പാലാ: പാലാ കത്തീഡൽ, ളാലം പഴയപള്ളി, ളാലം പുത്തൻപള്ളി ഇടവകകളുടെ ആഭിമുഖ്യത്തിൽ പാലാ ടൗൺ കുരിശുപള്ളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാൾ ഡിസംബർ 1 മുതൽ 9 വരെ തീയതികളിൽ ആഘോഷമായി നടത്തപ്പെടുന്നു.ഭക്തിനിർഭരമായ തിരുക്കർമ്മങ്ങൾ, ബൈബിൾ പ്രഭാഷണങ്ങൾ. തിരുനാൾ പ്രദക്ഷിണങ്ങൾ, മരിയൻ റാലി, ജൂബിലി സാംസ്‌കാരിക ഘോഷയാത്ര, ടൂവീലർ ഫാൻസിഡ്രസ്സ് മത്സരം, ബൈബിൾ ടാബ്ലോ മത്സരം, ദീപാലങ്കാരങ്ങൾ, നാടകമേള, നയനമനോഹരമായ വീഥി അലങ്കാരങ്ങൾ, ശ്രുതിമധുരമായ വാദ്യമേളങ്ങൾ എന്നിവ പെരുന്നാളിന് മോടി കൂട്ടും. ഡിസംബർ 7,8 തിയതിയിലാണ് പ്രധാന തിരുനാൾ നടക്കുന്നത്.
ഒന്നാം തീയതി വൈകിട്ട് 6.15 നുള്ള വിശുദ്ധ കുർബാനയ്ക്ക് ശേഷം ളാലം പള്ളിയിൽ നിന്നും വാദ്യമേളങ്ങളോടെ തിരുനാൾ പതാക പ്രദക്ഷിണമായി കുരിശുപള്ളിയിൽ എത്തിച്ച് കൊടിയേറ്റ് കർമ്മം നടത്തും. തുടർന്ന് ലദീഞ്ഞ്. അതിന് ശേഷം 7 മണിക്ക് ടൗൺ ഹാളിൽ വച്ച് സി.വൈ.എം.എൽ നാടക മേളയുടെ ഉദ്ഘാടനവും തുടർന്ന് നാടകവും ഉണ്ടാകും. ഏഴാം തീയതി വരെ എല്ലാ ദിവസവും രാവിലെ 5.30 ന് വിശുദ്ധ കുർബാനയും ലദീഞ്ഞും വൈകിട്ട് 5.30 ന് ജപമാലയും വിശുദ്ധ കുർബാനയും ലദീഞ്ഞും ഉണ്ടായിരിക്കും.
ഏഴാം തീയതി രാവിലെ 7.30 ന് അമലോത്ഭവ മാതാവിൻ്റെ തിരുസ്വരൂപം പന്തലിൽ പ്രതിഷ്ഠിക്കും. 8 ന് പാലാ സെൻ്റ് മേരീസ് സ്‌കൂളിലെ കുട്ടികൾ നടത്തുന്ന മരിയൻ റാലി, ഉച്ചകഴിഞ്ഞ് 2.30 ന് ജൂബിലി സാംസ്‌കാരിക ഘോഷയാത്ര,ടൂവീലർ ഫാൻസിഡ്രസ്സ് മത്സരം,ബൈബിൾ ടാബ്ലോ മത്സരം എന്നിവ നടക്കും.5 മണിക്ക് കത്തീഡ്രൽ പള്ളി, ളാലം പുത്തൻ പള്ളി എന്നിവിടങ്ങളിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം ആഘോഷമായ പ്രദക്ഷിണം കൊട്ടാരമറ്റം ജംഗ്ഷനിൽ എത്തിച്ചേർന്ന് ടൗൺ കുരിശ്ശുപള്ളിയിലേയ്ക്ക് നടക്കും.
പ്രധാന തിരുനാൾ ദിനമായ എട്ടാം തീയതി രാവിലെ 6.30 ന് വിശുദ്ധ കുർബാന. 9.15 ന് പ്രസുദേന്തി വാഴ്‌ച നടത്തും. 10 മണിക്ക് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ കാർമ്മികത്വത്തിൽ തിരുനാൾ വിശുദ്ധ കുർബാന അർപ്പിക്കും.
വൈകിട്ട് 4 മണിക്ക് പട്ടണം ചുറ്റിയുള്ള ആഘോഷമായ തിരുനാൾ പ്രദക്ഷിണം ആരംഭിക്കും. 8.45 ന് വിശുദ്ധ കുർബാനയുടെ ആശീർവാദവും സമ്മാനദാനവും നടക്കും.
ഒൻപതാം തീയതി രാവിലെ 11.15 ന് മാതാവിൻ്റെ തിരുസ്വരൂപം കുരിശുപള്ളിയിൽ പുനപ്രതിഷ്ഠിക്കുന്നതോടെ തിരുനാളിന് സമാപനമാവുകയാണ്. കത്തീഡ്രൽ പള്ളി വികാരി ഫാ.ജോസ് കാക്കല്ലിൽ, ളാലം പഴയപള്ളി വികാരി ഫാ ജോസഫ് തടത്തിൽ, ളാലം പുത്തൻപള്ളി അസിസ്റ്റൻഡ് വികാരി ഫാ. മാത്യു കോലത്ത്, തോമസ് മേനാംപറമ്പിൽ, കൺവീനർമാരായ രാജേഷ് പാറയിൽ, ജോഷി വട്ടക്കുന്നേൽ,വി.റ്റി ജോസഫ് താന്നിയത്ത്, ബേബിച്ചൻ എടേട്ട് എന്നിവർ മീഡിയാ അക്കാഡമിയിൽ നടന്ന വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.