തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രി ഫീസ് ഈടാക്കാൻ തീരുമാനിച്ചുവെന്ന പ്രചരണവും അതിൻ്റെ പേരിലുള്ള സമരവും ദൗർഭാഗ്യകരമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ ബി എസ് സുനിൽകുമാർ പറഞ്ഞു.
ഒപി ടിക്കറ്റിന് ഫീസ് ഈടാക്കണമെന്ന് കഴിഞ്ഞ ആശുപത്രി വികസന സമിതി യോഗത്തിൽ ചർച്ചയിൽ വന്ന നിർദ്ദേശത്തിൻ്റെ പേരിലാണ് ഇപ്പോൾ സമരം നടക്കുന്നത്. ഇക്കാര്യത്തിൽ ഒന്നും തീരുമാനം എടുത്തിട്ടില്ല. ആശുപത്രിയിൽ സംസ്ഥാന സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ചികിത്സാ വിഭാഗങ്ങളിലേക്ക് ഒട്ടനവധി അത്യാധുനിക ഉപകരണങ്ങളാണ് വാങ്ങിയത്. ഇവയുടെ വാർഷിക അറ്റകുറ്റപ്പണികൾക്ക് ആശുപത്രി വികസന സമിതിയാണ് തുക കണ്ടെത്തേണ്ടത്. ഉപകരണങ്ങളുടെ എണ്ണത്തിന് അനുസരിച്ച് അറ്റകുറ്റപ്പണിയുടെ ചെലവും വർദ്ധിക്കും.
ജീവനക്കാരുടെ ശമ്പളവും മറ്റ് ചെലവുകൾക്കുമൊപ്പം വാർഷിക അറ്റകുറ്റപ്പണിയുടെ കരാർ തുക കൂടിയാകുമ്പോൾ ആശുപത്രി വികസന സമിതിയുടെ ചെലവ് വന്തോതിൽ വർദ്ധിക്കും. ഈ പ്രശ്നം പരിഹരിക്കാനെന്ന നിലയിലാണ് ഒ പി ടിക്കറ്റിന് ഫീസ് ഈടാക്കി അറ്റകുറ്റപ്പണിക്കുള്ള തുക കണ്ടെത്താമെന്ന നിർദ്ദേശം വിവിധ പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ കൂടി ഉൾപ്പെട്ടയോഗത്തിൽ വന്നത്.
വർഷങ്ങൾക്കു മുമ്പ് ഇവിടെ ഒപിടിക്കുന്നതിന് ഫീസ് ഈടാക്കിയിരുന്നു. മാത്രമല്ല നിലവിൽ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മറ്റ് മെഡിക്കൽ കോളേജുകളിലും ഫീസ് ഈടാക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഫീസ് ഈടാക്കാനുള്ള നിർദ്ദേശം വന്നത്. ഏതായാലും തീരുമാനമാകാത്ത വിഷയത്തിൽ നടക്കുന്ന സമരം തികച്ചും ദൗർഭാഗ്യകരമാണെന്ന് സൂപ്രണ്ട് പറഞ്ഞു.
ആശുപത്രി വികസന സമിതി വഴി പുതിയ നിയമങ്ങൾക്കും തീരുമാനമെടുത്തുവെന്ന വാർത്തയും വാസ്തവ വിരുദ്ധവുമാണ്. സാധാരണ നടക്കുന്ന പോലെ ട്രയിനികളെ നിയമിക്കുന്നതല്ലാതെ മറ്റു നിയമങ്ങൾ നടത്തുന്നില്ല. എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ച് വഴിയാണ് താൽക്കാലിക നിയമങ്ങൾ നടത്തുന്നതെന്നും ഡോ സുനിൽകുമാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.