അഞ്ചാലുംമൂട് ; ഓൺലൈൻ ബിസിനസിലൂടെ പണം നേടുന്ന ഭാര്യയും ഭർത്താവും, ഇതായിരുന്നു പെൺകെണി കേസിലെ ഷെമിയെയും ഭർത്താവ് സോജനെയും കുറിച്ച് നാട്ടുകാർക്കും വീട്ടുകാർക്കും അറിയാവുന്ന കാര്യം. പെൺകെണിയിലൂടെ 2.5 കോടി രൂപ തട്ടിയെടുത്ത കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത് തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് ഇരുവരുടെയും യഥാർഥ ‘ബിസിനസ്’ നാടറിയുന്നത്.
വാട്സാപ് വീഡിയോ കോളിലൂടെ നഗ്നശരീരം കാണിച്ച് തൃശൂരിലെ വ്യാപാരിയെ കെണിയിൽപ്പെടുത്തി 2.5 കോടി രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ കരുനാഗപ്പള്ളി ഒറ്റയിൽപടിതറ്റിൽ ഷെമി (ഫാബി– 38), പനയം മുണ്ടയ്ക്കൽ തട്ടുവിള പുത്തൻവീട്ടിൽ സോജൻ (32) എന്നിവരെ കഴിഞ്ഞ ദിവസം ഇഞ്ചവിളയിൽ ഇവർ താമസിച്ചിരുന്ന വീട്ടിലെത്തിച്ച് തൃശൂർ വെസ്റ്റ് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.2020ൽ വ്യാപാരിയെ വാട്സാപ് വഴി പരിചയപ്പെട്ട ഷെമി ഹോസ്റ്റലിൽ താമസിക്കുന്ന 23 വയസ്സുള്ള യുവതിയാണെന്ന് വിശ്വസിപ്പിച്ച് പണം കടം വാങ്ങിയാണ് തട്ടിപ്പിന് തുടക്കമിടുന്നത്.
പിന്നീട് വിഡിയോ കോളിലൂടെ നഗ്നശരീരം കാണിച്ച് വ്യാപാരിയെ കുടുക്കുകയും, ചാറ്റുകളും വിഡിയോ കോളുകളും പുറത്ത് വിടുമെന്നു ഭീഷണിപ്പെടുത്തി വലിയ തുകകൾ കൈപ്പറ്റുകയായിരുന്നു. ഡ്രൈവറായിരുന്ന സോജൻ ആലപ്പുഴയിൽ വച്ചാണ് ഷെമിയെ പരിചയപ്പെടുന്നത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന ഷെമിയെ 5 വർഷം മുൻപാണ് സോജൻ വിവാഹം ചെയ്തത്. തുടർന്ന് വിവിധയിടങ്ങളിലായി വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. വിവാഹ ശേഷം സോജൻ ജോലിക്കു പോയിരുന്നതായി കൂട്ടുകാർക്കോ വീട്ടുകാർക്കോ അറിവില്ല.
ആഡംബര ജീവിതമാണ് ഇരുവരും നയിച്ചിരുന്നത്. കൂട്ടുകാരുമായി ബന്ധം പുലർത്തിയിരുന്ന സോജൻ വരുമാന മാർഗമായി പറഞ്ഞിരുന്നത് ഓൺലൈൻ ബിസിനസ് എന്നായിരുന്നു. ഓൺലൈൻ ബിസിനസ് ഷെമിയാണ് നോക്കുന്നതെന്നും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. വീട്ടിൽ ചെല്ലുമ്പോഴും ഷെമി എപ്പോഴും കംപ്യൂട്ടറിന്റെ മുന്നിലായിരിക്കുമെന്നതിനാൽ കൂട്ടുകാർക്കും ആ കാര്യത്തിൽ സംശയം തോന്നിയിരുന്നില്ല. 3 മാസം മുൻപാണ് സോജനും ഷെമിയും ഇഞ്ചവിളയിലെ പുതിയ വീട് 15 ലക്ഷം രൂപ നൽകി ഒറ്റിക്ക് എടുക്കുന്നത്. തുടർന്നാണ് പുതിയ വാഹനങ്ങൾ എടുത്തതും. ആഡംബര വാഹനത്തിലാണ് മിക്കപ്പോഴും യാത്ര. വല്ലപ്പോഴും മാത്രമാണ് ബൈക്കിൽ യാത്ര ചെയ്യുന്നത്.
പൊലീസ് ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 82 പവനോളം സ്വർണാഭരണങ്ങളും ബൈക്കും കണ്ടെത്തിയിരുന്നു. വ്യാപാരിയുടെ പരാതിയിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ഇവർ വയനാട് യാത്രയിലായിരുന്നു. അവിടെ വച്ച് ബാങ്കിൽ നിന്നു പണം പിൻവലിക്കാൻ സാധിക്കാതെ വന്നതോടെ ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് അക്കൗണ്ടുകൾ പൊലീസ് ബ്ലോക്ക് ചെയ്തതായി അറിയുന്നത്. തുടർന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പൊലീസിന്റെ വലയിലായത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.