത് സോറൻ ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്. 95,685 വോട്ടുകൾ ബസന്ത് സോറൻ പിടിച്ചപ്പോൾ ബിജെപിയുടെ സുനിൽ സോറന് 81,097 വോട്ടുകളാണ് നേടാനായത്.
2019ൽ ഹേമന്ത് സോറൻ മത്സരിച്ചു വിജയിച്ച ദുംക സീറ്റ് പിന്നീട് സഹോദരന് വേണ്ടി ഒഴിയുകയായിരുന്നു. 2020ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 6,842 വോട്ടുകൾക്കായിരുന്നു ബസന്ത് സോറൻ്റെ വിജയം.അതസമയം ജാംതാരയിൽ കനത്ത തോൽവി ആണ് സീതാ സോറൻ നേരിട്ടത്. കോൺഗ്രസ് നേതാവും സിറ്റിങ് എംഎൽഎയുമായ ഇർഫാൻ അൻസാരിയോട് 43,676 വോട്ടുകൾക്കാണ് സീതാ സോറൻ്റെ പരാജയം. 1,33,266 വോട്ടുകൾ ഇർഫാൻ അൻസാരി പിടിച്ചെടുത്തപ്പോൾ സീതാ സോറന് 8,95,90 വോട്ടുകളി ഒതുങ്ങി. മണ്ഡലത്തിൽ ഹാട്രിക് വിജയം സ്വന്തമാക്കിയ ഇർഫാൻ അൻസാരി മുതിർന്ന കോൺഗ്രസ് നേതാവ് ഫുർഖാൻ അൻസാരിയുടെ മകൻ കൂടിയാണ്.ഭരണം നിലനിർത്തി ഇന്ത്യ സഖ്യം
ജാർഖണ്ഡിൽ ജെഎംഎം നേതൃത്വം നൽകുന്ന ഇന്ത്യ സഖ്യം വമ്പൻ നേട്ടത്തോടെ ഭരണം നിലനിർത്തി. 56 സീറ്റുകളിലാണ് ഇന്ത്യ സഖ്യം വിജയിച്ചത്. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ 24 സീറ്റുകളിലും മറ്റുള്ളവർ ഒരു സീറ്റിലും ഒതുങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.