മരിച്ചുപോയ അച്ഛന്റെ മൃതദേഹം നാല് വർഷമായി ഫ്രീസറില്‍ സൂക്ഷിച്ച മകൻ അറസ്റ്റില്‍. ഞെട്ടിക്കുന്ന സംഭവം നടന്നത് അരിസോണയിലാണ്. ജോസഫ് ഹില്‍ ജൂനിയർ എന്ന 51 -കാരനെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു.
മൃതദേഹം വീട്ടുമുറ്റത്ത് ഒളിപ്പിച്ചതും മരണം റിപ്പോർട്ട് ചെയ്യാത്തതുമടക്കം കുറ്റങ്ങള്‍ ഇയാളുടെ മേല്‍ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് ജോസഫ് ഹില്ലിനെ അറസ്റ്റ് ചെയ്തത്. വീടിന്റെ മുറ്റത്തായിട്ടാണ് മൃതദേഹം സൂക്ഷിച്ചിരുന്ന ഫ്രീസർ വച്ചിരുന്നത്. അത് പ്രവർത്തിപ്പിച്ചിരുന്നില്ല. മൃതദേഹം ഫ്രീസറില്‍ വച്ചശേഷം അത് ടാർപോളിനും പുതപ്പും കൊണ്ട് മൂടുകയായിരുന്നു ജോസഫ് ചെയ്തിരുന്നത്.25,000 ഡോളറിൻ്റെ ബോണ്ട് ആണ് ജോസഫിന്റെ മോചനത്തിന് വേണ്ടത്. നവംബർ നാലിന് കേസില്‍ ആദ്യത്തെ വാദം കേള്‍ക്കും.
നാല് വർഷം മുമ്പാണ് ജോസഫ് ഹില്ലിന്റെ പിതാവ് ജോസഫ് ഹില്‍ സീനിയർ മരണപ്പെട്ടത്. പിറ്റേന്ന് തന്നെ ജോസഫ് ഹില്‍ ഒരു ഫ്രീസർ വാങ്ങുകയായിരുന്നു. താൻ അരിസോണയിലെ സ്ട്രോബെറിയില്‍ വാങ്ങിയ സ്ഥലത്ത് പിന്നീട് അച്ഛനെ അടക്കാം എന്നാണത്രെ ഇയാള്‍ കരുതിയിരുന്നത്. എന്നാല്‍, അവിടെ അയാള്‍ക്ക് വീട് പണിത് മാറാൻ സാധിച്ചില്ല.
പിന്നീട്, അച്ഛന്റെ മൃതദേഹം പലതവണ മരുഭൂമിയില്‍ കൊണ്ട് മറവുചെയ്യാൻ താൻ ശ്രമിച്ചിരുന്നു, എന്നാല്‍ അതിന് സാധിച്ചില്ല എന്നാണ് ഇയാള്‍ പറയുന്നത്. അവിടെ എപ്പോഴും ആളുകളായിരുന്നു, അതിനാലാണ് തനിക്ക് അത് സാധിക്കാതിരുന്നത് എന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞത്രെ.
ഈ താമസിക്കുന്ന വീട് പിതാവിന്റെ പേരിലുള്ളതാണ്. ആ വീട് നഷ്ടപ്പെട്ട് പോകാതിരിക്കാനാണത്രെ പിതാവിന്റെ മരണം ഇയാള്‍ റിപ്പോർട്ട് ചെയ്യാതിരുന്നത്. മാത്രമല്ല, അച്ഛന്റെ പേരില്‍ 2023 മാർച്ച് മാസം വരെ ഇയാള്‍ സോഷ്യല്‍ സെക്യൂരിറ്റിയില്‍ നിന്നുള്ള ആനുകൂല്യം കൈപ്പറ്റിയിരുന്നു എന്നും റിപ്പോർട്ടുകള്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.