റിയാദ്: സംഗീതം പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി 'മുസീഖ് എഐ' (മ്യൂസിക് എഐ) എന്ന പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുമായി സൗദി മ്യൂസിക് കമ്മീഷന്. അറബിക്, പാശ്ചാത്യ സംഗീതോപകരണങ്ങള്‍ പഠിപ്പിക്കുന്നതിനുള്ള സംവേദനാത്മക സംഗീത പരിപാടികള്‍ വാഗ്ദാനം ചെയ്യുന്ന രാജ്യാന്തര ഡിജിറ്റല്‍ പ്ലാറ്റ്ഫോം ലോകത്തു തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണെന്ന് അധികൃതര്‍ അറിയിച്ചു.
സൗദി അറേബ്യയിലെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെയും സംഗീത വിദ്യാര്‍ഥികളെയും വിദഗ്ധരായ സംഗീതജ്ഞരെയും പ്രഫഷനലുകളെയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എല്ലാവര്ക്കും എളുപ്പത്തില്‍ സംഗീതവും സംഗീതോപകരണങ്ങളും പഠിക്കാനുള്ള അവസരം ഇതിലൂടെ കൈവരുമെന്നും അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈന്‍ ലൈവ് ക്ലാസ്സുകളിലൂടെയും സ്വന്തം നിലയ്ക്കും സംഗീതം പഠിക്കാന്‍ പുതിയ സംരംഭം സഹായകമാവുമെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെട്ടു.
സംഗീത വിദ്യാര്‍ഥികള്‍ക്ക് പരിശീലകരുമായി നേരിട്ട് ആശയവിനിമയം നടത്താന്‍ ഈ ഇന്ററാക്ടീവ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ കഴിയും. സംഗീതവുമായി ബന്ധപ്പെട്ട കോഴ്സുകള്‍ എളുപ്പത്തില്‍ പഠിക്കാനും കോഴ്സിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേടാനും ഇതിലൂടെ കഴിയുമെന്നതാണ് പ്ലാറ്റ്ഫോമിന്റെ മറ്റൊരു പ്രത്യേകത. എപ്പോള്‍ വേണമെങ്കിലും എവിടെ വച്ചും, വിഡിയോ സ്ട്രീമിങ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് സംഗീതം പഠിക്കാനും പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ നേടാനും കഴിയും.
ഓരോ വിദ്യാര്‍ഥിക്കും അവരുടെ കഴിവിനും സമയത്തിനും അനുസൃതമായി സംഗീതം പഠിക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. മ്യൂസിക് കമ്മീഷന് പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ആരംഭിക്കുന്നതിലൂടെ സംഗീതം പഠിക്കുന്നതിന് നൂതനവും അതുല്യവുമായ മാര്‍ഗമാണ് ലഭ്യമാവുകയെന്നും അധികൃതര്‍ വ്യക്തമാക്കി.രാജ്യത്തിലെ സംഗീത പ്രതിഭകളെ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനും, സംഗീത സംസ്കാരത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും, രാജ്യത്തിന്റെ സംഗീത സാംസ്കാരികത വികസിപ്പിക്കുന്നതിനും, പ്രാദേശികമായും ആഗോളതലത്തിലും അവ പ്രചരിപ്പിക്കുന്നതിനുമുള്ള സൗദി മ്യൂസിക് കമ്മീഷന്റെ ശ്രമങ്ങളുടെ ഭാഗമായാണ് മുസീഖ് എആ പ്ലാറ്റ്ഫോമെന്നും അധികൃതര്‍ വ്യക്തമാക്കി.
സംഗീത വിദ്യാര്‍ഥികള്‍ക്ക് അതേക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ അവസരമൊരുക്കുന്ന ഈ പ്ലാറ്റ്ഫോം, ഈ മേഖലയിലെ പ്രൊഫഷനലുകള്‍ക്കും പ്രതിഭകള്‍ക്കും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും ഈ മേഖലയിലെ മികച്ച ജോലികള്‍ സ്വന്തമാക്കുന്നതിനും വഴിയൊരുക്കുമെന്നും സൗദി മ്യൂസിക കമ്മീഷന് അറിയിച്ചു. സംഗീത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരെ സംബിന്ധിച്ചിടത്തോളം സുവര്‍ണാവസരമാണ് പുതിയ സംവിധാനത്തിലൂടെ കൈവന്നിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.