കല്‍പറ്റ: ഒരിക്കലും ഒഴിഞ്ഞുപോകാത്ത ഓർമ്മകളുടെ ഭാരവുമായി നില്‍ക്കുമ്പോഴാണ് ഷൈജ ബേബിയുടെ കൈകളിലേക്ക് സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്കാരങ്ങളിലൊന്നായ 'കേരളശ്രീ' എത്തുന്നത്.
ആ നിമിഷം മനസ്സില്‍ മുണ്ടക്കൈയും മേപ്പാടിയിലെ മോർച്ചറിയും മിന്നിമറഞ്ഞു. പ്രിയപ്പെട്ടവർ കൂടെയില്ലെന്ന ഓർമ്മയില്‍ ഉള്ളുലഞ്ഞുപോയി.പുരസ്കാരത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ ഷൈജയുടെ വാക്കുകളില്‍ നിറയെ വിടപറഞ്ഞവരായിരുന്നു, മുണ്ടക്കൈയുടെ ശൂന്യതയായിരുന്നു, മോർച്ചറിയിലെ നിർവികാരതയായിരുന്നു.
കുടുംബത്തിലെ ഒൻപതു പേരെ ഉരുളെടുത്തതിന്റെ വേദനയിലും 11 ദിനരാത്രങ്ങള്‍ മേപ്പാടി കുടുംബാരോഗ്യകേന്ദ്രത്തിലെ മോർച്ചറിയില്‍ ചിന്നിച്ചിതറിയ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയും അവരെ തിരിച്ചറിഞ്ഞും പ്രതിബദ്ധത കൈവിടാതെ പ്രവർത്തിച്ചതിനാണ് ഷൈജയെ തേടി കേരളശ്രീ പുരസ്കാരമെത്തിയത്.
ഉരുള്‍പൊട്ടല്‍ ഉണ്ടായ ദിവസം അതിരാവിലെയെത്തിയ ഷൈജ തുടർച്ചയായി 11 ദിവസം മോർച്ചറിയില്‍ തന്നെ സേവനമനുഷ്ഠിച്ചു. മുണ്ടക്കൈയിലെ മുൻ വാർഡംഗവും മേപ്പാടി പഞ്ചായത്ത് മുൻവൈസ് പ്രസിഡന്റുമായിരുന്ന, 16 വർഷമായി ആശാപ്രവർത്തകയുമായ ഷൈജയ്ക്ക് ആ മുഖങ്ങളൊക്കെയും സുപരിചിതമായിരുന്നു.
ഉറ്റവരുടെ ജീവനറ്റ ശരീരങ്ങള്‍ ഏറ്റുവാങ്ങിയപ്പോള്‍ ഉള്ളുപൊട്ടുന്ന വേദനയായിരുന്നു. എങ്കിലും പിടിച്ചുനിന്നു. ''തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ക്ക് കൈമാറണം എന്റെ പ്രിയപ്പെട്ടവർക്കായി എനിക്ക് അവസാനമായി ചെയ്യാൻ അതേ ബാക്കിയുണ്ടായിരുന്നുള്ളൂ.'' -ഷൈജ പറഞ്ഞു.
ചൂരല്‍മലയിലെ മുൻ വാർഡംഗമായിരുന്ന സീനത്തും ഷൈജയ്ക്കൊപ്പം മോർച്ചറയില്‍ സേവനത്തിനുണ്ടായിരുന്നു.
വാക്കുകള്‍ക്കതീതമായ ആത്മബന്ധം
എന്റെ വീട്ടുകാർ, പ്രിയപ്പെട്ടവർ എന്നാണ് ഷൈജ നാട്ടുകാരെക്കുറിച്ച് പറയുന്നതുതന്നെ. ആ ആത്മബന്ധമാണ് മോർച്ചറിയില്‍ പിടിച്ചു നില്‍ക്കാൻ കാരണമായത്.
പ്രിയപ്പെട്ടവരുടെ മൃതദേഹത്തിനായി ബന്ധുക്കളുടെ കാത്തുനില്‍പ്പ്, അന്വേഷിച്ചുള്ള ഫോണ്‍ വിളികള്‍, മൃതദേഹം കിട്ടി ആളെ തിരിച്ചറിഞ്ഞാല്‍ ഉറ്റവരുടെ മുഖത്ത് തെളിയുന്ന ആശ്വാസം, മൃതദേഹം കിട്ടിയില്ലെങ്കില്‍ ഉണ്ടാകുന്ന നിരാശ. 11 ദിവസങ്ങള്‍ കടന്നു പോയതിനെക്കുറിച്ച് ഷൈജ വിവരിച്ചു.
മുണ്ടക്കൈയില്‍ വാടക വീട്ടിലായിരുന്നു ഷൈജ മുൻപ് താമസിച്ചിരുന്നത്. 2020-ലെ ഉരുള്‍പൊട്ടല്‍ കാരണവും ചൂരല്‍മലയില്‍ പുതിയ വീട് നിർമിക്കുന്നതിനാലും മേപ്പാടിയിലെ വാടകവീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ചൂരല്‍മലയില്‍ നിർമാണത്തിലിരിക്കുന്ന വീടും ഉരുളെടുത്തുപോയി.
അവാർഡില്‍ ആഹ്ലാദമില്ല, പ്രചോദനമാകട്ടെ
കേരളശ്രീ പോലൊരു അംഗീകാരം ഒരിക്കല്‍ പോലും പ്രതീക്ഷിച്ചില്ലെന്നും പ്രിയപ്പെട്ടവരുടെ വിയോഗത്തിനിടയ്ക്ക് അവാർഡില്‍ സന്തോഷിക്കുന്നില്ലെന്നും പ്രതിസന്ധി ഘട്ടങ്ങളില്‍ മാറി നില്‍ക്കാതെ സ്ത്രീകള്‍ക്ക് മുന്നോട്ടുവരാൻ തനിക്ക് കിട്ടിയ പുരസ്കാരം പ്രചോദനമാകുമെങ്കില്‍ അതാണ് സന്തോഷമെന്നും ഷൈജ പറഞ്ഞു.
പുരസ്കാരത്തിനു പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജ് ഷൈജയെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചു. നിലവില്‍ കോട്ടനാടാണ് ഷൈജ ആശ പ്രവർത്തകയായി സേവനമനുഷ്ഠിക്കുന്നത്.ആളൊഴിഞ്ഞു പോയെങ്കിലും ഇപ്പോഴും മുണ്ടക്കൈയില്‍ പോയി മടങ്ങാറുണ്ടെന്നും ഷൈജ പറഞ്ഞു. പരേതനായ ബേബിയാണ് ഭർത്താവ്. വിബിന, ഷെബിൻ എന്നിവർ മക്കളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.