മുംബൈ; രാജ്യത്തെ മുൾമുനയിലാക്കിയ 26/11 മുംബൈ ഭീകരാക്രമണത്തിന് 16 വയസ്സ്. രാജ്യം നേരിട്ട ഏറ്റവും വലിയ ഭീകരാക്രമണത്തിൽ 166 ജീവനുകളാണു പൊലിഞ്ഞത്.
300 പേർക്ക് പരുക്കേറ്റിരുന്നു. എൻഎസ്ജി മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ, മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന മേധാവി ഹേമന്ദ് കർക്കറെ, പൊലീസ് അഡിഷനൽ കമ്മിഷണർ അശോക് കാംഠെ, ഏറ്റുമുട്ടൽ വീരൻ വിജയ് സലാസ്കർ എന്നിവർ വീരമൃത്യു വരിച്ച ഉന്നത ഉദ്യോഗസ്ഥരിൽപ്പെടും. കനത്ത പോരാട്ടത്തിനൊടുവിൽ ഒൻപതു ഭീകരരെ വധിച്ചു. ജീവനോടെ പിടികൂടിയ അജ്മൽ കസബിനെ 2012ൽ പുണെ യേർവാഡ സെൻട്രൽ ജയിലിൽ തൂക്കിലേറ്റി.പാക്കിസ്ഥാനിൽനിന്ന് ബോട്ടിൽ കടൽമാർഗം ഗുജറാത്തിലെ പോർബന്തർ വഴി മുംബൈയിലെത്തി കൊളാബയ്ക്കടുത്ത് കഫ് പരേഡ് തീരത്തൂടെയാണ് 10 അംഗ ഭീകരസംഘം നഗരത്തിൽ പ്രവേശിച്ചത്.
2008 നവംബർ 26ന് വിവിധ സംഘങ്ങളായി പിരിഞ്ഞ് അതീവരഹസ്യമായി ഒരേസമയം വിവിധ കേന്ദ്രങ്ങളിൽ നുഴഞ്ഞുകയറിയ ഭീകരർ, രാത്രി ഒൻപതരയോടെ ഛത്രപതി ശിവജി ടെർമിനസ് റയിൽവേ സ്‌റ്റേഷൻ (സിഎസ്‌ടി), താജ് ഹോട്ടൽ, ഒബ്‌റോയ്-ട്രൈഡന്റ് ഹോട്ടലുകൾ, നരിമാൻ ഹൗസ്, കാമ ഹോസ്പിറ്റൽ, ലിയോപോൾ കഫെ എന്നിവിടങ്ങളിൽ ആക്രമണം അഴിച്ചുവിട്ടു.നഗരത്തിൽ തുടരെ വെടിയൊച്ചകളും സ്ഫോടനശബ്ദങ്ങളും. ആളുകൾ തലങ്ങും വിലങ്ങുമോടി. കൺമുന്നിൽ കണ്ടവരെയെല്ലാം ഭീകരർ വെടിവച്ചിട്ടു. എകെ 47 തോക്ക് ഉൾപ്പെടെയുളള ആയുധങ്ങളുമായി തുടർച്ചയായി നിറയൊഴിച്ച ഭീകരർക്കു മുന്നിൽ പൊലീസ് പകച്ചു. ഒരേ സമയം വിവിധയിടങ്ങളിൽ ഭീകരർ രൂക്ഷമായ ആക്രമണം നടത്തുന്ന വാർത്ത പ്രചരിച്ചതോടെ മുംബൈ നഗരവും രാജ്യവും വിറങ്ങലിച്ചുനിന്നു. പിറ്റേന്നു പുലർച്ചെ എൻഎസ്‌ജി കമാൻഡോകൾ എത്തിയതോടെയാണ് ഇന്ത്യ ശക്തമായി തിരിച്ചടിച്ചുതുടങ്ങിയത്.
പുലർച്ചെ ഒന്നരയോടെ, ഭീകരസംഘത്തിലുൾപ്പെട്ട അജ്മൽ കസബ് പിടിയിലായി. 3 ദിവസം രാജ്യത്തെ മുൾമുനയിലാക്കിയ പോരാട്ടത്തിനൊടുവിൽ ഭീകരരിൽ നിന്നു നഗരത്തെ മോചിപ്പിച്ചു.ഫൊട്ടോഗ്രഫർ സെബാസ്‌റ്റ്യൻ ഡിസൂസ തന്റെ നിക്കോൺ ഡി 200 ക്യാമറയിൽ പകർത്തിയ, തുടരെ നിറയൊഴിച്ചുകൊണ്ട് സിഎസ്‌ടിയിലുടെ നടന്നുനീങ്ങുന്ന കസബിന്റെ ചിത്രം കേസിൽ നിർണായക തെളിവായി മാറി. 86 കുറ്റങ്ങൾ ചുമത്തി കസബിനെ വിചാരണ ചെയ്തു. കസബിന് 2010 മേയ് ആറ് വിചാരണക്കോടതി വിധിച്ച വധശിക്ഷ 2011 ഫെബ്രുവരി 21ന് ഹൈക്കോടതിയും തുടർന്ന് 2012 ഓഗസ്‌റ്റ് 29ന് സുപ്രീംകോടതിയും ശരിവച്ചു.
ദയാഹർജി 2012 നവംബർ അഞ്ചിന് രാഷ്‌ട്രപതി തള്ളിയതോടെ, മുംബൈയിലെ ആർതർ റോഡ് ജയിലിൽ പാർപ്പിച്ചിരുന്ന കസബിനെ ഏതാനും ദിവസങ്ങൾക്കുള്ളിൽ പുണെ യേർവാഡ സെൻട്രൽ ജയിലിലേക്കു മാറ്റി. 2012 നവംബർ 21ന് കസബിനെ തൂക്കിലേറ്റി. അജ്മൽ കസബിനെ പിടികൂടാനായതുവഴി ആക്രമണത്തിനു പിന്നിലെ പാക്കിസ്ഥാന്റെ പങ്ക് തെളിയിക്കാൻ ഇന്ത്യയ്ക്കു കഴിഞ്ഞു. മുംബൈയെ കുരുതിക്കളമാക്കിയ ഭീകരാക്രമണത്തിന്റെ ഓർമകളുണർത്തി പലയിടങ്ങളിലും വെടിയുണ്ടയുടെ പാടുകൾ ഇന്നും അവശേഷിക്കുന്നു.
ആ ഭീകര നിമിഷങ്ങളുടെ മായാത്ത ഓർമകളുമായി കഴിയുന്നവരും ഒട്ടേറെയാണ്. പതിയെ നഗരം സാധാരണ ജീവിതത്തിലേക്കു മടങ്ങിയെങ്കിലും ആ ദിനങ്ങൾ ഇന്നും രാജ്യത്തിന് നടുക്കുന്ന ഓർമയാണ്. ഭീകരാക്രമണത്തിന്റെ വാർഷികത്തോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ അനുസ്മരണ പരിപാടികൾ നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.