മേപ്പാടി: മേപ്പാടി ടൗണില്‍ നൗഫല്‍ ഒരു സ്നേഹക്കട തുറന്നു. നടുക്കുന്ന ഓർമ്മകളെ ചേർത്തുവെച്ച് അതിനൊരു പേരുമിട്ടു -'ജൂലായ് 30'.
പ്രകൃതി താണ്ഡവമാടിയ ജൂലായ് 30-ലെ ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തിന്റെ കയ്പ്പുറ്റ ഓർമ്മകളുടെ ശക്തിയില്‍ നൗഫല്‍ ഉയർത്തിയത് അതിജീവനത്തിന്റെ ഷട്ടർ. 'എന്റെ കടയ്ക്ക് ഇതല്ലാതെ മറ്റൊരു പേരും ചേരില്ല..."-ഇടറുന്ന ശബ്ദത്തെ മെരുക്കി, നൗഫല്‍ പറയുന്നു.ഗള്‍ഫിലെ ജോലിസ്ഥലത്തേക്ക് വിളിക്കുമ്പോള്‍ എത്രയും പെട്ടെന്ന് നിർത്തിപ്പോരണമെന്നേ ഭാര്യ സജ്നയ്ക്ക് പറയാനുണ്ടായിരുന്നുള്ളൂ... ഇവിടെ ബേക്കറി തുടങ്ങാം, ഒരുമിച്ച് ജീവിക്കാമെന്നായിരുന്നു പറയാറ്. ഇപ്പോ ബേക്കറിയായപ്പോള്‍..."-നൗഫലിന്റെ വാക്കുകള്‍ മുറിയുന്നു.
ഉരുള്‍ദുരന്തമറിഞ്ഞ് ഒമാനില്‍നിന്നെത്തുമ്പോള്‍ കളത്തിങ്കല്‍ നൗഫലിനെ സ്വീകരിക്കാൻ ഭാര്യയും മക്കളും മാതാപിതാക്കളും സഹോദരനും കുടുംബവുമൊന്നുമുണ്ടായിരുന്നില്ല. കുടുംബത്തിലെ 11 പേരെയാണ് ഉരുളെടുത്തത്. നാടും വീടും കൂട്ടുകാരെയും ഉരുളെടുത്തു. മുണ്ടക്കൈയില്‍ വീടിരുന്നിടത്ത് അവശേഷിച്ചത് വലിയ പാറക്കല്ലുമാത്രം...
വേദനകളൊന്നും ഒരിക്കലും മായില്ലെങ്കിലും നാലുമാസങ്ങള്‍ക്കിപ്പുറം നൗഫല്‍ അതിജീവനത്തിന്റെ പാതയിലാണ്. കടയുടെ പേരെഴുതിയ ബോർഡില്‍ 'ആഫ്റ്റർ' എന്ന് ഇംഗ്ലീഷിലെഴുതിയ ആവിപറക്കുന്ന കാപ്പിക്കപ്പും മലമുകളിലുദിക്കുന്ന സൂര്യനും ചേർത്തുവെച്ചിട്ടുണ്ട്. 'കാപ്പിക്കപ്പും സൂര്യനുമൊക്കെ എൻറെ അതിജീവനത്തിൻറെ പ്രതീക്ഷകളാണ്..."-നൗഫല്‍ പറഞ്ഞു.കേരള നദ്വത്തുല്‍ മുജാഹിദീൻ (കെ.എൻ.എം.) ആണ് നൗഫലിനായി ബേക്കറിയൊരുക്കിയത്. 'ഉപജീവനത്തിനായി എന്തുതുടങ്ങുമെന്ന് കെ.എൻ.എം. അധികൃതർ ചോദിച്ചപ്പോള്‍ ബേക്കറി എന്നല്ലാതെ മറ്റൊരു ഉത്തരം എനിക്കുണ്ടായില്ല. ഞങ്ങളുടെ ആഗ്രഹങ്ങളും എന്റെ ഓർമ്മകളും... അങ്ങനെയെല്ലാമാണ് ഈ സ്ഥാപനം' -നൗഫല്‍ പറഞ്ഞു.
മാഞ്ഞുപോകാത്ത മുണ്ടക്കൈ
മേപ്പാടി-തൊള്ളായിരംകണ്ടി റോഡിലാണ് 'ജൂലായ് 30 റെസ്റ്റോറന്റ് ആൻഡ് ബേക്സ്'. കട തുറന്നതറിഞ്ഞ് എത്തിയവരെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു നൗഫലും സുഹൃത്തുക്കളായ ഷഫീഖ് മുഹമ്മദും ഷാഫിയും നൗഷാദും സെയ്ഫുദ്ദീനുമെല്ലാം. ബാല്യകാലസുഹൃത്തായ ഷഫീഖ് മുഹമ്മദാണ് ബേക്കറിനടത്തിപ്പിലും നൗഫലിന് കൂട്ടായുള്ളത്.
കടയ്ക്കുള്ളില്‍ കയറിയാല്‍ മാഞ്ഞുപോകാത്തൊരു മുണ്ടക്കൈ അങ്ങാടിയെയും കാണാം. ചായങ്ങള്‍ ചാലിച്ചു വരച്ച പച്ചവിരിച്ച പഴയ മുണ്ടക്കൈ. ഓർമ്മകളില്‍ മാത്രമുള്ള മുണ്ടക്കൈ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.