മുംബൈ; മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയെ സംബന്ധിച്ച ബിജെപി തീരുമാനത്തെ പിന്തുണയ്ക്കുമെന്നും താൻ തടസമാകില്ലെന്നു പ്രധാനമന്ത്രിയെ അറിയിച്ചെന്നും ശിവസേന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെ. മഹാരാഷ്ട്രയിലേത് ജനങ്ങളുടെ വിജയമാണെന്നും ഷിൻഡെ പറഞ്ഞു.
മഹായുതിക്ക് വലിയ വിജയം സമ്മാനിച്ച ജനങ്ങൾക്കും പൂർണ പിന്തുണ നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഷിൻഡെ നന്ദി പറഞ്ഞു.ജനങ്ങൾ മഹായുതിക്ക് വോട്ട് ചെയ്തതിന് പ്രധാന കാരണം സംസ്ഥാന സർക്കാർ ജനങ്ങൾക്കായി ആവിഷ്ക്കരിച്ച പദ്ധതികളാണ്. ലാഡ്കി ബഹിൻ പദ്ധതിയുൾപ്പെടെ ജനങ്ങൾ സ്വീകരിച്ചു. മുഖ്യമന്ത്രി സാധാരണക്കാരനായിരിക്കണം. ഞാനൊരു സാധാരണക്കാരനാണ്. കർഷക കുടുംബത്തിൽ നിന്നാണ് വരുന്നത്. പ്രശസ്തിക്കു വേണ്ടിയല്ല, ജനങ്ങൾക്കു വേണ്ടിയാണ് പ്രവർത്തിച്ചത്.അവസാനം വരെ അതുതുടരും. ബാൽതാക്കറെയുടെ മാർഗമാണ് എല്ലായ്പ്പോഴും പിന്തുടർന്നിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. മഹായുതിയുടെ വിജയം ജനങ്ങൾ തന്ന വലിയ അംഗീകാരമാണ്. കൂടുതൽ ഉത്തരവാദിത്തത്തോടെ കേന്ദ്ര സഹകരണത്തോടെ സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുമെന്നും ഷിൻഡെ പറഞ്ഞു.മഹാരാഷ്ട്രയിൽ ഇന്ത്യാസഖ്യത്തെ കടപുഴക്കിയാണ് എൻഡിഎ വിജയിച്ചത്. ബിജെപിയും ശിവസേന ഷിൻഡെ പക്ഷവും എൻസിപി അജിത് പക്ഷവും ഉൾപ്പെടുന്ന ‘മഹായുതി’ (എൻഡിഎ) 288ൽ 234 സീറ്റുമായാണ് ഭരണം നിലനിർത്തിയത്. കേവലഭൂരിപക്ഷത്തിനു വേണ്ടത് 145 സീറ്റാണ്. ബിജെപി ഒറ്റയ്ക്ക് 132 സീറ്റ് നേടി. യഥാർഥ ശിവസേന തന്റേതെന്നു തെളിയിക്കുന്ന വിജയമാണ് ഏക്നാഥ് ഷിൻഡെ നേടിയത്. ഷിൻഡെ പക്ഷത്തിന് 57 സീറ്റ് ലഭിച്ചപ്പോൾ ഉദ്ധവ് പക്ഷത്തിന് ലഭിച്ചത് 20 സീറ്റുകളാണ്.
ആറു മാസം മുൻപത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 152 നിയമസഭാ സീറ്റിൽ മുന്നിട്ടുനിന്ന മഹാവികാസ് അഘാഡി ഇക്കുറി മൂന്നിലൊന്നു സീറ്റിലേക്ക് ഒതുങ്ങുകയായിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ആര് അധികാരത്തിലേറും എന്ന സസ്പെൻസ് നിലനിൽക്കെയാണ് ബിജെപി തീരുമാനം എന്തായാലും അതിനെ പിന്തുണയ്ക്കുമെന്ന് ഷിൻഡെ അറിയിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.