കല്പറ്റ: വയനാട്ടിലെ 900 കണ്ടി സന്ദർശിച്ച ചലച്ചിത്രതാരം ടൊവിനോ തോമസ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിന് താഴെ കമന്റ് ചെയ്ത് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്.
രണ്ടുദിവസം മുമ്പാണ് ടൊവിനോ 900 കണ്ടിയിലെ ചില്ലുപാലത്തില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റിന് താഴെ കഴിഞ്ഞ ദിവസമാണ് റിയാസ് കമന്റ് ചെയ്തത്.'നമ്മളിവിടെയൊക്കെ ഉണ്ട് ട്ടോ' എന്നതിനൊപ്പം വയനാട്, എന്റെ കേരളം എന്നും സുന്ദരം എന്നീ ടാഗുകളും ചേർത്താണ് മന്ത്രിയുടെ കമന്റ്.
കഴിഞ്ഞ ദിവസങ്ങളിലായി നടൻ വയനാട്ടിലെ ചില സ്ഥലങ്ങളില്‍ സന്ദർശനം നടത്തിയതിന്റെ ചിത്രങ്ങളും ട്രക്കിങ് വീഡിയോകളും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു.
900 കണ്ടി
വയനാട്ടിലെ ഒരു സ്വകാര്യ എസ്റ്റേറ്റാണ് 900 കണ്ടി. ജില്ലയിലെ തന്നെ അപൂർവമായുള്ള കൂറ്റൻ പൈൻമരങ്ങള്‍ക്കിടയിലൂടെ വലിയ മലകളും കുന്നുകളുമാണ് 900 കണ്ടിയുടെ കാഴ്ച. 900 കണ്ടി വിസ്തൃതിയുള്ള ഒറ്റ പ്ലോട്ടില്‍ ബ്രിട്ടീഷുകാർ നട്ടുവളർത്തിയതാണ് ഈ മരങ്ങള്‍.
വളവുകളും കയറ്റങ്ങളും കാല്‍നടയായി പിന്നിട്ടും ബുള്ളറ്റുകളിലും ജീപ്പുകളിലുമെല്ലാമായി യഥേഷ്ടം ട്രക്കിങ്ങ് നടത്താനുള്ള സൗകര്യമാണ് പ്രധാനമായും ഇവിടെയുള്ളത്. മഴക്കാലത്ത് മഴ നനഞ്ഞുള്ള ഒരു ട്രക്കിങ്ങ് അനുഭവം വേറിട്ടതാണ്.
കേരളത്തിലെ നീളംകൂടിയ ചില്ലുപാലമാണ് ഇവിടുത്തേത്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഗ്ലാസ് ബ്രിഡ്ജ് എന്ന വിശേഷണമാണ് 900 കണ്ടിയിലേതെന്നാണ് ഇതിന്റെ ഉടമകള്‍ നല്‍കുന്ന വിശദീകരണം.
ചൈനയിലെ ഹുനാൻ പ്രവശ്യയിലെ ഷാങ്ജിയായിലുള്ള അവതാർ കുന്നിലാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലം നിർമ്മിച്ചിട്ടുള്ളത്. ഇതിന്റെ ഏറ്റവും ചെറിയ ഒരു മാതൃകയാണ് 900 കണ്ടിയിലുള്ളത്.
ഏതാനും മീറ്റർ ദൂരത്തില്‍ മാത്രം നടക്കാൻ പറ്റുന്ന ചെറിയ പാലം. ഇറ്റലിയില്‍ നിന്ന് എത്തിച്ച ഗ്ലാസ്സുകൊണ്ട് നൂറിലധികം അടി ഉയരത്തിലാണ് ഈ പാലം ഇരുമ്പ് തൂണുകളില്‍ ഉയർത്തി നിർത്തിയിട്ടുള്ളത്. ഗ്ലാസ് ബ്രിഡ്ജില്‍ കയറാൻ ഒരാള്‍ക്ക് 200 രൂപയാണ് ടിക്കറ്റ് നിരക്ക്.
കാറിലും മറ്റും എത്തുന്ന സഞ്ചാരികള്‍ക്ക് 900 കണ്ടിയിലെ മലകയറ്റം ദുഷ്കരമായിരിക്കും. ഇതിനായി ജീപ്പുകള്‍ സർവീസ് നടത്തുന്നുണ്ട്. ഏഴുപേരടങ്ങുന്ന സംഘത്തിന് 1200 രൂപ നല്‍കി ജീപ്പില്‍ മലകയറാം.
ബോട്ടിങ്, കുട്ടികളുടെ പാർക്ക്, സ്കൈവാക്ക്, റൈഫിള്‍ ഷൂട്ടിങ്, ആർച്ചറി, ഗുഹ സന്ദർശനം എന്നിവയും 900 കണ്ടി ഇക്കോ പാർക്കിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.