ആലപ്പുഴ; ചേർത്തല വാരനാട്ട് നാലംഗ സംഘം വീടുകയറി നടത്തിയ ആക്രമണത്തിൽ അമ്മയും മക്കളും ഉൾപ്പെടെ നാലു പേർക്കും ആക്രമിക്കാനെത്തിയ സംഘത്തിലുണ്ടായിരുന്ന 17 വയസ്സുകാരനുൾപ്പെടെ രണ്ടു പേർക്കും വെട്ടേറ്റു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം.
മുൻ വൈരാഗ്യവും യുവാക്കൾ തമ്മിലുണ്ടായ തർക്കവുമാണു ആക്രമണത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. തണ്ണീർമുക്കം പഞ്ചായത്ത് 23–ാം വാർഡ് വാരനാട് പിഷാരത്ത് ആനന്ദവല്ലി (65) മക്കളായ സുധി രാജ്(42), ആനന്ദരാജ്(40), അജയ് രാജ്(36)എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്.ആനന്ദവല്ലിക്കും അജയ്‌രാജിനും പരുക്ക് ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമിക്കാൻ എത്തിയ സംഘത്തിലെ ചെങ്ങണ്ട പുതുവൽ നികർത്ത് അഭിമന്യു (23)വിനും ചെങ്ങണ്ട സ്വദേശിയായ 17 വയസ്സുകാരനുമാണ് വെട്ടേറ്റത്.
ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുചക്ര വാഹനത്തിലെത്തിയ സംഘം വീട്ടിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അജയ്‌രാജിനെ ആദ്യം വടിവാളുകൊണ്ടു വെട്ടിപ്പരുക്കേൽപിച്ചെന്നു പൊലീസിനു നൽകിയ മൊഴിയിലുണ്ട്. തടയാനെത്തിയ ആനന്ദവല്ലിയെയും അവരുടെ മറ്റ് മക്കളെയും തുടർന്ന് ആക്രമിച്ചു.അഭിമന്യു ഉൾപ്പെടെ രണ്ടുപേരെ സുധി രാജും ആനന്ദരാജും ചേർന്ന് വീട്ടിലെ മുറിയിൽ പൂട്ടിയിട്ടു.
പിന്നീട് ചേർത്തലയിൽ നിന്ന് പൊലീസെത്തിയാണ് ഇവരെ മുറിതുറന്ന് വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റിയത്. വീട്ടിലുണ്ടായിരുന്ന കാറും സംഘം തകർത്തു. വീട്ടിൽ നിന്നും ചോര പുരണ്ട വസ്ത്രങ്ങളും ആയുധങ്ങളും പൊലീസ് കണ്ടെത്തി. ആക്രമിക്കാനെത്തിയ സംഘത്തിലെ രണ്ടുപേർ സംഭവ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ഇവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാവിലെ നഗരത്തിലെ കടയിൽ വച്ചുണ്ടായ തർക്കത്തെത്തുടർന്ന് അഭിമന്യുവിനു മർദനമേറ്റിരുന്നു.
ഇതിന്റെ പ്രതികാരമായാണ് നാലംഗ സംഘം വീടുകയറി ആക്രമിച്ചതെന്നാണു പൊലീസ് പറയുന്നത്. അഭിമന്യുവും സുധിരാജും പല കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. ഇതിനു മുൻപും യുവാക്കൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ചേർത്തല എഎസ്പി: ഹരീഷ് ജെയിൻ, ചേർത്തല ഇൻസ്പെക്ടർ ജി.അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.